'പ്രാർത്ഥനകൾക്ക് നന്ദി'; വാഹനാപകടത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് മുഷീർ ഖാൻ
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിൽ കളിക്കുന്നതിനിടെയാണ് യുവ താരത്തിന് തിരിച്ചടി നേരിട്ടത്.
ലഖ്‌നൗ: വാഹനാപകടത്തിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണവുമായി യുവ ക്രിക്കറ്റർ മുഷീർ ഖാൻ. പിതാവിനൊപ്പമെത്തി ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയത്. '' പുതിയ ജീവിതത്തിന് ദൈവത്തിന് നന്ദി. സുഖം പ്രാപിച്ച് വരുന്നു. പിതാവും ഒപ്പമുണ്ട്. അദ്ദേഹവും സുഖം പ്രാപിച്ച് വരുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി''- വീഡിയോയിൽ മുഷീർ ഖാൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുംബൈ താരം മുഷീർ ഖാൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ഇറാനി കപ്പിനായി കാൺപൂരിൽ നിന്ന് ലഖ്നൗവിലേക്ക് സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്. താരത്തിന്റെ പിതാവും പരിശീലകനുമായ നൗഷാദ് ഖാനും മറ്റു രണ്ടുപേരും കാറിൽ ഒപ്പമുണ്ടായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ താരത്തെ ലഖ്‌നൗവിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനകൾക്കായി താരത്തെ മുംബൈയിലേക്ക് കൊണ്ടുപോയേക്കും. താരത്തിന് മൂന്ന് മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ ഒന്നിനാണ് ഇറാനി ട്രോഫി ആരംഭിക്കുന്നത്. ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരനാണ് മുഷീർ.
രഞ്ജി ട്രോഫിയിലെയും ഏതാനും മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കും. അജിൻക്യ രഹാനെ നയിക്കുന്ന മുംബൈ ടീമിന്റെ ഭാഗമായിരുന്നു മുഷീർ. ദുലീപ് ട്രോഫിയിൽ ഇന്ത്യ ബിയ്ക്ക് വേണ്ടി ഒരു സെഞ്ച്വറി മുഷീർ നേടിയിരുന്നു. സീനിയർ ടീമിലേക്ക് പരിഗണിക്കാനിരിക്കെയാണ് 19 കാരന് തിരിച്ചടി നേരിട്ടത്. വരാനിരിക്കുന്ന ഐപിഎൽ താരലേലത്തിൽ പ്രധാന ഫ്രാഞ്ചൈസികളും താരത്തെ നോട്ടമിട്ടിരുന്നു. കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ മുഷീർ ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്. ഏഴ് മത്സരങ്ങളിൽ നിന്നായി 360 റൺസ് നേടിയ താരം ടൂർണമെന്റിലെ ഉയർന്ന റൺവേട്ടക്കാരിൽ രണ്ടാമതായിരുന്നു.
Adjust Story Font
16