'കമന്റേറ്റർമാർക്ക് നിയമമറിയില്ല'; മങ്കാദിങ് വിവാദത്തിൽ പ്രതികരണവുമായി അശ്വിൻ
കഴിഞ്ഞ ദിവസം തമിഴ്നാട് പ്രീമിയർ ലീഗിലാണ് അശ്വിനെ മങ്കാദിങ്ങിലൂടെ പുറത്താക്കാൻ ശ്രമം നടന്നത്.
മങ്കാദിങ്ങെന്ന് കേട്ടാൽ ആദ്യം ആരാധകരുടെ മനസ്സിലേക്കോടിയെത്തുക ഇന്ത്യൻ സ്പിന്നർ ആർ.അശ്വിന്റെ മുഖമാവും. 2019 ഐ.പി.എല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബ് നായകനായിരുന്ന അശ്വിൻ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്‌ലറെ നോൺ സ്‌ട്രൈക്കിങ് എന്റിൽ വച്ച് പുറത്താക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ വിവാദക്കൊടുങ്കാറ്റാണ് അഴിച്ചുവിട്ടത്. അക്കാലത്ത് അശ്വിനെതിരെ രൂക്ഷവിമർശനങ്ങളുയർന്നു. എന്നാൽ ക്രിക്കറ്റിൽ ഇത് അനുവദനീയമാകുന്നിടത്തോളം കാലം തന്നെ വിമർശിക്കാൻ ആർക്കും അർഹതയില്ലെന്നായിരുന്നു അശ്വിന്റെ പക്ഷം.
കഴിഞ്ഞ ദിവസം തമിഴ്നാട് പ്രീമിയർ ലീഗിലാണ് അശ്വിനെ മങ്കാദിങ്ങിലൂടെ പുറത്താക്കാൻ ശ്രമം നടന്നത്. നെല്ലായ് റോയൽ കിങ്‌സും ദിണ്ടിഗൽ ഡ്രാഗൺസും തമ്മിലരങ്ങേറിയ മത്സരത്തിലായിരുന്നു രസകരമായ സംഭവം. കളിയുടെ 15ാം ഓവറെറിഞ്ഞ നെല്ലായ് റോയൽ കിങ്‌സ് ബോളർ മോഹൻ പ്രസാദാണ് നോൺ സ്‌ട്രൈക്കിങ് എന്റിലുണ്ടായിരുന്ന അശ്വിനെ പുറത്താക്കാൻ ശ്രമിച്ചത്. എന്നാൽ അശ്വിന്റെ ബാറ്റ് ക്രീസിന് മുകളിൽ തന്നെയുണ്ടായിരുന്നു. മോഹൻ പ്രസാദ് അശ്വിന് തങ്ങൾ വാണിങ് നൽകുകയാണെന്ന് അമ്പയറോട് പറയുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഇത് കണ്ട് ആവേശഭരിതരായ കമന്റേറ്റർമാർ അശ്വിന്റെ മാസ്റ്റർ വെപ്പൺ അശ്വിനെതിരെ തന്നെ പ്രയോഗിച്ച് മാസ് കാണിച്ചെന്ന തരത്തിൽ മോഹൻ പ്രസാദിനെ അഭിനന്ദിച്ചു.
ഇപ്പോഴിതാ കമന്റേറ്റർമാരെ നിയമം പഠിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിണ്ടിഗൽ നായകൻ കൂടിയായ അശ്വിനും അമ്പയർ പ്രസന്നയും. വാണിങ് അൺഫെയർ അഡ്വാന്റേജ് നേടാൻ ശ്രമിക്കുന്ന ബാറ്റർമാർക്കാണ്. പന്തെറിയും മുമ്പേ റണ്ണിനായി ക്രീസ് വിടാൻ ശ്രമം നടത്തുന്നവർക്കുള്ളതാണത്. അശ്വിന്റെ കാര്യത്തിൽ ഇത് ബാധകമേയല്ല എന്നാണ് പ്രസന്ന കുറിച്ചത്. കളിനിയമം വ്യക്തമാക്കുന്ന സ്‌ക്രീൻ ഷോട്ട് പങ്കുവച്ച് അശ്വിൻ കുറിച്ചത് കമന്റേറ്റർമാർക്ക് നിയമമറിയില്ലെന്നായിരുന്നു. ബോളർ ബെയിലിളക്കിയിരുന്നെങ്കിൽ പോലും താൻ ഔട്ടാവില്ലെന്ന് അശ്വിൻ പറഞ്ഞത്.
