അഞ്ച് വിക്കറ്റ് അകലെ ഷമിയെ കാത്തിരിക്കുന്നതൊരു വമ്പൻ റെക്കോർഡ്
വെറും രണ്ട് മത്സരങ്ങൾക്കൊണ്ടാണ് ഏവരെയും ഞെട്ടിച്ച പ്രകടനം ഷമി പുറത്തെടുത്തത്
മുംബൈ: ഈ ലോകകപ്പിൽ ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് മത്സരങ്ങൾ മാത്രമെ ഷമി കളിച്ചിട്ടുള്ളൂ. നാല് മത്സരങ്ങളിൽ ബാറ്റിങിലെ പോരായ്മകൾ കൊണ്ട് താരം പുറത്തായിരുന്നു. എന്നാൽ ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഷമിക്ക് അവസരം ലഭിച്ചത്.
ആ രണ്ട് മത്സരങ്ങൾക്കുള്ളിൽ തന്നെ, താനൊരു ഒഴിവാക്കാനാകാത്ത കളിക്കാരനെന്ന് ഷമി തെളിയിച്ചു. ഈ രണ്ട് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയിരിക്കുന്നത്. ഇതിലൊരു അഞ്ച് വിക്കറ്റ് പ്രകടനവും വരും. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളർമാരിൽ ഷമി മൂന്നാമനായി. 40 വിക്കറ്റുകളാണ് ഷമിയുടെ പേരിലുള്ളത്. വെറും 13 മത്സങ്ങളിൽ നിന്നാണ് ഷമിയുടെ ഈ നേട്ടം.
44 വിക്കറ്റ് വീഴ്ത്തിയ സഹീർ ഖാനും ജവഗൽ ശ്രീനാഥുമാണ് ഈ നേട്ടം അലങ്കരിക്കുന്നത്. ശ്രീനാഥ് 34 മത്സരങ്ങളിൽ നിന്നാണ് അത്രയും വിക്കറ്റുകൾ വീഴ്ത്തിയത്. സഹീർഖാന്റെ നേട്ടം 23 മത്സരങ്ങളിൽ നിന്നായിരുന്നു. നാല് വിക്കറ്റ് കൂടി വീഴ്ത്താനായാൽ ഷമിക്ക് ഇവർക്കൊപ്പമെത്താം. അഞ്ച് വിക്കറ്റുകളാണെങ്കിൽ മുന്നിലെത്താം.
32 വിക്കറ്റുമായി ജസ്പ്രീത് ബുംറയാണ് ഈ പട്ടികയിലുള്ള മറ്റൊരു ബൗളർ. 31 വിക്കറ്റുമായി അനിൽ കുംബ്ലെ അഞ്ചാം സ്ഥാനത്തുണ്ട്. സെമിയിലെത്തും മുമ്പെ ഇന്ത്യക്കിന് മൂന്ന് മത്സരങ്ങൾ കൂടിയുണ്ട്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതർലാൻഡ് എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ. സെമി മുന്നിൽക്കണ്ട് വിശ്രമം അനുവദിച്ചില്ലെങ്കിൽ ഷമിക്ക് എളുപ്പത്തിൽ ഈ റെക്കോർഡിനൊപ്പമെത്താനോ മുന്നിലെത്താനോ ആകും.
മാരക ഫോമിൽ പന്തെറിയുന്ന ഷമിക്ക് ഈ ലോകകപ്പിൽ തന്നെ റെക്കോർഡ് സ്വന്തം പേരിലാക്കാം. ഇതുവര കളിച്ച രണ്ട് മത്സരങ്ങളിലും ഷമി വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. മറ്റു ബൗളർമാരെപ്പോലെ എളുപ്പത്തിൽ ഷമിയെ ബാറ്റർമാർക്ക് നേരിടാനാകുന്നില്ല. അതേസമയം ബുംറയും സിറാജും അടങ്ങുന്ന ഇന്ത്യയുടെ പേസ് നിരയും മികച്ച ഫോമിലാണ്.
Adjust Story Font
16