Quantcast

അടിച്ചുതകർത്ത് കപ്പിത്താൻ ധവാനും പ്രഭ്‌സിമ്രൻ സിങ്ങും; രാജസ്ഥാന് 198 റൺസ് വിജയലക്ഷ്യം

പങ്കാളി പോയെങ്കിലും കുലുങ്ങാതെ നിന്ന ക്യാപ്റ്റൻ പിന്നീടങ്ങോട്ട് ചൂടൻ ഷോട്ടുകൾ പായിച്ചുതുടങ്ങി.

MediaOne Logo

Web Desk

  • Updated:

    2023-04-05 16:38:46.0

Published:

5 April 2023 4:25 PM GMT

അടിച്ചുതകർത്ത് കപ്പിത്താൻ ധവാനും പ്രഭ്‌സിമ്രൻ സിങ്ങും; രാജസ്ഥാന് 198 റൺസ് വിജയലക്ഷ്യം
X

ഗുവാഹത്തി: കൂറ്റനടികളോടെ ശിഖർ ധവാനും പ്രഭ്‌സിമ്രൻ സിങ്ങും കളം നിറഞ്ഞതോടെ രാജസ്ഥാന് മുന്നിൽ മികച്ച സ്‌കോറുയർത്തി പഞ്ചാബ് കിങ്‌സ്. നാല് വിക്കറ്റ് നഷ്ടത്തിൽ 197 റൺസാണ് പഞ്ചാബ് എടുത്തത്. അസമിലെ ഗുവാഹത്തി ബർസാപര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തുടക്കം മുതൽ തന്നെ അടിച്ചുകളിച്ച ഓപണർമാരായ സിങ്- ധവാൻ കൂട്ടുകെട്ടിൽ 90 റൺസാണ് പിറന്നത്. 60 റൺസെടുത്ത സിങ് സ്‌കോർ ബോർഡിൽ 90 റൺസ് തെളിഞ്ഞുനിൽക്കെ അടിച്ചുയർത്തിയ ജേസൺ ഹോൾഡറുടെ പന്ത് ജോസ് ബട്ട്‌ലർ കൈയിലൊതുക്കുകയായിരുന്നു.

പങ്കാളി പോയെങ്കിലും കുലുങ്ങാതെ നിന്ന ക്യാപ്റ്റൻ പിന്നീടങ്ങോട്ട് ചൂടൻ ഷോട്ടുകൾ പായിച്ചുതുടങ്ങി. ഇതിനിടെ, സിങ് പോയതോടെ വൺ ഡൗണായെത്തിയ ഭാനുക രാജപക്‌സ ഒരു റൺസെടുത്ത് പരിക്കേറ്റ് മടങ്ങി. തുടർന്നെത്തിയ ജിതേഷ് ശർമയ്‌ക്കൊപ്പം ചേർന്ന് കൂറ്റനടികളിലൂടെ സ്‌കോർ ഉയർത്തിയ ധവാൻ ഇതിനിടെ ഫിഫ്റ്റിയും കടന്നു. എന്നാൽ 158ാം റൺസിൽ ചഹലിന്റെ പന്തിൽ റിയാൻ പരാഗ് ക്യാച്ചെടുത്ത് ജിതേഷ് ശർമയും തുടർന്ന് സ്‌കോർ ബോർഡിൽ ഒരു റൺസ് കൂടി ചേരുമ്പോഴേക്കും സിക്കന്തർ റാസയും കൂടാരം കയറി.

16 പന്തിൽ 27 റൺസായിരുന്നു ധവാന് മികച്ച പിന്തുണ നൽകിയ ജിതേഷ് ശർമയുടെ സമ്പാദ്യം. എന്നാൽ രണ്ട് പന്ത് നേരിട്ടെങ്കിലും ഒരു റൺസെടുക്കാനേ റാസയ്ക്ക് സാധിച്ചുള്ളൂ. തുടർന്നെത്തിയ ഷാരൂഖ് ഖാൻ പത്ത് പന്തിൽ 11 റൺസെടുത്ത് മടങ്ങി. ഹോൾഡറുടെ പന്തിൽ ബട്ട്‌ലറുടെ കൈയിലാണ് ഷാരൂഖും കുടുങ്ങിയത്. 56 ബോൾ നേരിട്ട കപ്പിത്താൻ പുറത്താവാതെ 86 റൺസാണ് സ്‌കോർബോർഡിൽ ചേർത്തത്. ധവാന്റെ മികവിലാണ് പഞ്ചാബ് രാജസ്താന് മുന്നിൽ കൂറ്റൻ സ്‌കോറുയർത്തിയത്.

തുടർന്നെത്തിയ സാം കരണ് പ്രകടനം പുറത്തെടുക്കാൻ പന്തുകൾ ലഭിച്ചില്ല. രണ്ട് പന്തുകൾ നേരിട്ട കരൺ ഒരു റൺസെടുത്ത് പുറത്താവാതെ നിന്നു. ഒടുവിൽ കളിയവസാനിക്കുമ്പോൾ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെന്ന കൂറ്റൻ വിജയലക്ഷ്യമുയർത്തിയാണ് ധവാനും കരണും പവലിനയിലേക്ക് മടങ്ങിയത്.

കൊൽക്കത്തയുമായി നടന്ന ആദ്യ മത്സരത്തിലും പഞ്ചാബിനൊപ്പമായിരുന്നു വിജയം. മഴ കളിമുടക്കിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഏഴു റൺസിനായിരുന്നു ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഭാനുക രജപക്‌സ, ക്യാപ്റ്റൻ ശിഖർ ധവാൻ എന്നിവരുടെ മികവിൽ ആദ്യ മത്സരത്തിലും മികച്ച സ്‌കോറുയർത്തിയിരുന്നു.

എന്നാൽ മറുവശത്ത്, ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ 72 റൺസിന്റെ തകർപ്പൻ ജയത്തിന്റെ കരുത്തോടെയാണ് സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ ഇന്ന് ധവാൻ പടയെ നേരിടുന്നത്. അർധ സെഞ്ച്വറികളുമായി ക്യാപ്റ്റൻ സഞ്ജു സാംസണും ജോസ് ബട്‌ലറും യശസ്വി ജയസ്വാളും തകർപ്പൻ ഫോമാണ് കാഴ്ച വച്ചത്. ഇന്നത്തെ മത്സരത്തിലും വിജയം തുടരാനാണ് സഞ്ജുവും സംഘവും ഇറങ്ങുന്നത്.



TAGS :

Next Story