Quantcast

ബോളർമാർ എറിഞ്ഞിട്ടു; ലഖ്‌നൗവിനെതിരെ രാജസ്ഥാന് 24 റൺസ് വിജയം

നേരത്തെ രാജസ്ഥാൻ റോയൽസ് ഓപ്പണർ യശ്ശ്വസി ജയ്സ്വാളും നാലാമതിറങ്ങിയ ദേവ്ദത്ത് പടിക്കലും തകർത്തടിച്ചതോടെയാണ്‌ ലഖ്നൗ സൂപ്പർ ജയൻറ്സിന് 179 റൺസ് വിജയലക്ഷ്യം നൽകിയിരുന്നത്

MediaOne Logo

Sports Desk

  • Updated:

    2022-05-15 19:04:55.0

Published:

15 May 2022 5:58 PM GMT

ബോളർമാർ എറിഞ്ഞിട്ടു; ലഖ്‌നൗവിനെതിരെ രാജസ്ഥാന് 24 റൺസ് വിജയം
X

ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ബോളർമാർ ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനെ എറിഞ്ഞിട്ടതോടെ രാജസ്ഥാന് 24 റൺസ് വിജയം. 179 റൺസ് ലക്ഷ്യം തേടിയുള്ള ലഖ്‌നൗവിന്റേ പോരാട്ടം 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ട്ടപ്പെടുത്തി 154 റൺസിലൊതുങ്ങി.നാലോവറിൽ റൺസ് വിട്ടു നൽകി ബോൾട്ട് രണ്ടു വിക്കറ്റ് വീഴ്ത്തി. ക്വിൻറൺ ഡിക്കോക്ക്(7), ആയുഷ് ബദോനി (0) എന്നിവരാണ് ബോൾട്ടിന് മുമ്പിൽ വീണത്.


ക്യാപ്റ്റനും സ്റ്റാർ ബാറ്ററുമായ കെ.എൽ. രാഹുൽ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ജയ്‌സ്വാൾ പിടിച്ച് പുറത്തായി. 10 റൺസായിരുന്നു നായകന്റെ സമ്പാദ്യം. പിന്നീട് ദീപക് ഹൂഡയും ക്രൂണാൽ പാണ്ഡ്യയും ഒത്തുചേർന്നതോടെ ലഖ്‌നൗ വിജയതീരമണയുമെന്ന് തോന്നി. എന്നാൽ അശ്വിന്റെ പന്തിൽ ബൗണ്ടറി ലൈനിൽ ബട്‌ലറിന്റെ സഹായത്തോടെ റിയാൻ പരാഗ് നേടിയ ക്യാച്ചിൽ പാണ്ഡ്യ പുറത്തായി. 23 പന്തിൽ 25 റൺസായിരുന്നു സമ്പാദ്യം. ഹൂഡ 5 ഫോറിന്റെയും 2 സിക്‌സിന്റെയും അകമ്പടിയോടെ 59 റൺസ് നേടി പുറത്തായി. റൺസ് വാരിക്കൂട്ടിയ ഹൂഡയെ ചഹലിന്റെ പന്തിൽ സഞ്ജു സാംസൺ സ്റ്റംപ് ചെയ്യുകയായിരുന്നു. ഹൂഡയാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറർ.

പാണ്ഡ്യ പുറത്തായതോടെ ഇറങ്ങി ഹൂഡക്ക് പിന്തുണ കൊടുക്കുകയും പിന്നീട് റൺസ് അടിച്ചു കൂട്ടുകയും ചെയ്ത സ്‌റ്റോണിസ് ഒരു ഫോറും രണ്ട് സിക്‌സും നേടി പുറത്തായി. 27 റൺസ് നേടിയ താരം പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ പരാഗ് പിടിച്ചാണ് പുറത്തായത്. അതിന് മുമ്പ് ഒരു വട്ടം പരാഗ് സ്‌റ്റോണിസിന്റെ ഷോട്ട് കയ്യിലൊതുക്കിയിരുന്നെങ്കിലും നിലംതൊട്ടതിനാൽ അംപയർ പരിഗണിച്ചിരുന്നില്ല.

ജേസൺ ഹോൾഡറിന്റെയും(1), ദുഷ്മന്ത് ചമീരയുടെയും(0) വിക്കറ്റ് ഒബെഡ് മക്കേയ്‌യും വീഴ്ത്തി. ഹോൾഡറെ സഞ്ജുവിന്റെ കയ്യിലെത്തിച്ചപ്പോൾ ചമീരയെ ബൗൾഡാക്കുകായായിരുന്നു. നേരത്തെ രാജസ്ഥാൻ റോയൽസ് ഓപ്പണർ യശ്ശ്വസി ജയ്സ്വാളും നാലാമതിറങ്ങിയ ദേവ്ദത്ത് പടിക്കലും തകർത്തടിച്ചതോടെയാണ്‌ ലഖ്നൗ സൂപ്പർ ജയൻറ്സിന് 179 റൺസ് വിജയലക്ഷ്യം നൽകിയിരുന്നത്. 29 പന്തിൽ ആറു ഫോറും ഒരു സിക്സുമടക്കം 41 റൺസാണ് ജയ്സ്വാൾ നേടിയത്. ദേവ്ദത്ത് പടിക്കൽ 18 പന്തിൽ 39 റൺസ് അടിച്ചുകൂട്ടി. അഞ്ചു ഫോറും രണ്ടും സിക്സും സഹിതമായിരുന്നു ഈ റൺവേട്ട. എന്നാൽ രവി ബിഷ്ണോയിയുടെ പന്തിൽ ക്രൂണാൽ പാണ്ഡ്യ പിടിച്ചതോടെ പടിക്കലിന്റെ പോരാട്ടം നിലച്ചു.ഓപ്പണറും രാജസ്ഥാന്റെ റൺമെഷീനുമായ ജോസ് ബട്ലർ കേവലം രണ്ടു റൺസുമായി തിരിച്ചുനടന്നപ്പോഴാണ് ജയ്സ്വാൾ അറിഞ്ഞുകളിച്ചത്. ഐപിഎൽ റൺവേട്ടക്കാരിൽ ഒന്നാമതുള്ള ബട്ലർ ആവേശ് ഖാന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു.



വൺഡൗണായെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ ആറു ഫോറുമായി 24 പന്തിൽ 32 റൺസ് നേടി. എന്നാൽ ജേസൺ ഹോൾഡറുടെ പന്ത് ഉയർത്തിയടിച്ചപ്പോൾ ദീപക് ഹൂഡയുടെ ക്യാച്ചിൽ പുറത്തായി. പിന്നീടാണ് പടിക്കൽ അടിച്ചു കളിച്ചത്. 14 റൺസ് നേടിയ നീഷത്തെ കെ.എൽ രാഹുൽ റണ്ണൗട്ടാക്കി. രണ്ടു ഫോറടക്കം 17 റൺസ് നേടി ട്രെൻറ് ബോൾട്ടും ഒരു ഫോറുമായി പത്ത് റൺസ് നേടി രവിചന്ദ്രൻ അശ്വിനും പുറത്താകാതെ നിന്നു. ലഖ്നൗവിനായി രവി ബിഷ്ണോയ് 31 റൺസ് വിട്ടു നൽകി രണ്ടു വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാൻ, ജേസൺ ഹോൾഡർ, ആയുഷ് ബദോനി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. വിജയത്തോടെ രാജസ്ഥാൻ പ്ലേഓഫ് സാധ്യത നിലനിർത്തിയിരിക്കുകയാണ്.

TAGS :

Next Story