വിജയശിൽപിയായി റാസ; ലഖ്‌നൗവിനെതിരെ പഞ്ചാബിന് ആശ്വാസ ജയം
ആദ്യ പന്തിൽ തന്നെ പഞ്ചാബിന്റെ ഒന്നാം വിക്കറ്റ് വീണിരുന്നു. ഓപണർ അഥർവ ടൈഡാണ് യുധ് വീർ സിങ്ങിന്റെ പന്തിൽ ആവേശ് ഖാൻ പിടിച്ച് ആദ്യം പുറത്തായത്.
ലഖ്‌നൗ: തുടക്കം തന്നെ പിഴച്ചുതുടങ്ങിയ തോൽവി മണത്ത പഞ്ചാബിനെ വിജയതീരത്തേക്ക് കൈപിടിച്ചുയർത്തി സിക്കന്തർ റാസ. താരത്തിന്റെ അർധ സെഞ്ച്വറിയുടെ ബലത്തിൽ പഞ്ചാബ് കിങ്‌സിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ രണ്ട് വിക്കറ്റ് ജയം. 160 റൺസിന്റെ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 19.3 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു-161/8. പഞ്ചാബ് നിരയിലെ ടോപ് സ്‌കോററായ റാസയാണ് കളിയിലെ താരം.
ആദ്യ പന്തിൽ തന്നെ പഞ്ചാബിന്റെ ഒന്നാം വിക്കറ്റ് വീണിരുന്നു. ഓപണർ അഥർവ ടൈഡാണ് യുധ് വീർ സിങ്ങിന്റെ പന്തിൽ ആവേശ് ഖാൻ പിടിച്ച് ആദ്യം പുറത്തായത്. പിന്നാലെ 17ാം റൺസിൽ രണ്ടാം വിക്കറ്റും വീഴ്ത്തി ലഖ്‌നൗ പഞ്ചാബ് നിരയുടെ നെഞ്ച് കലക്കി. പ്രഭ്‌സിമ്രൻ സിങ്ങിന്റെ വിക്കറ്റാണ് രണ്ടാമത് തെറിച്ചത്. നാല് പന്തിൽ നാല് റൺസെടുത്തായിരുന്നു ഇംപാക്ട് പ്ലയറായിറങ്ങിയ സിങ്ങിന്റെ ഇന്നത്തെ സമ്പാദ്യം. തുടർന്നെത്തിയ മാറ്റ് ഷോർട്ടാണ് ടീമിനെ തകർച്ചയിൽ നിന്നും കരകയറ്റിയത്. തകർത്തടിച്ച ഷോർട്ട് ഹർപ്രീത് സിങ് ഭാട്ടിയയെ കൂട്ടുപിടിച്ച് സ്‌കോർ വേഗം കൂട്ടി. 22 പന്തിൽ 34 എടുത്തുനിൽക്കെ ഷോർട്ടിന് പുറത്തേക്ക്. കൃഷ്ണപ്പ ഗൗതമിന്റെ പന്തിൽ മാർക്കസ് സ്റ്റോണിസ് പിടിച്ചാണ് ഷോർട്ട് പുറത്തായത്.
എന്നാൽ പിന്നാലെയെത്തിയ റാസ ടീമിന്റെ രക്ഷകനാകുന്ന കാഴ്ചയാണ് കണ്ടത്. മൂന്ന് സിക്‌സറുകളും നാല് ഫോറും ആ ബാറ്റിൽ നിന്ന് പിറന്നു. 41 പന്തിൽ 57 റൺസാണ് റാസ അടിച്ചുകൂട്ടിയത്. ഭാട്ടിയയ്‌ക്കൊപ്പം ചേർന്ന് പൊരുതവെ ടീം സ്‌കോർ 75ൽ എത്തിനിൽക്കെ നാലാം വിക്കറ്റും വീണു. കൃനാൽ പാണ്ഡെയുടെ പന്തിൽ ഹർപ്രീത് സിങ് പിടിച്ചാണ് ഭാട്ടിയ മടങ്ങിയത്. 22 പന്തിൽ 22 റൺസായിരുന്നു താരം സംഭാവന നൽകിയത്.
തുടർന്ന് ക്യാപ്റ്റൻ സാം കരൻ ഇറങ്ങിയെങ്കിലും ഉടൻ തന്നെ കൂടാരം കയറേണ്ടിവന്നു. ആറ് പന്തിൽ ആറ് റൺസായിരുന്നു സമ്പാദ്യം. രവി ബിഷ്‌നോയിയുടെ പന്തിൽ റണ്ണിന് ശ്രമിച്ച നായകൻ, മാർക്കസ് സ്റ്റോണിസിന്റെ കൈകളിലാണ് കുടുങ്ങിയത്. തുടർന്നെത്തിയ ജിതേഷ് ശർമയും നിരാശപ്പെടുത്തി. നാല് പന്തിൽ രണ്ട് റൺസെടുത്ത് മടങ്ങുമ്പോൾ ടീം സ്‌കോർ 122/6. പിന്നീട് ഷാരൂഖ് ഖാൻ ടീമിനെ വീണ്ടും വിജയപ്രതീക്ഷയുടെ ട്രാക്കിലേക്ക് നയിച്ചു.