ബൗളർ നോൺസ്ട്രൈക്കർ എൻഡിലെ ബാറ്ററെ ബൌളിങ് പൂർത്തിയാക്കുന്നതിന് മുമ്പ് റൺഔട്ടാക്കുന്ന രീതിയാണ് മങ്കാദിങ് എന്ന പേരിൽ അറിയപ്പെടുന്നത്. ബൗളർ പന്തെറിയാൻ തയ്യാറെടുത്ത് ക്രീസിലെത്തി പന്ത് റിലീസ് ആകുന്നതിന് മുമ്പ്, നോൺസ്ട്രൈക്കർ എൻഡിലെ ബാറ്റർ ക്രീസ് വിട്ടിറങ്ങിയാൽ ബൗളർക്ക് ആ ബാറ്ററെ റണ്ണൌട്ടാക്കാം. ഇത്തരം റണ്ണൌട്ടുകൾ നേരത്തേ തന്നെ നിയമവിധേയമാണ്. ഇത്തരത്തിൽ റണ്ണൌട്ട് ശ്രമങ്ങൾ നടത്തുന്ന ബൌളറെ അത് മാന്യതക്ക് ചേർന്നതല്ല എന്ന കാരണം പറഞ്ഞ് വിമർശിക്കുക പതിവാണ്. എന്നാൽ ഇക്കാര്യത്തിൽ ഐ.സി.സി പുതിയ മാർഗനിർദേശം കൊണ്ടുവന്നു. 'ഇത് നിയമവിധേയമായ റണ്ണൌട്ടാണ്. മാന്യതയില്ലാത്ത വിക്കറ്റായി അതിനെ പരിഗണിക്കില്ല'. എന്നായിരുന്നു പുതിയ നിയമങ്ങളെക്കുറിച്ച് ഐ.സി.സി പുറത്തിറക്കിയ കുറിപ്പിൽ മങ്കാദിങിനെ വിശേഷിപ്പിച്ചത്.
1947ലെ ടെസ്റ്റ് പരമ്പരയിൽ ആസ്‌ട്രേലിയൻ ബാറ്റർ ബിൽ ബ്രൗണിനെ ഇന്ത്യൻ താരം വിനു മങ്കാദ് രണ്ട് വട്ടം ഇത്തരത്തിൽ റൺഔട്ടാക്കിയതോടെയാണ് മങ്കാദിങ് എന്ന വാക്കിന്റെ പിറവി. നിലവിൽ മങ്കാദിങ് ക്രിക്കറ്റിൽ അനുവദനീയമായതിനാൽ തന്നെ ഇത്തരത്തിൽ പുറത്താകുന്നവർ ദേഷ്യം പ്രകടിപ്പിച്ച് ക്രീസ് വിടുകയാണ് പതിവ്. ആർ അശ്വിൻ മുമ്പ് രാജ്യാന്തര ക്രിക്കറ്റിൽ ശ്രീലങ്കയ്‌ക്കെതിരെയും മങ്കാദിങ് നടത്തിയിരുന്നു. എന്നാൽ അന്ന് നായകനായിരുന്ന സെവാഗും സച്ചിനും ഇടപെട്ട് അപ്പീൽ പിൻവലിച്ചു. ഇന്ത്യയുടെ ഇതിഹാസ നായകൻ കപിൽ ദേവും മങ്കാദിങ് പ്രയോഗിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ പീറ്റർ കിർസ്റ്റൻ ആണ് അന്ന് പുറത്തായത്. കപിൽ ദേവ് കിർസ്റ്റന് പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതെല്ലാം അവഗണിച്ചപ്പോഴായിരുന്നു കപിലിന്റെ നീക്കം.
2022ൽ ഇംഗ്ലീഷ് വനിതാ താരം ചാർലി ഡീനിനെ ഇന്ത്യൻ താരം ദീപ്തി ശർമ ഈ രീതിയിൽ പുറത്താക്കിയതും വലിയ വിവാദമായി. അന്ന് ദീപ്തിക്കെതിരെ ഇംഗ്ലീഷ് ഇതിഹാസ താരങ്ങൾ വരെ രംഗത്തെത്തി. 'ഇങ്ങനെയെങ്കിൽ പന്തെറിയേണ്ട കാര്യം തന്നെയില്ലല്ലോ എന്നായിരുന്നു ജയിംസ് ആൻഡേഴ്‌സൺ ചോദിച്ചത്'. 'ഇങ്ങനെ മാച്ച് ജയിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നാണ്' സ്റ്റുവർട്ട് ബ്രോഡ് ട്വീറ്റ് ചെയ്തത്. എന്നാൽ അന്ന് ദീപ്തിക്ക് പിന്തുണയുമായി അശ്വിനാണ് അദ്യം രംഗത്തെത്തിയത്. അശ്വിൻറെ അന്നത്തെ വാക്കുകൾ ഇങ്ങനെ. 'ബൌളറുടെ ഏകാഗ്രതക്കുള്ള അംഗീകാരമായി ഈ വിക്കറ്റിനെ പരിഗണിക്കണം. ഒപ്പം വലിയ സോഷ്യൽ സ്റ്റിഗ്മക്ക് ഇരയാവും എന്നറിഞ്ഞിട്ടും നോൺ സ്‌ട്രൈക്കിങ് എൻറിലെ ബാറ്ററെ പുറത്താക്കാൻ ധൈര്യം കാണിക്കുന്ന ബോളർക്ക് ഐ.സി.സി ധീരതക്കുള്ള അവാർഡ് നൽകണം''.
Adjust Story Font
16