Quantcast

രജത് പട്ടീഥാർ: ആർ.സി.ബി ട്രാൻസ്ഫർമേഷനിലെ എഞ്ചിൻ

MediaOne Logo

Sports Desk

  • Updated:

    2024-05-20 11:45:10.0

Published:

20 May 2024 11:44 AM GMT

Rajat Patidar
X

പവർ ​േപ്ലയിൽ വെടിക്കെട്ട് തീർക്കാൻ ആളുണ്ട്. ഡെത്ത് ഓഫറിൽ ഫിനിഷ് ചെയ്യാനും ആൾ റെഡിയാണ്. പക്ഷേ ഒരു ഇന്നിങ്സിന്റെ നട്ടെല്ലാകുന്ന മധ്യ ഓവറുകളിൽ ടീമിനെ എടുത്തുയർത്താൻ ആരുമില്ല. സാക്ഷാൽ വിരാട് കോഹ്‍ലി പവർ​​േപ്ലക്ക് ശേഷം പ്രത്യേകിച്ചും സ്പിന്നർമാർക്ക് മുന്നിൽ പരുങ്ങുന്നു. പൊന്നും വിലക്ക് ടീമിലെത്തിച്ച കാമറൂൺ ഗ്രീനും ​െഗ്ലൻ മാക്സ്വെല്ലും ക്രീസിൽ ദുരന്തമായി മടങ്ങുന്നു. ടീമാകട്ടെ, അടിമുടി തോൽവിയിലും.

ആദ്യപകുതിയിൽ ​ദുരന്തമായ ടീമിന് േപ്ല ഓഫിലേക്ക് പോകാൻ ഒരു രക്ഷകനെ വേണ്ടിയിരുന്നു. സൂപ്പർതാരങ്ങളും കോടിക്കണക്കിന് രൂപനൽകിയെത്തിച്ച താരങ്ങളുമെല്ലാം പരാജയമായിടത്ത് ഒരു ഇന്ത്യക്കാരൻ ടീമിനായി അവതരിച്ചു.

രജത് പട്ടീഥാർ.

ആർ.സി.ബിയുടെ കിതപ്പിലും കുതിപ്പിലും ഇയാൾക്ക് ഒരുപോലെ പങ്കുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സിലൂടെ ഒന്ന് ക​ണ്ണോടിച്ചാൽ എളുപ്പം മനസ്സിലാകും. മത്സരങ്ങൾ ആദ്യപകുതി പിന്നിട്ടപ്പോൾ 18.2 ആവറേജിൽ പട്ടീഥാർ സീസണിലുടനീളം നേടിയിരുന്നത് 109 റൺസ് മാത്രമായിരുന്നു. മുംബൈ ഇന്ത്യൻസുമായുള്ള മത്സരത്തിൽ മാത്രമാണ് താരം നന്നായി ബാറ്റേന്തിയത്. അന്ന് 26 പന്തിൽ 50 റൺസെടുത്ത പട്ടീഥാർ തന്റെ എബിലിറ്റി പുറത്തെടുത്തെങ്കിലും മത്സരം പരാജയപ്പെടുകയും തുടർമത്സരങ്ങളിൽ നന്നായി കളിക്കാതിരിക്കുകയും ചെയ്തതോടെ ആരും അത് ശ്രദ്ധിച്ചില്ല. കോഹ്‍ലിയും മാക്സ്വെല്ലും ഗ്രീനും ഡി.കെയുമെല്ലാം അടങ്ങുന്ന ബാറ്റിങ് നിരയിൽ ഇങ്ങനെയാരാൾ അവതരിക്കുമെന്ന് എതിർടീം ബൗളർമാരും പ്രതീക്ഷിച്ചില്ല.

സീസണിൽ ആർ.സി.ബിയുടെ തലവരമാറുന്നത് എട്ടാം മത്സരം മുതലാണ്. അന്ന് കൊൽക്കത്ത ഉയർത്തിയ 223 റൺസ് പിന്തുടർന്ന ആർ.സി.ബി ഒരു റണ്ണകലെയാണ് വീണത്. 23 പന്തിൽ 52 റൺസെടുത്ത പട്ടീഥാർ അന്ന് വിൽജാക്സിനൊപ്പം ചേർന്ന് മധ്യഓവറുക​ളിൽ ടീമി​നെ എടുത്തുയർത്തി. തൊട്ടുപിന്നാലെ ആർ.സി.ബി നിരന്തരമായി മത്സരങ്ങൾ വിജയിച്ചുതുടങ്ങിയപ്പോളെല്ലാം പട്ടീഥാറിന്റെ ബാറ്റ് ഉറക്കെ ശബ്ദിച്ചു. ഹൈദരാബാദിനെതിരെ 20 പന്തിൽ 50 റൺസും പഞ്ചാബിനെതിരെ 23 പന്തുകളിൽ 55 റൺസും ഡൽഹിക്കെതിരെ 32 പന്തുകളിൽ 52 റൺസും കുറിച്ചു. നിർണായകമായ ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ സ്പിന്നർമാർ കളം പിടിച്ചുതുടങ്ങിയ നേരത്ത് ക്രീസിലെത്തിയ പട്ടീഥാർ 23 പന്തുകളിൽ 41 റൺസെടുത്ത് കളിയുടെ മൊമന്റം അടിമുടി മാറ്റിയെടുത്തു.

