രാജസ്ഥാൻ റോയൽസ് വെടിക്കെട്ട് ബാറ്റർ ഹെറ്റ്‌മെയർ നാട്ടിലേക്ക് മടങ്ങി, കാരണമിതാണ്...
അവസാന ബാറ്റിങ് ഓർഡറിലിറങ്ങി വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന താരം ടൂർണമെൻറിൽ മികച്ച ഫോമിലാണ്
ഐ.പി.എല്ലിൽ ഫിനിഷിറായി തിളങ്ങുന്ന രാജസ്ഥാൻ റോയൽസ് വെടിക്കെട്ട് ബാറ്റർ ഷിമ്രോൺ ഹെറ്റ്‌മെയർ നാടായ ഗയാനയിലേക്ക് മടങ്ങി. ഹെറ്റ്മയറിന്റെ ആദ്യ കുഞ്ഞ് ജനിച്ചതോടെയാണ് ഞായറാഴ്ച മുംബൈയിലുള്ള ടീം ക്യാമ്പ് വിട്ട് താരം പോയത്. എന്നാൽ ഇടംകയ്യൻ ബാറ്ററായ ഹെറ്റ്‌മെയർ ഉടൻ തിരിച്ചെത്തുമെന്നാണ് രാജസ്ഥാൻ മാനേജ്‌മെൻറ് അറിയിച്ചിരിക്കുന്നത്. താരം യാത്ര പറഞ്ഞ് പോകുന്ന വീഡിയോ ടീം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഡാഡിയെന്ന് ഹെറ്റ്‌മെയറെ സഹതാരങ്ങളും സ്റ്റാഫുകളും വിളിക്കുന്നതും അഭിനന്ദിക്കുന്നതും വീഡിയോയിലുണ്ട്. ആദ്യ കുഞ്ഞ് പിറന്നതും ഉടൻ മടങ്ങിയെത്തുമെന്നതും താരവും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
അവസാന ബാറ്റിങ് ഓർഡറിലിറങ്ങി വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന താരം ടൂർണമെൻറിൽ മികച്ച ഫോമിലാണ്. 2022 ഐ.പി.എല്ലിൽ 11 മത്സരങ്ങളിലായി 291 റൺസാണ് ഹെറ്റ്‌മെയർ നേടിയിട്ടുള്ളത്. 72.75 ശരാശരിയുണ്ട്. പുറത്താകാതെ നേടിയ 59 റൺസാണ് ഉയർന്ന സ്‌കോർ.
കഴിഞ്ഞ ശനിയാഴ്ച വാങ്കഡെ സ്‌റ്റേഡിയത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തിൽ താരം 16 പന്തിൽ 33 റൺസ് നേടിയിരുന്നു. പഞ്ചാബിന്റെ 190 റൺസ് മറികടക്കാൻ ഈ ഇന്നിംഗ്‌സ് ഏറെ സഹായകരമായിരുന്നു. നിലവിൽ 14 പോയൻറുമായി പോയൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് രാജസ്ഥാൻ. അടുത്ത മത്സരം ബുധനാഴ്ച ഡെൽഹി ക്യാപിറ്റൽസിനെതിരെ ഡോ. ഡി.വൈ പാട്ടീൽ സ്‌പോർട്‌സ് അക്കാദമി സ്‌റ്റേഡിയത്തിലാണ്.
Rajasthan Royals Batter Shimron Hetmyer returns home
Adjust Story Font
16