പണമിറക്കിയ മുതലാളിക്ക് മുന്നിൽ ചോദ്യം ചെയ്യപ്പെടാനുള്ളവരാണോ കായികതാരങ്ങൾ?
കെ.എൽ രാഹുൽ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനല്ല. അയാളൊരു കായിക താരമാണ്. ഒരു അന്താരാഷ്ട്ര ക്രിക്കറ്ററാണ്. കുട്ടിക്കാലം മുതൽ നിരന്തരമായുള്ള പരിശീലനങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും രാകിമിനുക്കിയെടുത്ത ബാറ്റിങ്ങും കീപ്പിങ്ങുമാണ് അയാളുടെ ഇൻവെസ്റ്റ്മെന്റ്. അയാൾ എങ്ങനെ വേണമെങ്കിലും കളിച്ചോട്ടെ, അയാൾ എത്ര മോശം ഫോമിലും ആയിക്കൊള്ളട്ടെ. പക്ഷേ പണമിറക്കിയ മുതലാളിക്ക് മുന്നിൽ ഗ്രൗണ്ടിൽ ചോദ്യം ചെയ്യപ്പെടാനുള്ളതല്ല അയാളുടെ ആത്മാഭിമാനം.
തീർച്ചയായും ഐ.പി.എൽ നിയന്ത്രിക്കുന്നത് പണമിറക്കുന്ന കോർപ്പറേറ്റുകളാണ്. പക്ഷേ എത്രതന്നെ കച്ചവടമാക്കിയാലും അടിസ്ഥാനമായി അവിടെ നടക്കുന്നത് ഒരു കായിക മത്സമാണ്. അതുകൊണ്ടുതന്നെയാണ്, അതല്ലെങ്കിൽ അതുകൊണ്ട് മാത്രമാണ് ഗാലറികൾ നിറയുന്നത്. ടി.വി ബ്രോഡ്കാസ്റ്റുകളിലൂടെ കോടികൾ കുമിഞ്ഞുകൂടുന്നതും അതുകൊണ്ടാണ്.
സൺറൈസേഴ്സ് ഹൈദരാബാദും ലഖ്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിന് പിന്നാലെ പുറത്തുവന്ന ഒരു വിഡിയോയാണ് ഇത്രയും പറയാൻ കാരണം. തോൽവിക്ക് പിന്നാലെ ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക മൈതാനത്ത് വെച്ചുതന്നെ ക്യാപ്റ്റൻ രാഹുലിനോട് ദേഷ്യപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ക്ഷുഭിതനായ ഗോയങ്കക്ക് മുന്നിൽ വാക്കുകളില്ലാതെ നിൽക്കുന്ന കെ.എൽ രാഹുലെന്ന ക്രിക്കറ്ററെ വിഡിയോയിൽ കാണാം.
വിഡിയോയിൽ തന്നെയുള്ള കമന്ററിയിൽ മുൻ ദക്ഷിണാഫ്രിക്കൻ താരം കൂടിയായ ഗ്രെയിം സ്മിത്ത് പറയുന്നതിങ്ങനെ: ‘‘ഒരു ഉടമ തീർച്ചയായും അയാളുടെ ടീമിനെക്കുറിച്ച് വളരെ പാഷനേറ്റ് ആയിരിക്കും. ടീം തോറ്റത് അയാളെ വികാരഭരിതനുമാക്കിയിരിക്കാം. പക്ഷേ സംഭാഷണങ്ങൾ നടക്കേണ്ടത് അടച്ചിട്ട മുറികളിലാണ്. ഗ്രൗണ്ടിൽ ഒരുപാട് ക്യാമറകളുണ്ടെന്നും അവർ ഒരു ദൃശ്യവും മിസ്സാക്കില്ലെന്നും മനസ്സിലാക്കണം. മുതലാളിയുടെ പൊട്ടിത്തെറിയോട് രാഹുൽ വളരെ കൂളായാണ് റിയാക്ട് ചെയ്യുന്നത്’’.
