കോഹ്‌ലിയില്ല രോഹിത് ഇല്ല; ഹാർദികിന്റെ കീഴിൽ പുതിയ ടി20 ടീമുമായി ഇന്ത്യ, സഞ്ജുവിന് അവസരം
പുതുതായി സെലക്ടറായി നിയമിതനായ അജിത് അഗാർക്കറിന്റെ കീഴിലാണ് ബി.സി.സി.ഐ പുതിയ ടീമിനെ തെരഞ്ഞെടുത്തത്.
ഹാര്‍ദിക് പാണ്ഡ്യ- യശ്വസി ജയ്സ്വാള്‍- സഞ്ജു സാംസണ്‍
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർ ഇല്ലാത്ത ടി20 ടീമിൽ യുവതാരങ്ങളായ യശ്വസി ജയ്‌സ്വാൾ, തിലക് വർമ്മ എന്നിവർക്ക് അവസരം ലഭിച്ചു. മലയാളി താരം സഞ്ജു വി സാംസണും ടീമിൽ ഇടം നേടി. ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. സൂര്യകുമാർ യാദവാണ് ഉപനായകൻ. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.
വിൻഡീസിനെതിരെ തന്നെ ടെസ്റ്റ്- ഏകദിന മത്സരങ്ങൾ കൂടി പരമ്പരയിൽ ഉണ്ട്. അതിൽ കോഹ്ലിയും രോഹിത് ശർമ്മയും ഭാഗമാണ്. പുതുതായി സെലക്ടറായി നിയമിതനായ അജിത് അഗാർക്കറിന്റെ കീഴിലാണ് ബി.സി.സി.ഐ പുതിയ ടീമിനെ തെരഞ്ഞെടുത്തത്. ചൊവ്വാഴ്ചയാണ് അഗാർക്കറിനെ ചീഫ് സെലക്ടറായി നിയമിച്ചത്. മുംബൈ ഇന്ത്യൻസ് നിരയിലെ ശ്രദ്ധേയ സാന്നിധ്യമാണ് തിലക് വർമ്മ. കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്നായി 47 മത്സരങ്ങളാണ് താരം കളിച്ചത്. 142ന് മുകളിലാണ് സ്‌ട്രൈക്ക് റേറ്റ്. അഞ്ചാം നമ്പറിൽ ഇറങ്ങി വമ്പൻ ഹിറ്റുകൾ പായിക്കുന്നതിൽ മിടുക്കനാണ് തിലക് വർമ്മ.
രാജസ്ഥാന് വേണ്ടി കണ്ണഞ്ചിപ്പിക്കുന്ന ഫോമിലായിരുന്നു യശ്വസി ജയ്‌സ്വാൾ. ഓപ്പണറായി എത്തിയ അദ്ദേഹത്തിന്റെ ഇന്നിങ്‌സുകൾ മികച്ചതായിരുന്നു. ജയ്‌സ്വാളിനെ ടെസ്റ്റ് ടീമിലും ഉൾപ്പെടുത്തിയിരുന്നു. ജയ്‌സ്വാളിനെക്കൂടാതെ ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ എന്നിവരും ഓപ്പണർമാരായി ടീമിലുണ്ട്. വിക്കറ്റ് കീപ്പർ റോളിലേക്കാണ് സഞ്ജു എത്തുന്നത്. ഇവിടെക്ക് കിഷനെയും പരിഗണിക്കാം. സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയുമാണ് ടീമിലെ മുതിർന്ന അംഗങ്ങൾ. അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയി എന്നീ സ്പിന്നർമാരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അർഷ്ദീപ് സിങ്, ഉംറാൻ മാലിക്, ആവേശ് ഖാൻ, മുകേഷ് കുമാർ എന്നിവരാണ് പേസർമാരായി ടീമിലുള്ളത്. കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്തക്കായി മിന്നും പ്രകടനം പുറത്തെടുത്ത റിങ്കുസിങിന്റെ പേരും സജീവമായിരുന്നുവെങ്കിലും ടീമിൽ ഇടം നേടാനായില്ല.
ഇന്ത്യന്‍ ടീം ഇങ്ങനെ: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യ കുമാർ യാദവ് (ഉപനായകന്‍), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (നായകന്‍), അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ഉംറാൻ മാലിക്, ആവേശ് ഖാൻ, മുകേഷ് കുമാർ.
Adjust Story Font
16