ലക്‌നൗവിന് ആവേശ ജയം: രാജസ്ഥാനെ തോൽപിച്ചത് 10 റൺസിന്
ബൗളർമാരാണ് ലക്‌നൗവിന് ജയം നേടിക്കൊടുത്തത്. നാല് ഓവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്ത് ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി
വിജയം ആഘോഷിക്കുന്ന ലക്‌നൗ സൂപ്പർജയന്റ്‌സ് താരങ്ങൾ
ജയ്പൂർ: ലോക സ്‌കോറിങ് മത്സരത്തിൽ രാജസ്ഥാൻ റോൽസിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് ആവേശ ജയം. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 19 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഒരു ബൗണ്ടറിയുൾപ്പെടെ ഏതാനും റണ്‍സ് എടുക്കാനെ രാജസ്ഥാന് കഴിഞ്ഞുള്ളൂ. നിർണായകമായ രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. സ്‌കോർബോർഡ് ചരുക്കത്തിൽ: ലക്‌നൗ: 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154. രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 144.
ബൗളർമാരാണ് ലക്‌നൗവിന് ജയം നേടിക്കൊടുത്തത്. നാല് ഓവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്ത് ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. യശ്വസി ജയ്‌സ്വാളും(44) ജോസ് ബട്‌ലറും(40) മികച്ച തുടക്കം നൽകിയെങ്കിലും നായകൻ സഞ്ജുവിനും(2) വെടിക്കെട്ട് ബാറ്റർ ഹെറ്റ്മയറിനെയും(2) വേഗത്തിൽ മടക്കി ലക്‌നൗ മത്സരത്തിലേക്ക് തിരിച്ചുവന്നു. ദേവ്ദത്ത് പടിക്കലും(26) റിയാൻ പരാഗും(15) ശ്രമിച്ച് നോക്കിയെങ്കിലും നടന്നില്ല.
ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ, അർധ സെഞ്ച്വറി നേടിയ കെയിൽ മെയേഴ്‌സിന്റേയും 39 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്‍റേയും മികവിലാണ് ഭേദപ്പെട്ട സ്‌കോർ എടുത്തത്. കെയിൽ മെയേഴ്‌സ് 42 പന്തിൽ നിന്നാണ് 51 റൺസ് എടുത്തു. നേരത്തേ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ തന്നെ ലക്‌നൗ സ്‌കോർ ഇഴഞ്ഞാണ് നീങ്ങിയത്. ആദ്യ വിക്കറ്റിൽ മെയേഴ്‌സിനൊപ്പം 84 റൺസ് കൂട്ടിച്ചേർത്ത ശേഷം ക്യാപ്റ്റൻ രാഹുൽ മടങ്ങി. പിന്നീടെത്തിയ ആയുഷ് ബധോനിയും ദീപക് ഹൂഡയും പെട്ടെന്ന് തന്നെ കൂടാരം കയറി.
അവസാന ഓവറുകളിൽ മാർകസ് സ്‌റ്റോയിനിസും നിക്കോളസ് പൂരനും ചേർന്ന് സ്‌കോർ ബോർഡ് ഉയർത്താൻ നടത്തിയ ശ്രമമാണ് ലക്‌നൗ സ്‌കോർ 150 കടത്തിയത്. രാജസ്ഥാന് വേണ്ടി ആർ.അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. സന്ദീപ് ശർമ എറിഞ്ഞ അവസാന ഓവറിൽ രണ്ട് റൺ ഔട്ട് അടക്കം മൂന്ന് വിക്കറ്റാണ് വീണത്.
Adjust Story Font
16