അര ഡസൻ തോൽവിയുമായി മുംബൈ; ലക്‌നൗവിന്റ ജയം 18 റൺസിന്
വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് മൂന്നാം ഓവറിൽ തന്നെ 6 റൺസുമായി നായകൻ രോഹിതിനെ നഷ്ടമായി.
അഞ്ച് തവണ തോറ്റ് കപ്പടിക്കുന്ന ചരിത്രം മുംബൈ ഇന്ത്യൻസ് മറന്നെന്ന് തോന്നുന്നു. ഐപിഎൽ 15-ാം സീസണിൽ തുടർച്ചയായ ആറാം മത്സരവും തോറ്റിരിക്കുകയാണ് രോഹിതിന്റെ മുംബൈ ഇന്ത്യൻസ്. ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ 18 റൺസിനായിരുന്നു മുംബൈയുടെ തോൽവി.
ലക്‌നൗ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.
വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് മൂന്നാം ഓവറിൽ തന്നെ 6 റൺസുമായി നായകൻ രോഹിതിനെ നഷ്ടമായി. പിന്നാലെ വന്ന ഡിവാൾഡ് ബ്രെവിസ് തകർത്തടിച്ചെങ്കിലും 13 പന്തിൽ 31 റൺസുമായി അദ്ദേഹവും മടങ്ങി. മൂന്നു പന്തുകൾക്കപ്പുറം 13 റൺസ് മാത്രം നേടി ഇഷൻ കിഷനും മടങ്ങി. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവും തിലക് വർമയും നിലയുറപ്പിച്ച് കളിച്ച് പ്രതീക്ഷ നൽകിയെങ്കിലും സ്‌കോർ 121 ൽ നിൽക്കവേ 15-ാം ഓവറിൽ 26 റൺസുമായി തിലക് വർമയും തൊട്ടടുത്ത ഓവറിൽ 37 റൺസുമായി സൂര്യകുമാർ യാദവും മടങ്ങി.
പിന്നെ മുംബൈ ആരാധകരുടെ മുഴുവൻ പ്രതീക്ഷയും പൊള്ളാർഡിലേക്കായിരുന്നു. പക്ഷേ പഴയ ഫോമിന്റെ നിഴൽ പോലും കാണിക്കാത്ത പൊള്ളാർഡിന് സാധിക്കാവുന്ന ലക്ഷ്യമല്ലായിരുന്നു അത്.
ഇടക്ക് വന്ന ഫാബിയൻ അലൻ (8), ഉനദ്കട്ട് (14), മുരുഗൻ അശ്വിൻ (6) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ഒടുവിൽ 20-ാം ഓവറിലെ അഞ്ചാം പന്തിൽ 25 റൺസുമായി പൊള്ളാർഡ് വീഴുമ്പോഴേക്കും മുംബൈ അനിവാര്യമായി തോൽവിയിലേക്ക് വീണിരുന്നു. ബൂമ്രയും മിൽസും റൺസൊന്നും നേടാതെ പുറത്താകാതെ നിന്നു.
ലക്‌നൗവിന് വേണ്ടി ആവേശ് ഖാൻ 3 വിക്കറ്റും ഹോൾഡർ, ചമീര, സ്റ്റോനിസ്, രവി ബിഷ്‌ണോയി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്ത നായകൻ കെ.എൽ രാഹുലിന്റെ സെഞ്ച്വറി കരുത്തിലാണ് ലക്‌നൗ പടുകൂറ്റൻ സ്‌കോർ ഉയർത്തിയത്.
Adjust Story Font
16