ആരാധകരെ ആവേശത്തിലാക്കി ആർ.സി.ബിയുടെ സൂപ്പർ തിരിച്ചുവരവ്
ആദ്യപകുതിയിൽ എല്ലാവരുടെയും തല്ലും ആട്ടും തുപ്പുമേൽക്കുന്ന നായകൻ. ഇൻർവെല്ലോടെ അയാളുടെ ട്രാർസഫർമേഷൻ. രണ്ടാം പകുതിയിൽ നായകന്റെ അത്യുഗൻ പ്രതികാരകഥ. മാസ് മസാല സിനിമകളുടെ സ്ഥിരം ചേരുവയാണിത്. ഈ വർഷത്തെ ഐ.പി.എൽ ഒരു മാസ് സിനിമയാണെങ്കിൽ അതിലെ നായകൻ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവാണ്.
ആദ്യത്തെ ഏഴുമത്സരങ്ങൾ അവസാനിച്ചപ്പോൾ ഒരൊറ്റ വിജയവും ആറുതോൽവിയുമോയി പുറത്തേക്കുള്ള പാതയിലായിരുന്നു ആർ.സി.ബി. ഇതിൽ തന്നെ പലമത്സരങ്ങളും പൊരുതുകപോലും ചെയ്യാതെയായിരുന്നു തോൽവി. എല്ലാവരും ആർ.സി.ബിയെ പുച്ചിച്ചുതള്ളി. ക്രൂരമായി പരിഹസിച്ചു. വിരാട് കോഹ്‍ലിയുടെ സ്ട്രൈക്ക് റേറ്റ്, ഡുെപ്ലസിസിന്റെ ക്യാപ്റ്റൻസി, കാമറൂൺ ഗ്രീനിന്റെ ദുരന്ത പ്രകടനം, സിറാജിന്റെ തല്ലുകൊള്ളൽ, മാക്സ്വെല്ലിന്റെ ഇൻകൺസ്റ്റിൻസി എന്നിവയെയെല്ലാം കീറിമുറിക്കപ്പെട്ടു. ടീമിനെ അടിമുടി പിരിച്ചുവിടണം അല്ലെങ്കിൽ കോഹ്‍ലിയെ റിലീസ് ചെയ്ത് രക്ഷപ്പെടുത്തണമെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. ആർ.സി.ബിക്ക് ഇനി േപ്ല ഓഫിലേക്ക് മുന്നേറണമെങ്കിൽ അത്ഭുതം വേണമെന്ന തരത്തിലുള്ള ഒരു സാധ്യത ലിസ്റ്റും സോഷ്യൽ മീഡിയിൽ പ്രചരിച്ചു.
അങ്ങനെ ഐ.പി.എൽ രണ്ടാംപകുതിയിലേക്ക്. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിലാണ് ആർ.സി.ബിയുടെ ആദ്യമത്സരം. കൊൽക്കത്ത ഉയർത്തിയ 222 റൺസ് പിന്തുടർന്ന ആർ.സി.ബി ഒരു റൺസകലെ വീണു. സീസണിലെ ഏഴാംതോൽവി. ആരാധകർക്ക് വീണ്ടും ഹൃദയവേദന. ഇനി േപ്ലഓഫിലേക്ക് കടക്കണമെങ്കിൽ എല്ലാ മത്സരങ്ങളും വിജയിക്കണം. എന്നാൽ പോലും എത്തണമെന്നില്ല. എന്നാൽ ആർ.സി.ബിക്ക് േപ്ല ഓഫിനേക്കാളുമുപരി ഏത് പ്രതിസന്ധിയിലും തങ്ങൾക്കായി ആർത്തുവിളിക്കുന്ന ആരാധകർക്ക് മുന്നിൽ തലയുയർത്തുകയായിരുന്നു ലക്ഷ്യം. പിന്നീടങ്ങോട്ട് ഒരു തേരോട്ടമായിരുന്നു. ആദ്യപകുതിയിൽ വിമർശനം നേരിട്ട താരങ്ങളെല്ലാം ഉണർന്നെണീറ്റു. ആദ്യം ഹൈദരാബാദിനെ 35 റൺസിന് വീഴ്ത്തി സ്വീറ്റ് റിവഞ്ച്. തൊട്ടുപിന്നാലെ ഗുജറാത്തിനെ അവരുടെ സ്റ്റേഡിയത്തിലിട്ട് ഒൻപത് വിക്കറ്റിന് തീർത്തു. തൊട്ടുപിന്നാലെ ഹോം ഗ്രൗണ്ടിലിട്ട് ഒരിക്കൽ കൂടി ഗുജറാത്തിനെ മലർത്തിയടിച്ച് അവരുടെ േപ്ലഓഫ് സാധ്യതകളെത്തന്നെ തുലാസിലാക്കി.
