എന്തുകൊണ്ട് സഞ്ജു ടീമിലുൾപ്പെട്ടില്ല? ആരാണ് പ്രതി?

ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനത്തിന് പിന്നാലെ ഏറ്റവും ചർച്ചയായ രണ്ട് പേരുകൾ സഞ്ജു സാംസണും കരുൺ നായരുമാണ്. ഒരാൾ അസ്സൽ മലയാളി. മറ്റൊരാൾ പാതി മലയാളി. മലയാളി വൈകാരിക മാത്രമല്ല, ഇരുവരുടെയും പുറത്താകലിനെപ്പറ്റി ദേശീയ മാധ്യമങ്ങളടക്കം ചർച്ച ചെയ്യുന്നു.
എന്തുകൊണ്ട് സഞ്ജു ടീമിലിടം പിടിച്ചില്ല? ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കിൽ കുറച്ച് പിറകോട്ട് പോകണം. ഗൗതം ഗംഭീർ ഇന്ത്യൻ കോച്ചായി വരുന്നത് വരെ സഞ്ജു പൊതുവേ ഏകദിന ടീമുകളിലാണ് ഉൾപ്പെട്ടിരുന്നത്. ഗംഭീർ യുഗത്തിന് മുമ്പ് ഇന്ത്യ ഏറ്റവുമൊടുവിൽ ഏകദിന പരമ്പര കളിച്ചത് ദക്ഷിണാഫ്രിക്കയിലായിരുന്നു. ആ പരമ്പരയിലെ അവസാന മത്സരത്തിൽ സെഞ്ച്വറി നേടിക്കൊണ്ട് സഞ്ജു ഒരു സ്ട്രോങ് സ്റ്റേറ്റ്മെന്റ് നടത്തി. ബോളണ്ട് പാർക്കിൽ ദക്ഷിണാഫ്രിക്കൻ പേസ് പടക്കെതിരെ നേടിയ ആ സെഞ്ച്വറിയോടെ സഞ്ജു ഏകദിന ടീമിൽ ഇരിപ്പിടമുറപ്പിച്ചു എന്നാണ് കരുതപ്പെട്ടത്.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഇന്ത്യൻ ക്രിക്കറ്റിൽ ദ്രാവിഡ് യുഗം അവസാനിച്ചു. മുഖ്യപരിശീലകന്റെ കസേരയിൽ ഗൗതം ഗംഭീറെത്തി. അങ്ങനെ ശ്രീലങ്കൻ പര്യടനത്തിനായുള്ള ഏകദിന ട്വന്റി 20 ടീമുകളെ പ്രഖ്യാപിച്ചു. പക്ഷേ അതിൽ സഞ്ജുവിന്റെ കാര്യം സർപ്രൈസായിരുന്നു. കളിച്ച അവസാന ഏകദിനത്തിൽ സെഞ്ച്വറിയടിച്ചിട്ടും ഏകദിന ടീമിൽ സഞ്ജുവിന് ഇടം ലഭിച്ചില്ല. അതേ സമയം കാര്യമായി ശോഭിക്കാതിരുന്ന ട്വന്റി 20 ടീമിൽ ഉൾപ്പെടുകയും ചെയ്തു.
തൊട്ടുപിന്നാലെ ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും നടന്ന ട്വന്റി 20 പരമ്പരകളിലെ തുടർ സെഞ്ച്വറികളിലൂടെ സഞ്ജു ട്വന്റി 20 ടീമിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. ഇതേ സമയം ഏകദിന ക്രിക്കറ്റ് അയാൾക്ക് മുന്നിൽ ഒരു കാരണവുമില്ലാതെ വാതിലടക്കുകയും ചെയ്തു.
