രഞ്ജി ട്രോഫി ക്രിക്കറ്റ്: ഛത്തീസ്ഗഢിനെതിരെ നിർണായക ലീഡ് സ്വന്തമാക്കി കേരളം
ആദ്യ ഇന്നിങ്‌സിൽ സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർ കേരളത്തിനായി തിളങ്ങിയിരുന്നു
ഛത്തീസ്ഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഛത്തീസ്ഗഢിനെതിരായ മത്സരത്തിൽ നിർണായക ലീഡ് സ്വന്തമാക്കി കേരളം. മൂന്നാം ദിനം കളി നിർത്തുമ്പോൾ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റൺസെന്ന നിലയിലാണ്. കേരളത്തിന് ഇപ്പോൾ 107 റൺസിന്റെ ലീഡായി.
കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 350ന് ഛത്തീസ്ഗഢിന്റെ മറുപടി 312ൽ അവസാനിക്കുകയായിരുന്നു. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ നിതീഷ് എം.ഡി, ജലജ് സക്‌സേന എന്നിവരാണ് കേരളത്തിന് നിർണായക ലീഡ് സമ്മാനിച്ചത്. ബേസിൽ തമ്പി രണ്ട് വിക്കറ്റെടുത്തു.
കെ.ഡി എക്‌നാഥാണ്(118) ഛത്തീസ്ഗഢിന്റെ ടോപ് സ്‌കോറർ. താരത്തെ പുറത്താക്കാൻ കേരളത്തിനായില്ല. സഞ്ജീത് ദേസായി 56, അജയ് മണ്ഡൽ 63 എന്നിവരും തിളങ്ങി. ആദ്യ ഇന്നിങ്‌സിൽ രോഹൻ പ്രേം(54) സച്ചിൻ ബേബി(91) സഞ്ജു സാംസൺ(57) മുഹമ്മദ് അസ്ഹറുദ്ദീൻ(85) എന്നിവരുടെ ബലത്തിലാണ് കേരളം 350 റൺസ് നേടിയത്.
രണ്ടാം ഇന്നിങ്സില്‍ രോഹന്‍ കുന്നുമ്മല്‍ (36), രോഹന്‍ പ്രേം (17) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്. ആറ് റണ്‍സുമായി സച്ചിന്‍ ബേബിയും നാല് റണ്‍സുമായി വിഷ്ണു വിനോദുമാണ് ക്രീസില്‍.
Adjust Story Font
16