Quantcast

'ഇത് ഭിന്നതയല്ലെ': രോഹിത്-കോഹ്‌ലി ക്യാപ്റ്റൻസി വിവാദത്തിൽ പ്രതികരണവുമായി അസ്ഹറുദ്ദീൻ

കോഹ്‌ലിയുടേയും രോഹിത്തിന്റേയും ഇപ്പോഴത്തെ നീക്കം ഇരുവര്‍ക്കും ഇടയില്‍ അകല്‍ച്ച ഉണ്ടെന്ന വിലയിരുത്തലുകളെ ശക്തിപ്പെടുത്തുന്നതാണെന്നാണ് അസ്ഹറുദ്ദീന്‍ വ്യക്തമാക്കുന്നത്.

MediaOne Logo

Web Desk

  • Published:

    14 Dec 2021 1:26 PM GMT

ഇത് ഭിന്നതയല്ലെ: രോഹിത്-കോഹ്‌ലി ക്യാപ്റ്റൻസി വിവാദത്തിൽ പ്രതികരണവുമായി അസ്ഹറുദ്ദീൻ
X

ടീം ഇന്ത്യയുടെ മുതിർന്ന താരങ്ങളായ വിരാട് കോഹ് ലിയും രോഹിത് ശർമ്മയും തമ്മിൽ അടുത്തിടെയുണ്ടായ ക്യാപ്റ്റൻസി വിവാദത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ. കോഹ്‌ലിയുടേയും രോഹിത്തിന്റേയും ഇപ്പോഴത്തെ നീക്കം ഇരുവര്‍ക്കും ഇടയില്‍ അകല്‍ച്ച ഉണ്ടെന്ന വിലയിരുത്തലുകളെ ശക്തിപ്പെടുത്തുന്നതാണെന്നാണ് അസ്ഹറുദ്ദീന്‍ വ്യക്തമാക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിൽ നിന്ന് പരിക്കേറ്റ് രോഹിത് ശർമ്മ പുറത്തായതിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് കോഹ് ലി വിട്ടുനിൽക്കാനൊരുങ്ങുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു അസ്ഹറുദ്ദീന്റെ ട്വീറ്റ്. 'ഏകദിന പരമ്പരയ്ക്ക് താന്‍ ഉണ്ടാകില്ലെന്ന് വിരാട് കോലി അറിയിച്ചിട്ടുണ്ട്. ടെസ്റ്റില്‍ രോഹിത്തും കളിക്കുന്നില്ല. ബ്രേക്ക് എടുക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല, പക്ഷേ തെരഞ്ഞെടുത്ത സമയം ശരിയായില്ല. ഇപ്പോള്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഈ തീരുമാനം' അസ്ഹര്‍ ട്വീറ്റ് ചെയ്തു.

മകൾ വാമികയുടെ ജന്മദിനം ആഘോഷിക്കാനാണ് കോഹ്‍ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽനിന്ന് വിട്ടുനിൽക്കുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല.

2020 ജനുവരി 11നാണ് വാമിക ജനിച്ചത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം കുടുംബവുമായി അവധി ആഘോഷിക്കാനാണ് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്റെ പദ്ധതി. ഇന്ത്യന്‍ ഏകദിന ടീമിന്‍റെ നായകസ്ഥാനത്തുനിന്നും വിരാട് കോഹ്‍ലിയെ മാറ്റുകയും പകരം രോഹിത് ശര്‍മ്മയെ നിയോഗിക്കുകയുമാണ് ബിസിസിഐ ചെയ്തത്. ഇത് വന്‍വിവാദമാവുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതല്‍ ഏകദിന നായകസ്ഥാനം രോഹിത് വഹിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരുന്നത്. ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്‍ലി നായകസ്ഥാനമൊഴിഞ്ഞതിന് പിന്നാലെ രോഹിത് ടി20 ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു.

അതേസമയം വിരാട് കോഹ്‌ലി ഇടവേള ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല എന്ന നിലയിലാണ് ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത് ജനുവരി 19 മുതലാണ്. ആദ്യം ടെസ്റ്റ് പരമ്പരയാണ്.

TAGS :

Next Story