എത്തിയത് 20 മിനിറ്റ് വൈകി; ജയ്‌സ്വാളിനെ കൂട്ടാതെ എയർപോർട്ടിലേക്ക് പുറപ്പെട്ട് ഇന്ത്യൻ ടീം
യുവതാരം വൈകിയെത്തിയതിൽ രോഹിത് ശർമ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്
അഡ്ലെയ്ഡ്: ബ്രിസ്‌ബെയ്‌നിലേക്കുള്ള യാത്രക്കായി ഹോട്ടലിൽ നിന്ന് ടീം ബസ് എയർപോർട്ടിലേക്ക് പുറപ്പെട്ടത് യശസ്വി ജയ്‌സ്വാളില്ലാതെ. 20 മിനിറ്റോളം വൈകി യുവതാരം ഹോട്ടൽ ലോബിയിലെത്തുമ്പോഴേക്ക് ടീം ബസ് പുറപ്പെട്ടിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാരുടെ വാഹനത്തിലാണ് താരം വിമാനത്താവളത്തിലെത്തിയത്. ശനിയാഴ്ചയാണ് ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റ്.
ഇന്നലെയാണ് ഇന്ത്യൻ ടീം അഡ്ലെയ്ഡിൽ നിന്ന് മൂന്നാം ടെസ്റ്റ് വേദിയായ ബ്രിസ്‌ബേനിലേക്ക് പോയത്. പ്രാദേശിക സമയം രാവിലെ 10നായിരുന്നു ബ്രിസ്‌ബേനിലേക്കുള്ള വിമാനം. ഇതുപ്രകാരം 8.30ന് ടീം അംഗങ്ങളെല്ലാം ഹോട്ടലിൽ നിന്ന് വിമാനത്താവളത്തിലേക്ക് ഇറങ്ങണമെന്ന നിർദേശവും നൽകി. ക്യാപ്റ്റൻ രോഹിത് ശർമയും കോച്ച് ഗൗതം ഗംഭീറും ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിലേക്ക് പോവാനായി എത്തിയിട്ടും ജയ്‌സ്വാൾ മാത്രം എത്തിയില്ല. താരങ്ങൾക്കും സപോർട്ടിങ് സ്റ്റാഫിനുമായി രണ്ട് ബസാണ് തയാറാക്കിയിരുന്നത്. എന്നാൽ വൈകിയെത്തിയതിനാൽ രണ്ടിലും കയറാൻ താരത്തിനായില്ല.
ജയ്‌സ്വാൾ വൈകിയതിൽ രോഹിത് ശർമ കടുത്ത അതൃപ്തി രേഖപ്പെടുത്തിതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുണ്ട്. ബസിൽ നിന്നിറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ ജയ്‌സ്വാൾ എവിടെയെന്ന് ചോദിച്ച് ടീം മാനേജരോടും സുരക്ഷാ ഉദ്യോഗസ്ഥരോടും ദേഷ്യപ്പെട്ടെന്നും വാർത്തയുണ്ട്. അതേസമയം, ജയ്‌സ്വാൾ വൈകിയെത്താൻ എന്താണ് കാരണമെന്നതിൽ വ്യക്തതയില്ല. വിമാനത്താവളത്തിൽ ടീം അംഗങ്ങൾക്കൊപ്പം ചേർന്ന ജയ്‌സ്വാൾ ടീമിനൊപ്പമാണ് ബ്രിസ്‌ബേനിലേക്ക് പോയത്.
Adjust Story Font
16