സച്ചിനും യുവരാജും സേവാഗും വീണ്ടും കളത്തിലേക്ക്; വിരമിച്ച താരങ്ങൾക്കായി പ്രീമിയർലീഗ് ആശയവുമായി ബി.സി.സി.ഐ
മുൻ ഇന്ത്യൻ താരങ്ങൾ ബി.സി.സി.ഐ സെക്രട്ടറി ജയ്ഷായെ നേരിൽകണ്ട് ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചു
മുംബൈ: വിരമിച്ച താരങ്ങൾക്കായി ഐ.പി.എൽ മാതൃകയിൽ ടൂർണമെന്റ് സംഘടിപ്പിക്കാനുള്ള ആശയവുമായി ബി.സി.സി.ഐ. നിലവിൽ നടന്നുവരുന്ന ഇന്ത്യൻ പ്രീമിയർലീഗിനും വുമൺസ് പ്രീമിയർ ലീഗിനും പുറമെയാണ് വിരമിച്ച താരങ്ങൾക്കായി ലീഗ് സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ബോർഡ് ചർച്ച നടത്തിവരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ താരങ്ങൾ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ കണ്ട് ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകാൻ ക്രിക്കറ്റ് ബോർഡ് തയാറായില്ല. എന്നാൽ ആശയം പരിഗണിക്കാമെന്നും അടുത്തവർഷം നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും വ്യക്തമാക്കി.
നിലവിൽ മത്സരരംഗത്ത് ഇല്ലാത്ത സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിങ്, വിരേന്ദർ സെവാഗ്, ക്രിസ് ഗെയ്ൽ, എബി ഡി വില്ലിയേഴ്സ്, ബ്രെട്ട് ലീ തുടങ്ങി ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെല്ലാം വീണ്ടും കളിക്കളത്തിൽ ഇറങ്ങിയേക്കും. നേരത്തെ റോഡ് സേഫ്റ്റി ലോക സീരിസ്, ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗ്, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ്, ഗ്ലോബൽ ലെജൻഡ്‌സ് ലീഗ് എന്നിവയാണ് നിലവിൽ വിരമിച്ച താരങ്ങൾ പങ്കെടുക്കുന്നത്. ഈ മത്സരങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും ഇത്തരമൊരു ലീഗ് എന്ന ആശയത്തിലേക്ക് ബി.സി.സി.ഐയെ എത്തിക്കുന്നു.
ഐ.പി.എൽ മാതൃകയിൽ വിവിധ സിറ്റികളുടെ ഭാഗമായാകും താരങ്ങൾ കളത്തിലിറങ്ങുക. സച്ചിൻ ടെണ്ടുൽക്കറും യുവരാജ് സിങും ഉൾപ്പെടെയുള്ളവർ മാർക്കി താരങ്ങളാകും. ടി20യിൽ നിന്ന് വിരമിച്ചെങ്കിലും ഏകദിന-ടെസ്റ്റ് ടീമിലുള്ളതിനാൽ രോഹിത് ശർമക്കും വിരാട് കോഹ് ലിക്കും പങ്കെടുക്കാനാകില്ല. എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച താരങ്ങൾക്ക് മാത്രമാകും ലീഗിൽ കളിക്കാനുള്ള അവസരമുണ്ടാകുക.
Adjust Story Font
16