രാഹുലിനോടുള്ള ഈ പ്രവർത്തി ക്രിക്കറ്റ് ആരാധകരെ വല്ലാതെ ക്ഷുഭിതരാക്കിയിട്ടുണ്ട്. ആത്മാഭിമാനം ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ രാഹുൽ ലഖ്നൗ ടീം വിട്ടുപോരണമെന്ന രീതിയിൽ നിരവധി ട്വീറ്റുകളാണ് പ്രവഹിക്കുന്നത്. രാഹുൽ തന്റെ തട്ടകമായ ആർ.സി.ബിയിലേക്ക് മടങ്ങിവരണമെന്നും കപ്പൊന്നുമില്ലെങ്കിലും ഇങ്ങനെ അവഹേളനങ്ങൾ സഹിക്കേണ്ടിവരില്ലെന്നും ചില ട്വീറ്റുകൾ പറയുന്നു. അമ്പയറുടെ തീരുമാനത്തോട് വിയോജിച്ച സഞ്ജുവിനോട് കയറിപ്പോകാൻ ആംഗ്യം കാണിച്ച ഡൽഹി കാപ്പിറ്റൽസ് ഉടമ പാർഥ് ജിൻഡാലിന്റെ നടപടി വലിയ ആരാധക രോഷം സൃഷ്ടിച്ചതിന് പിന്നാലെയാണ് മറ്റൊരു വിവാദം. കളി സ്പോർട്സ്മാൻ സ്പിരിറ്റിലെടുക്കാനറിയാത്ത മുതലാളിമാർ ഐ.പി.എല്ലിൽ ടീമിനെ ഇറക്കരുതെന്നും ചിലർ ഓർമിപ്പിക്കുന്നു. ഗോയങ്കയുടെ ഐ.പി.എൽ ഇടപെടലുകൾ വിവാദമാകുന്നത് ഇതാദ്യമായല്ല. 2017ൽ സൈിങ് പുനെ സൂപ്പർ ജയന്റ്സ് നായകസ്ഥാനത്ത് നിന്നും സാക്ഷാൽ ധോണിയെ മാറ്റി സ്റ്റീവ്സ്മിത്തിന് ചുമതല നൽകിയ ഗോയങ്കയുടെ തീരുമാനത്തിരെ വലിയ വിമർശനങ്ങളുയർന്നിരുന്നു. മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയക്കും എന്തും പറയാമെന്നും എല്ലാ തീരുമാനങ്ങളും ജനപ്രിയം ആകണമെന്നില്ലെന്നുമാണ് ഗോയങ്ക അന്ന് പറഞ്ഞത്.
ടീം ഐ.പി.എല്ലിൽ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും രാഹുൽ വ്യക്തിപരമായി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. റൺസടിക്കുന്നുണ്ടെങ്കിലും സ്ട്രൈക്ക്േററ്റ് വല്ലാതെ കുറയുന്നത് കടുത്ത വിമർശനങ്ങളുണ്ടാക്കുന്നുണ്ട്. കോഹ്‍ലി രോഹിത് യുഗത്തിന് ശേഷം ഇന്ത്യൻ ടീമിലെ അവിഭാജ്യഘടകമാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന രാഹുൽ ട്വന്റി 20 ലോകകപ്പ് ടീമിൽ നിന്നും പുറത്തായത് വലിയ വാർത്തയായിരുന്നു.
പോയ രാത്രി ഹൈദരാബാദിലെ രാജിവ് ഗാന്ധി സ്റ്റേഡിയം കെ.എൽ രാഹുലിനെതിരെയുള്ള വിമർശനങ്ങൾക്ക് ഒന്നുകൂടി മൂർച്ചകൂട്ടി. 20 ഓവറിൽ ലഖ്നൗ തട്ടിമുട്ടിയുണ്ടാക്കിയ 165 റൺസ് ഹൈദരാബാദ് വെറും 9.4 ഓവറിൽ തീർത്തുകളഞ്ഞിരുന്നു. 22 പന്തിൽ 29 റൺസെടുത്ത് ബാറ്റിങ്ങിൽ പരാജയമായ രാഹുൽ ക്യാപ്റ്റനെന്ന നിലയിലും നിരായുധനായി. എനിക്ക് വാക്കുകൾ കിട്ടുന്നില്ലെന്നും ഈ മത്സരത്തിൽ ഞങ്ങൾ 240 റൺസെടുത്താൽ പോലും വിജയിക്കില്ലെന്നുമാണ് മത്സരത്തിന് പിന്നാലെ രാഹുൽ പ്രതികരിച്ചത്.
Adjust Story Font
16