സ്പിന്നർമാർക്കെതിരെ ആത്മവി​ശ്വാസത്തിന്റെ പരകോടിയിൽ ബാറ്റേന്തുന്നതാണ് പട്ടീഥാറുടെ മിടുക്ക്. സ്പിന്നിന്റെ വേരിയേഷൻ നോക്കി സ്വന്തം കൈകളുടെ പ്രഹരശേഷിയിലുള്ള ആത്മവിശ്വാസത്തിൽ ഷോട്ടുകളുതിർക്കുന്നതാണ് അയാളുടെ രീതി. സീസണിൽ ഇതുവരെ ആ ബാറ്റിൽനിന്നും 14 ബൗണ്ടറികൾ മാത്രമാണ് പിറന്നതെങ്കിൽ 31 സിക്സറുകൾ ഗ്യാലറിയിലേക്ക് പറന്നിറങ്ങി. പവർ​േപ്ലക്കും ഡെത്ത് ഓവറിനുമിടയിൽ പന്തെറിയാനെത്തുന്ന സ്പിന്നർമാരെല്ലാം ആ ബാറ്റിന്റെ ചൂടറിഞ്ഞാണ് മടങ്ങിയത്. എന്താണോ ​െഗ്ലൻ മാക്സ് വെല്ലിൽ നിന്നും ടീം പ്രതീക്ഷിച്ചിരുന്നത് അതുതന്നെ ഒരു പക്ഷേ അതിനേക്കാൾ പട്ടീഥാർ ടീമിനായി നൽകി. പട്ടീഥാറുടെ ഉജ്ജ്വല പ്രകടനങ്ങൾ കോഹ്‍ലിയടക്കമുള്ള ടീമിലെ ബാറ്റർമാരെയെല്ലാം പോസിറ്റീവായി സ്വാധീനിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ ഇൻ​ഡോറിൽ നിന്നുള്ള ഈ 30 കാരൻ 2021ലാണ് ആർ.സി.ബിയിലെത്തുന്നത്. ആ സീസണിൽ വെറും 4 മത്സരങ്ങളിൽ മാത്രമാണ് കളത്തിലിറങ്ങാനായത്. തൊട്ടുപിന്നാലെ ടീമിൽ നിന്നും റിലീസ് ചെയ്ത പട്ടീഥാറെ മറ്റൊരു താരത്തിന് പരിക്കേറ്റതിനാൽ 2022ൽ ആർ.സി.ബി തിരിച്ചുവിളിച്ചു. വെറും 20 ലക്ഷമാണ് താരത്തിന് ടീം നൽകിയിരുന്നത്. എന്നാൽ എലിമിനേറ്ററിൽ ലഖ്നൗക്കെതിരെ കൂട്ടത്തകർച്ചയിലേക്ക് പോകുകയായിരുന്ന ടീമിനായി പട്ടീഥാർ അവതരിച്ചു. 54 പന്തുകളിൽ 112 റൺസടിച്ചുകൂട്ടി ടീം സ്കോർ 200 കടത്തിയാണ് അന്ന് മത്സരം അവസാനിപ്പിച്ചത്. 2023 സീസൺ പരിക്കുമൂലം നഷ്ടമായ താരം ഈ സീസണോടെ ഐപിഎല്ലിൽ സ്വന്തമായി ഒരു കസേര വലിച്ചിട്ടിരിക്കുന്നു. ആദ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലുടെ ഒരു ഏകദിനത്തിലും 3 ടെസ്റ്റുകളിലും ഇന്ത്യൻ ജേഴ്സിയണിഞ്ഞിട്ടുണ്ട്. പക്ഷേ സാന്നിധ്യമറയിക്കാൻ ഇതുവരെയായിട്ടില്ല. ഈ സീസൺ പട്ടീഥാറെന്ന താരത്തിന്റെ കരിയറിനെ എ​ന്നെന്നേക്കുമായി മാറ്റുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

TAGS :

Next Story