'ടെസ്റ്റിൽ രഹാനെക്ക് നായകനാകാൻ കഴിയും, പക്ഷേ....; വസീം ജാഫർ പറയുന്നത് ഇങ്ങനെ...
2021ൽ ആസ്‌ട്രേലിയക്കെതിരെ ബോർഡർ ഗവാസ്‌കർ ട്രോഫി 2-1ന് ജയിച്ചപ്പോൾ തന്നെ രഹാനയെ നായകനാക്കേണ്ടിയിരുന്നുവെന്നും ജാഫർ കൂട്ടിച്ചേർത്തു.
മുംബൈ: രോഹിത് ശർമ്മക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനാകാൻ അജിങ്ക്യ രഹാനെക്ക് കഴിയുമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. പുതിയ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ വരെ രോഹിത് ശർമ്മ നയിക്കാനുണ്ടാകുമോ എന്ന ആശങ്കകൾക്കിടെയാണ് ജാഫർ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ രഹാനെ സ്ഥിരത പുലർത്തേണ്ടതുണ്ടെന്നും ജാഫർ വ്യക്തമാക്കി.
''രഹാനെ സ്ഥിരതയോടെ ബാറ്റ് ചെയ്യേണ്ടതുണ്ട്. 90 ടെസ്റ്റുകൾ വരെ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും ഫോം അദ്ദേഹത്തിന് പ്രശ്‌നമാണ്. ഫോമിന് പുറത്തുപോകുന്ന അവസ്ഥയിൽ നിന്ന് രഹാനെ പുറത്തുകടക്കേണ്ടതുണ്ട്. കാരണം രോഹിത് ശർമ്മക്ക് ശേഷം മികച്ചൊരു നായകനാകാൻ അദ്ദേഹത്തിന് കഴിയും. റൺസ് കണ്ടെത്തുന്നത് തുടർന്നാൽ ബാക്കി കാര്യങ്ങളൊക്കെ അദ്ദേഹത്തിന്റെ വഴിക്ക് വരും'- വസീം ജാഫർ പറഞ്ഞു. 2021ൽ ആസ്‌ട്രേലിയക്കെതിരെ ബോർഡർ ഗവാസ്‌കർ ട്രോഫി 2-1ന് ജയിച്ചപ്പോൾ തന്നെ രഹാനയെ നായകനാക്കേണ്ടിയിരുന്നുവെന്നും ജാഫർ കൂട്ടിച്ചേർത്തു.
അതേസമയം വെസ്റ്റ്ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ. ആദ്യ ടെസ്റ്റിൽ സമ്പൂർണ വിജയം നേടിയപ്പോൾ രണ്ടാം ടെസ്റ്റും ഇന്ത്യയുടെ കയ്യിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആസ്‌ട്രേലിയയോട് തോറ്റതിന് പിന്നാലെയുള്ള ആദ്യ പരമ്പരയും പുതിയ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ തുടക്കവുമാണിത്. വിൻഡീസ് പരമ്പരയോടെ രോഹിതിന്റെ ഭാവി തീരുമാനമാകും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആദ്യ ടെസ്റ്റിൽ ഗംഭീരമായി വിജയിച്ച രോഹിത് അപകടം ഒഴിവാക്കി. അതസേമയം പുതിയ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ വരെ രോഹിതിന്റെ സേവനം ഇന്ത്യക്ക് ലഭിക്കുമോ എന്നുറപ്പില്ല.
ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പോടെ താരം സജീവ ക്രിക്കറ്റിൽ നിന്നും മടങ്ങിയേക്കും. ഈ സാഹചര്യം മുൻനിർത്തിയാണ് ഇന്ത്യ പുതിയ നായകനെ തേടുന്നത്. അതേസമയം വിൻഡീസിനെതിരായ പരമ്പരയിൽ രഹാനെക്ക് താളം കണ്ടെത്താനായിട്ടില്ല. ആദ്യ ടെസ്റ്റിലും രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്‌സിലും താരം വേഗത്തിൽ മടങ്ങുകയായിരുന്നു.
Adjust Story Font
16