ഇത് ഹാർദികിന്റെ കുറ്റമല്ല, ആരാധക രോഷത്തിൽ മുംബൈ ക്യാപ്റ്റന് പിന്തുണയുമായി സൗരവ് ഗാംഗുലി
ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് രോഹിത് ശർമ്മയെ മാറ്റിയതിൽ ഹാർദിക് പാണ്ഡ്യക്ക് യാതൊരു പങ്കുമില്ല. ഫ്രാഞ്ചൈസിയാണ് തീരുമാനിക്കുന്നത്.
ഡൽഹി: ഹാർദിക് പാണ്ഡ്യക്കെതിരെ ആരാധകരിൽ നിന്ന് നിരന്തരമുണ്ടാകുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. 'ഇത് ഒട്ടും ശരിയായ നടപടിയല്ല.ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത് ശർമ്മയെ മാറ്റിയതിൽ ഹാർദിക് പാണ്ഡ്യക്ക് യാതൊരു പങ്കുമില്ല. ഫ്രാഞ്ചൈസിയാണ് ക്യാപ്റ്റനെ തീരുമാനിക്കുന്നത്. ഇതിനുള്ള അവകാശം ആ ടീം മാനേജ്‌മെന്റിനുണ്ട്. രോഹിത് ശർമ്മ മികച്ച താരമാണ്. ദേശീയ ടീമിലും മുംബൈ ഇന്ത്യൻസിന് വേണ്ടിയും ക്യാപ്റ്റനെന്ന നിലയിൽ താരം നടത്തിയ പ്രകടനം മികച്ചതാണ്. എന്നാൽ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിൽ ഹാർദികിനെ പഴിക്കുന്ന നടപടി ശരിയല്ലെന്നും ഡൽഹി ക്യാപിറ്റൽസ് ഡയറക്ടർ കൂടിയായ ഗാംഗുലി പറഞ്ഞു.
നിലവിൽ ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്റേത് മോശം തുടക്കമായിരുന്നു. കളിച്ച മൂന്നിലും പരാജയം. ഇതിന് പുറമെ ഹാർദികിനെതിരെ സ്വന്തം കാണികളിൽ നിന്ന് നിരന്തരം കൂവലും നേരിടുന്നു. രാജസ്ഥാൻ റോയൽസിനെതിരെ സ്വന്തം തട്ടകമായ വാംഖഡെയിൽ നടന്ന അവസാന മത്സരത്തിലും നേരിട്ടത് ആരാധക രോഷംതന്നെ. ഒരൽപം മാന്യത കാണിക്കൂ എന്ന് കമന്റേറ്റർ സഞ്ജയ് മഞ്ജറേക്കർക്ക് ടോസ് വേളയിൽ ഗ്യാലറിയെ നോക്കി പറയേണ്ടിയുംവന്നു. ഇതിന് പിന്നാലെ ഹാർദികിന്റെ ക്യാപ്റ്റൻസിൽ രോഹിത് ശർമ്മ കടുത്ത അതൃപ്തനാണെന്ന വാർത്തകളും ശക്തമായി. ഈ സീസണൊടുവിൽ ടീം വിടുമെന്ന് സഹതാരത്തോട് രോഹിത് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, നാലാം അങ്കത്തിന് മുംബൈ ഇന്ത്യൻസ് ഞായറാഴ്ച ഡൽഹി ക്യാപിറ്റൽസിനെ നേരിടാനിരിക്കെ ആരാധകർക്ക് മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് ഡൽഹി ക്രിക്കറ്റ് അസോയിയേഷൻ. ടീമുകൾക്കോ കളിക്കാർക്കോ എതിരെ മോശമായി പെരുമാറുകയോ കൂവുകയോ ചെയ്യുന്ന നടപടി കേട്ടുകേൾവിയില്ലാത്തതാണ്. എന്നാൽ ഇത്തരം കാര്യങ്ങൾ അംഗീകരിക്കാനാവില്ല. കടുത്ത നടപടിയുണ്ടാകുമെന്നും ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രോഹൻ ജെയിറ്റ്‌ലി വ്യക്തമാക്കിയിരിക്കുകയാണ്.
Adjust Story Font
16