ഇതിനിടെ 139 റണ്ണിൽ റാസ വീണു. 17.5 ഓവറിലായിരുന്നു ഇത്. തുടർന്ന് ഹർപ്രീത് ബ്രാർ എത്തിയെങ്കിലും 153ാം റൺസിൽ മാർക്ക് വുഡിന്റെ പന്തിൽ നിക്കോളാസ് പൂരൻ പിടിച്ച് പുറത്തായി. തുടർന്ന് റബാദ എത്തിയെങ്കിലും കാര്യമായൊന്നും ചെയ്തില്ല. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് ഏഴ് റൺസ്. ആദ്യ പന്തിൽ ഷാരൂഖ് ഖാന്റെ സംഭാവന രണ്ട് റൺസ്. രണ്ടാം പന്തിലും രണ്ട്. അടുത്ത പന്തിൽ ഫോറടിച്ച് ഷാരൂഖ് ഖാൻ ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
ലഖ്‌നൗവിനായി യുധ്‌വീർ സിങ്ങും മാർക്ക് വുഡും രവി ബിഷ്‌നോയിയും രണ്ട് വീതം വിക്കറ്റ് നേടിയപ്പോൾ കൃ്ഷ്ണപ്പ ഗൗതവും കൃനാൽ പാണ്ഡെയും ഒന്നു വീതം കരസ്ഥമാക്കി. നേരത്തെ, നായകൻ രാഹുലിന്റെ ബാറ്റിങ് മികവിലാണ് ലഖ്്‌നൗ സൂപ്പർ ജയന്റ്‌സ് 159 റൺസ് നേടിയത്. 56 പന്തിൽ 74 റൺസാണ് ഓപണറായിറങ്ങിയ രാഹുൽ അടിച്ചെടുത്തത്. എട്ട് ഫോറും ഒരു സിക്‌സുമാണ് നായകന്റെ ബാറ്റിൽ നിന്നും പിറന്നത്.
സഹ ഓപണറായ കെയ്ൽ മേയേഴ്‌സ് ക്യാപ്റ്റന് മികച്ച പിന്തുണ നൽകി മുന്നേറി. എന്നാൽ 23 ബോളിൽ നിന്ന് 29 റൺസെടുത്ത് താരം പുറത്തായി. മൂന്നാമനായെത്തിയ ദീപക് ഹൂഡയ്ക്ക് മൂന്ന് പന്തുകൾ മാത്രമേ ക്രീസിൽ പിടിച്ചുനിൽക്കാനായുള്ളൂ. സിക്കന്ദർ റാസയുടെ പന്തിൽ എൽബിഡബ്ല്യൂ ആയി രണ്ട് റൺസോടെ റാസ പുറത്തായി. തുടർന്നെത്തിയ ക്രുണാൽ പാണ്ഡെ നായകനൊപ്പം നിന്ന് സ്‌കോർബോർഡ് പതിയെ മുന്നോട്ടുനീക്കി. എന്നാൽ പിന്നാലെ പാണ്ഡെയും പുറത്തായി.
17 പന്തിൽ 18 റൺസെടുത്ത് നിൽക്കെ കഗിസോ റബാദയുടെ പന്തിൽ ഷാരൂഖ് ഖാൻ പിടിച്ചായിരുന്നു മടക്കം. പിന്നാലെയെത്തിയ നിക്കോളാസ് പൂരൻ നിരാശപ്പെടുത്തി. ആദ്യ പന്തിൽ തന്നെ സമാന രീതിയിൽ തന്നെയായിരുന്നു താരത്തിന്റേയും മടക്കം. തുടർന്നെത്തിയ മാർക്കസ് സ്‌റ്റോണിസ് 11 പന്തിൽ 15 റൺസെടുത്ത് നായകൻ സാം കരനും പുറത്തായി. ശേഷം 18.5 ഓവറിൽ ക്യാപ്റ്റൻ രാഹുലും പുറത്തായി. അർഷ്ദീപ് സിങ്ങിന്റെ പന്തിലായിരുന്നു രാഹുലിന്റെ മടക്കം. തുടർന്ന് നാല് റൺസ് കൂടി കൂട്ടിച്ചേർക്കവെ അടുത്ത വിക്കറ്റും വീണു.
ഇംപാക്ട് പ്ലയറായ കൃഷ്ണപ്പ ഗൗതം ഒരു റൺസെടുത്ത് പുറത്തായപ്പോൾ അടുത്ത പന്തിൽ യുധ് വീർ സിങ്ങും താരത്തെ പിന്തുടർന്ന് കൂടാരത്തിലേക്ക്. ഒടുവിൽ 20 ഓവറുകൾ പൂർത്തിയാവുമ്പോൾ ആറ് പന്തിൽ അഞ്ച് റൺസുമായി ആയുഷ് ബദോനിയും രവി ബിഷ്‌നോയിയും പുറത്താവാതെ നിന്നു. അങ്ങനെ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലഖ്‌നൗവിന്റെ സ്‌കോർ 159 റൺസ്. ശിഖർ ധവാന്റെ അഭാവത്തിൽ നായകക്കുപ്പായമണിഞ്ഞ സാംകരനാണ് ലഖ്‌നൗവിന്റെ നട്ടെല്ലൊടിച്ചത്. മൂന്ന് വിക്കറ്റാണ് നായകൻ നേടിയത്. കഗിസോ റബാദ രണ്ടും അർഷ്ദീപ് സിങ്, ഹർപ്രീത് ബ്രാർ, സിക്കന്ദർ റാസ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
തുടർച്ചയായ രണ്ട് തോൽവികൾ രുചിച്ചാണ് പോയിന്റ് പട്ടികയിൽ ആറാമതുള്ള പഞ്ചാബ് രണ്ടാം സ്ഥാനത്തുള്ള ലഖ്‌നൗവിനെതിരെ ഇന്ന് പോരാടാൻ ഇറങ്ങിയത്. നാലിൽ മൂന്ന് ജയവുമായി പട്ടികയിൽ രണ്ടാമതുള്ള ലഖ്‌നൗ ഒന്നാമതെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ന് രംഗത്തിറങ്ങിയത്. എന്നാൽ ചുവട് പിഴയ്ക്കുകയായിരുന്നു.
Adjust Story Font
16