ഇന്ത്യക്കായി 16 ഏകദിനങ്ങളാണ് സഞ്ജു കളിച്ചത്. 56 എന്ന മികച്ച ആവറേജിൽ 510 റൺസാണ് താരത്തിന്റെ സമ്പാദ്യം. മൂന്ന് അർധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഇതിലുൾപ്പെടും. വിക്കറ്റ് കീപ്പർ ബാറ്ററാണല്ലോ സഞ്ജു. അങ്ങനെയെങ്കിൽ ഇപ്പോൾ ടീമിലുൾപ്പെട്ട കെഎൽ രാഹുൽ, റിഷഭ് പന്ത് എന്നിവരോട് സഞ്ജുവിന്റെ സ്റ്റാറ്റ്സ് മാറ്റുരക്കണം. 77 മത്സരങ്ങളിൽ നിന്നും 49 ആവറേജുള്ള അനുഭവസമ്പന്നായ കെഎൽ രാഹുലിനെ വാദത്തിന് മാറ്റിനിർത്താം. റിഷഭ് പന്തുമായി താരതമ്യം ചെയ്യുമ്പോൾ എന്തുകൊണ്ടും സഞ്ജു കാതങ്ങൾ മുന്നിലാണ്. 31 ഏകദിനങ്ങളിൽ കളിച്ച പന്ത് 33 ശരാശരിയിൽ 871 റൺസാണ് ഇതുവരെ നേടിയത്.
എന്നിട്ടും സഞ്ജു എന്തുകൊണ്ട് അവഗണിക്കപ്പെട്ടു. സുനിൽ ഗവാസ്കർ അതിന് വിചിത്രമായ ഒരു ന്യായീകരണമാണ് നൽകുന്നത്. സഞ്ജു പന്തിനേക്കാൾ മികച്ച ബാറ്റർ തന്നെയാണ്. പക്ഷേ പന്താണ് ഗെയിം ചേഞ്ചർ. കൂടാതെ പന്ത് ഇടം കൈയ്യനായതും സഞ്ജുവിനേക്കാൾ മെച്ചപ്പെട്ട കീപ്പറായതും കാരണമാണ് ഇങ്ങനൊരു സെലക്ഷൻ എന്നാണ് ഗവാസ്കറുടെ വാദം.
ഗംഭീറിന് സഞ്ജുവിനെ ഉൾപ്പെടുത്താൻ താൽപര്യമുണ്ടായിരുന്നു. പക്ഷേ രോഹിത് ശർമക്കും അജിത് അഗാർക്കർക്കും പ്രിയപ്പെട്ടവൻ റിഷഭ് പന്തായതിനാലാണ് ഇങ്ങനൊരു തീരുമാനം എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
സഞ്ജുവിനെ ഉൾപ്പെടുത്താത്തിലുള്ള മറ്റൊരു വാദമായി പറയുന്നത് വിജയ് ഹസാരെ ട്രോഫി കളിച്ചില്ല എന്നതാണ്. സഞ്ജുവിന് വേണ്ടി എന്നും രംഗത്തുവരാറുള്ള ശശി തരൂർ അടക്കം ഈ വാദക്കാരനാണ്. വിജയ് ഹസാരെ ട്രോഫി ടീമിൽ ഉണ്ടാകില്ലെന്ന് സഞ്ജു മുൻകൂട്ടി അറിയിച്ചിട്ടും കെസിഎ അധികാരികൾ ഈഗോ കാരണം സഞ്ജുവിനെ പുറത്തിരുത്തി എന്നതാണ് തരൂരിന്റെ ആരോപണം. ഇതിന് പിന്നാലെ കെസിഎ അധ്യക്ഷൻ ജയേഷ് ജോർജ് സഞ്ജുവിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി.
