'പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ട': വിനോദനികുതി കൂട്ടിയ നടപടി ന്യായീകരിച്ച് മന്ത്രി അബ്ദുറഹിമാൻ
'നികുതി കുറച്ചാലും ടിക്കറ്റ് വില കുറയില്ല, സംഘാടകർ അമിത ലാഭമെടുക്കുന്നത് തടയാനാണ് നികുതി കുറയ്ക്കാത്തത്,
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദനികുതി കുത്തനെ കൂട്ടിയ നടപടിയെ ന്യായീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ടെന്ന് അബ്ദുറഹിമാൻ പറഞ്ഞു.
'നികുതി കുറച്ചാലും ടിക്കറ്റ് വില കുറയില്ല, സംഘാടകർ അമിത ലാഭമെടുക്കുന്നത് തടയാനാണ് നികുതി കുറയ്ക്കാത്തത്, കഴിഞ്ഞ തവണ നികുതി കുറച്ചിട്ടും ടിക്കറ്റ് വില കുറഞ്ഞില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിനോദനികുതി കുത്തനെ കൂട്ടിയ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിനോദനികുതി കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തിയിരുന്നു.
ജിഎസ്ടിക്കു പുറമേ ചുമത്തുന്ന വിനോദ നികുതിയാണു സർക്കാർ ഉയർത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക മത്സരത്തിൽ 5% ആയിരുന്ന വിനോദ നികുതിയാണ് ഇത്തവണ സർക്കാർ 12% ആയി വർധിപ്പിച്ചത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തിൽ മാത്രം അധികം നൽകേണ്ടി വരും. 18% ജിഎസ്ടിക്കു പുറമേയാണിത്. ഇതുകൂടി ഉൾപ്പെടുമ്പോൾ ആകെ നികുതി 30% ആയി ഉയരും.
ഈ മാസം 15നാണ് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരം നടക്കുന്നത്. ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. ഉച്ചയ്ക്ക് 1:30 നാണ് മത്സരം ആരംഭിക്കുന്നത്.
Adjust Story Font
16