സഞ്ജുവിനേക്കാൾ ഭേദം കിഷൻ, മികച്ച കീപ്പറാണ് ബാറ്റും ചെയ്യും: കൈഫ്
ഐപിഎല്ലിനിടെ പരിക്കേറ്റ കെ.എൽ രാഹുലിന് മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാൻ സമയം വേണ്ടിവരും
ഐപിഎൽ അവസാനിക്കുന്നതോടെ ലോകകപ്പ് ക്രിക്കറ്റ് ആരവങ്ങൾക്ക് തുടക്കമാകും. ഇന്ത്യൻ ടീമിൽ ആരൊക്കെ ഇടംപിടിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വിക്കറ്റ് കീപ്പർ ആരാവും എന്നതാണ് അടുത്തിടെ കൂടുതൽ ചർച്ച നടന്നത്. സെലക്ടർമാർക്ക് തലവേദനയായത് കെ.എൽ രാഹുലിന്റെ പരിക്കാണ്. പന്തിന് പകരക്കാരനായി ടീം സെലക്ടർമാർക്ക് മുന്നിലുള്ള മറ്റൊരു ഓപ്ഷൻ സഞ്ജുവും ഇഷാൻ കിഷനുമാണ്. ഡബിൾ സെഞ്ചുറിയുടെ തിളക്കം കിഷനുണ്ടെങ്കിലും ഏകദിനഫോർമാറ്റിൽ പിന്നീട് നിരാശയായിരുന്നു ഫലം. ഇത് സഞ്ജുവിന്റെ സാധ്യത വർദ്ധിപ്പിക്കുന്നതാണ്. എന്നാൽ സഞ്ജുവല്ല കിഷനാണ് നല്ലതെന്നാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറയുന്നത്.
''എനിക്ക് തോന്നുന്നു ഇഷാൻ കിഷൻ തന്നെയാണ് ഭേദം . അവൻ നല്ല വിക്കറ്റ് കീപ്പറാണ്, അവൻ നന്നായി ബാറ്റ് ചെയ്യുകയും ചെയ്യും.'' കൈഫ് സ്റ്റാർസ്പോർട്സിനോട് പറഞ്ഞു.
രാഹുലിന്റെ പരിക്ക് ചെറുതല്ല. യുകെയിൽ തുടയിലെ ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായെന്നാണ് റിപ്പോർട്ട് അതുകൊണ്ടുതന്നെ രാഹുലിന്റെ മടങ്ങിവില്‍ കൃത്യമായ വിവരമില്ല. മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാൻ അദ്ദേഹത്തിന് കുറഞ്ഞത് 3-4 മാസമെങ്കിലും എടുക്കുമെന്നുറപ്പാണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ ഫീൽഡിങ്ങിനിടെയാണ് രാഹുലിന് പരിക്കേറ്റത്.
ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനുമെതിരെ 3-0 പരമ്പര വിജയത്തോടെയാണ് ടീം ഇന്ത്യ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഒരുക്കങ്ങൾ ആരംഭിച്ചത്. പക്ഷേ ആസ്‌ത്രേലിയയോടേറ്റ പരാജയം ഇന്ത്യൻ നിരയെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. സ്വന്തം മണ്ണിൽ ഇന്ത്യയെ തോൽപ്പിക്കുക അത്ര പ്രയാസകരമായ കാര്യം അല്ലെന്ന് ഓർമ്മിപ്പിക്കുകയായിരുന്നു അവർ. റിഷഭ് പന്ത്, ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ തുടങ്ങിയ പ്രമുഖ താരങ്ങളുടെ പരിക്കുകൾ ഇന്ത്യൻ നിരക്ക് മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ നിന്ന് തടയാൻ കാരണമായി.
Adjust Story Font
16