‘‘വിജയ് ഹസാരെ ട്രോഫിയിൽ എന്തുകൊണ്ടാണ് സഞ്ജുവിനെ ഉൾപ്പെടുത്താത്ത് എന്നതിന് മറുപടിയുണ്ട്. ടൂർണമെന്റിനുള്ള 30 അംഗ ക്യാമ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോൾ സഞ്ജു ടീമിലുണ്ടായിരുന്നു. സഞ്ജു തന്നെ ടീമിനെ നയിക്കുമെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. പക്ഷേ അദ്ദേഹം ക്യാമ്പിൽ പങ്കെടുത്തില്ല. കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിക്ക് ‘വിജയ് ഹസാരെ ട്രോഫി ക്യാമ്പിൽ പങ്കെടുക്കില്ല’ എന്ന ഒറ്റവരി സന്ദേശം മാത്രമാണ് അവൻ അയച്ചത്’’
‘‘ക്യാമ്പിൽ പങ്കെടുക്കാത്തതിന്റെ കാരണം പോലും സഞ്ജു അറിയിച്ചില്ല. ഏത് താരമായാലും കേരള ക്രിക്കറ്റ് അസോസിയേഷന് ഒരു പോളിസിയുണ്ട്. സഞ്ജുവിന് തോന്നുമ്പോൾ കളിക്കാനുള്ളതല്ല കേരള ക്രിക്കറ്റ് ടീമെന്ന് മനസ്സിലാക്കണം. മറ്റുതാരങ്ങൾക്ക് റോൾ മോഡലാകേണ്ട സഞ്ജു ഇങ്ങനെ ചെയ്യുന്നത് ശരിയല്ല’’’’ -ജയേഷ് ജോർജ് മീഡിയവണിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
സഞ്ജുവിനെ ടീമിലുൾപ്പെടുത്താതെ പോയതിൽ കെസിഎ ഇടപെടലുണ്ടോ എന്ന് നമുക്കറിയില്ല. ഈ വിവാദത്തെ വിടാം. വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചിരുന്നെങ്കിൽ സഞ്ജു ഉൾപ്പെട്ടേനെ എന്ന് പറയുന്നത് കേൾക്കുമ്പോൾ കരുൺ നായർ ചിരിക്കുന്നുണ്ടാകും
വിജയ് ഹസാരെ ട്രോഫിയിൽ വിദർഭക്കായി ഒരു മനുഷ്യജന്മത്തിന് സാധ്യമാകുന്ന തരത്തിൽ കരുൺ ബാറ്റേന്തിയിട്ടുണ്ട്. ഏഴ് ഇന്നിങ്സുകളിൽ നിന്നായി നേടിയത് 752 റൺസ്. 389 എന്ന കൂറ്റൻ ആവറേജും.
എന്തുകൊണ്ടാണ് കരുൺ നായർ ടീമിലില്ലാത്തതെന്ന് അജിത് അഗാർക്കർക്ക് മുന്നിൽ ചോദ്യമെത്തിയിരുന്നു. അതിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. ‘‘ഇങ്ങനെയൊക്കെ ഒരു താരത്തിന് ആവറേജുണ്ടാകുന്നത് അസാധ്യമാണ്. ഇതുപോലുള്ളവ വളരെ അപൂർവമായി സംഭവിക്കുന്നതാണ്. പക്ഷേ 15 സ്പോട്ടുകളേ ഇവിടെയുള്ളൂ. എല്ലാവരെയും അതിലുൾപ്പെടുത്താനാകില്ല’’ അഗാർക്കർ പറഞ്ഞു
കരുൺ നായറുടെ പുറത്താകൽ വലിയ ചർച്ചയായിട്ടുണ്ട്. ടാറ്റൂ അടിക്കാത്തതിനാലാണോ കരുണിനെ ടീമിലുൾപ്പെടുത്താത്തതെന്ന് ഹർഭജൻ നേരത്തേ ചോദിച്ചിരുന്നു.
കരുണിനെ ഒരു ബാക്കപ്പ് ഓപ്ഷനായെങ്കിലും ടീമിൽ ഉൾപ്പെടുത്താമയിരുന്നു. കാരണം ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം കൊണ്ട് വലിയ കാര്യമില്ല എന്ന സന്ദേശം കൂടിയാണ് ഇതിലൂടെ ബിസിസിഐ നൽകുന്നത്.
Adjust Story Font
16