ആധികാരിക വിജയങ്ങൾ കണ്ട് ആരാധകർക്ക് പ്രതീക്ഷകളുദിച്ചു. ഇനി മൂന്നുമത്സരങ്ങൾ. പഞ്ചാബ്, ഡൽഹി, ചെന്നൈ എന്നിവരാണ് എതിരാളികൾ. മൂന്നുംേപ്ല ഓഫ് സാധ്യതയുള്ളവർ. ഇതിൽ പഞ്ചാബിനെ 60 റൺസിനും ഡൽഹിയെ 47 റൺസിനും തോൽപ്പിച്ച് ആർ.സി.ബി പ്രതീക്ഷകൾ വാനോളമുയർത്തിയിരിക്കുന്നു. മെയ് 18ന് ചെന്നൈയുമായാണ് ആർ.സി.ബിയുടെ നിർണായകമത്സരം. ഇതിൽ വിജയം അനിവാര്യം. വെറുതെവിജയിച്ചാൽ പോരാ. ആദ്യം ബാറ്റുചെയ്യുകയാണെങ്കിൽ 18 റൺസിന് വിജയിക്കണം. അതല്ലെങ്കിൽ 11 പന്തുകൾ ബാക്കിനിൽക്കെ ചേസ്ചെയ്യണം. ഇങ്ങനെയൊക്കെ നടന്നാലും േപ്ല ഓഫ് ഉറപ്പില്ല. ലഖ്നൗ ഒരു മത്സരമെങ്കിലും തോറ്റാലേ ഇതെല്ലാം പരിഗണിക്കപ്പെടൂ. അതല്ലെങ്കിൽ 14 പോയന്റുള്ള ഹൈദരാബാദ് ഇനിയുള്ള രണ്ടുമത്സരങ്ങളും പരാജയപ്പെടണം. റൺറേറ്റിൽ പിന്നിലായതിനാൽ തന്നെ ഗുജറാത്തും ഡൽഹിയും ഇനിയൊരു വെല്ലുവിളിയല്ല.
രണ്ടാം പകുതിയിലെ ആർ.സി.ബിയുടെ ട്രാൻസ്ഫർമേഷന് ഒരുപാട് കാരണങ്ങളുണ്ട്. വിരാട് കോഹ്‍ലി മികച്ച സ്ട്രൈക്ക് റേറ്റിൽ വിമർശകരുടെ വായടപ്പിച്ചതാണ് ഇതിൽ പ്രധാനം. 661 റൺസുമായി ഓറഞ്ച് കിരീടം തലയിൽവെച്ച കിങ് തന്നെയാണ് അവരുടെ പടനായകൻ. മാക്സ്വെല്ലിന് പകരം ഇടം പിടിച്ച വിൽജാക്സ്, ഫീൽഡിലും ബൗളിങ്ങിലും ബാറ്റിങ്ങിലും ആത്മാർഥമായി പണിയെടുത്തുതുടങ്ങിയ കാമറൂൺ ഗ്രീൻ, തല്ലുകൊള്ളുന്നത് കുറച്ച ബൗളർമാർ, ഫിനിഷർ ഡി.കെ എന്നിവർക്കെല്ലാം ഇതിൽ ക്രെഡിറ്റുണ്ട്. പക്ഷേ ഇതിനേക്കാളെല്ലാം നിർണായക പ്രകടനം നടത്തിയ ഒരാളുണ്ട്. രജത് പട്ടീഥാർ. സീസണിൽ അഞ്ചുഅർധ സെഞ്ച്വറികൾ ഇതുവരെ അയാൾ കുറിച്ചു. പവർേപ്ലക്ക് ശേഷം റൺസ് കുറയുന്നതായിരുന്നു ആർ.സി.ബി നേരിട്ട ഏറ്റവും വലിയ പ്രശ്നം. എന്നാൽ സ്പിന്നർമാരെ സ്റ്റേഡിയത്തിലേക്ക് അടിച്ചുപറത്തുന്ന പട്ടീഥാർ മിഡിൽ ഓവറുകളിൽ ആർ.സി.ബിയുടെ നെടുന്തൂണായി മാറി. ഡെത്ത് ഓവറിലോ പവർേപ്ലയിലോ അധികം ബാറ്റ് ചെയ്യാതെത്തന്നെ വലിയ സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന പട്ടീഥാറാണ് ഈ ട്രാൻസ്ഫർമേഷനിലെ ഏറ്റവും വലിയ ഹീറോ.
ആർ.സി.ബി േപ്ല ഓഫ് ഇനിയും കടന്നിട്ടില്ല. കടക്കുമോ എന്ന് ഉറപ്പുമില്ല. പക്ഷേ ഉജ്ജ്വലമായി പൊരുതി അവർ ഈ ടൂർണമെന്റിനെത്തന്നെ ആവേശകരമാക്കിയിരിക്കുന്നു.
Adjust Story Font
16