Quantcast

ബുംറ പോയി അശ്വിൻ വന്നു; ഐസിസി ടെസ്റ്റ് റാങ്കിങിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ

ബാറ്റിങിൽ രോഹിത് ശർമ്മയാണ് നേട്ടമുണ്ടാക്കിയ ഇന്ത്യൻ താരം. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി.

MediaOne Logo

Web Desk

  • Published:

    13 March 2024 12:30 PM GMT

ബുംറ പോയി അശ്വിൻ വന്നു; ഐസിസി ടെസ്റ്റ് റാങ്കിങിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ
X

ദുബായ്: ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി സ്പിന്നർ ആർ അശ്വിൻ. ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയെയാണ് മറികടന്നത്. ധരംശാല ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടിന്നിങ്‌സിലുമായി ഒൻപത് വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് വെറ്ററൻ താരത്തെ വീണ്ടും ഒന്നാം സ്ഥാനത്തെത്തിച്ചത്.


ജനുവരിയിലാണ് അശ്വിനെ പിന്തള്ളി ബുംറ ഒന്നാം റാങ്കിലെത്തിയത്. എന്നാൽ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടമടക്കം 26 വിക്കറ്റുമായി മുന്നിലെത്തിയതോടെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ടെസ്റ്റിൽ 500 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിട്ട തമിഴ്‌നാട്ടുകാരൻ ധരംശാലയിൽ തന്റെ നൂറാം ടെസ്റ്റിലും അവിസ്മരണീയ പ്രകടനമാണ് നടത്തിയത്. ഓസീസ് പേസറായ ജോഷ് ഹെസൽവുഡാണ് റാങ്കിംഗിൽ രണ്ടാമത്. ബുംറ മൂന്നാമത് തുടരുന്നു. 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനാറിലെത്തിയ കുൽദീപ് യാദവാണ് റാങ്കിംഗിൽ നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യൻ ബൗളർ. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ നാലാമതും ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് അഞ്ചാമതുമാണ്.

ബാറ്റിങിൽ രോഹിത് ശർമ്മയാണ് നേട്ടമുണ്ടാക്കിയ ഇന്ത്യൻ താരം. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ ആറാം റാങ്കിലെത്തി. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യശസ്വി ജയ്‌സ്വാൾ എട്ടാമതും വിരാട് കോഹ്‌ലി ഒൻപതാമതും തുടരുന്നു. കെയിൻ വില്യംസണാണ് ഒന്നാമത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് രണ്ടാമതും പാകിസ്താൻ താരം ബാബർ അസം മൂന്നാമതുമാണ്.

TAGS :

Next Story