‘‘പത്തുവർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണിത്’’; വൈകാരിക പ്രതികരണവുമായി സഞ്ജു
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഡർബനിലെ കിങ്സ്മീഡ് സ്റ്റേഡിയത്തിൽ നേടിയ തകർപ്പൻ സെഞ്ച്വറിക്ക് പിന്നാലെ വൈകാരിക പ്രതികരണവുമായി സഞ്ജു.
െപ്ലയർ ഓഫ് ദി മാച്ച് സ്വീകരിച്ച ശേഷം സഞ്ജു സാംസൺ പ്രതികരിച്ചതിങ്ങനെ. ‘‘ഒരുപാട് ചിന്തിച്ചാൽ ഞാൻ വികാരാധീനനാകും. ഈ നിമിഷത്തിനായാണ് ഞാൻ കഴിഞ്ഞ 10 വർഷമായി കാത്തിരുന്നത്’’
‘‘നിലവിലുള്ള ഫോം പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചത്. സ്വന്തം നേട്ടത്തിനേക്കാൾ ടീമിന് മുൻതൂക്കം നൽകുന്ന അഗ്രസീവ് ബാറ്റിങ്ങിനാണ് ശ്രമിച്ചത്. ഇത് ഒരുപാട് റിസ്കുള്ള സമീപനമാണ്. ചിലപ്പോൾ വിചാരിച്ച പോലെ നടക്കും. ചിലപ്പോൾ അങ്ങനെയാകില്ല. ഇന്ന് കാര്യങ്ങൾ നന്നായി നടന്നതിൽ സന്തോഷം’’ -സഞ്ജു പ്രതികരിച്ചു.
സെഞ്ച്വറിക്ക് ശേഷം സൂര്യകുമാർ യാദവ് നൽകിയ പിന്തുണയെക്കുറിച്ച് സഞ്ജുവും വാചാലനായി. ‘‘ ഞാൻ ദുലീപ് ട്രോഫിയിൽ കളിക്കുകയായിരുന്നു. അന്ന് മറ്റൊരു ടീമിനായാണ് സൂര്യ മത്സരിച്ചത്. മത്സരത്തിനിടയിൽ സൂര്യ എന്നോട് പറഞ്ഞു -ചേട്ടാ.. അടുത്ത ഏഴ് മത്സരത്തിൽ നീ ഇന്ത്യക്കായി കളിക്കും. ഈ മത്സരങ്ങളിൽ ഓപ്പൺ ചെയ്യുക നീയാകും. എന്ത് സംഭവിച്ചാലും നിന്നെ ഞാൻ പിന്തുണക്കുമെന്നും സൂര്യ പറഞ്ഞു’’
‘‘ഇതെനിക്ക് കൃതൃത നൽകി. എന്റെ കരിയറിൽ ആദ്യമായാണ് എനിക്ക് ഇതുപോലൊരു കൃത്യക കിട്ടുന്നത്. ഇതെനിക്ക് ദൃഢനിശ്ചയംനൽകി. ഇത് മൈതാനത്തും കാര്യങ്ങൾ മാറ്റി’’ -സഞ്ജു കൂട്ടിച്ചേർത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജുവിന്റെ 107 റൺസ് മികവിൽ 202 റൺസാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ മറുപടി 141 റൺസിൽ അവസാനിച്ചു. പത്തുസിക്സറുകളും ഏഴ് ബൗണ്ടറികളും സഹിതമാണ് സഞ്ജു ട്വന്റി 20യിലെ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയത്. ഒരു ഇന്ത്യൻ താരം ട്വന്റി 20യിൽ തുടർച്ചയായി രണ്ട് തവണ സെഞ്ച്വറി നേടുന്നത് ഇതാദ്യമാണ്.
Adjust Story Font
16