'പന്ത് വന്നത് എങ്ങോട്ട് , പോയതോ': ഉത്തരമില്ലാതെ സഞ്ജു സാംസൺ, ആ വിക്കറ്റ് ഇങ്ങനെ...
19 പന്തുകൾ നേരിട്ടുവെങ്കിലും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് ഒരു ബൗണ്ടറി പോലും വന്നില്ല. ലെഗ്‌സ്പിന്നർ യാനിക് കരിയയാണ് സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തിയത്.
ബ്രിഡ്ജ്ടൗൺ: നീണ്ട ഇടവേളക്ക് ശേഷമാണ് മലയാളി താരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനിൽ ഇടം ലഭിക്കുന്നത്. എന്നാൽ ആരാധകരെയും സെലക്ടർമാരയും തൃപ്തിപ്പെടുത്താൻ സഞ്ജുവിന് ആയില്ല. നേടിയത് വെറും ഒമ്പത് റൺസ്. 19 പന്തുകൾ നേരിട്ടുവെങ്കിലും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് ഒരു ബൗണ്ടറി പോലും വന്നില്ല. ലെഗ്‌സ്പിന്നർ യാനിക് കരിയയാണ് സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തിയത്.
അക്ഷരാർഥത്തിൽ സഞ്ജു നിസഹായനായിരുന്നു. കരിയയുടെ മികച്ചൊരു പന്ത് എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായിരുന്നു രണ്ടാം ഏകദിനം. കഴിഞ്ഞ വർഷം നവംബറിലാണ് സഞ്ജു അവസാനമായി ഇന്ത്യക്ക് വേണ്ടി ഒരു ഏകദിനം കളിക്കുന്നത്. മാസങ്ങൾക്ക് ശേഷമാണ് സഞ്ജു ഇന്ത്യൻ ടീമിലെത്തുന്നത് തന്നെ. മുതിർന്ന താരങ്ങളായ വിരാട് കോഹ്ലിക്കും നായകൻ രോഹിത് ശർമ്മക്കും വിശ്രമം അനുവദിച്ചതിനെ തുടർന്നാണ് സഞ്ജുവിന്റെ പ്രവേശം.
അതേസമയം കരിയറിലെ പത്താം ഏകദിനമാണ് കാരിയ കളിക്കുന്നത്. താരത്തിന്റെ പതിനൊന്നാമത് വിക്കറ്റായിരുന്നു സഞ്ജു. പിച്ചിന്റെ മിഡിലിൽ കുത്തിയ പന്ത് അവിചാരിതമായി തിരിഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ സഞ്ജു ബാറ്റ് വലിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റിൽ കൊണ്ട പന്ത് ഫസ്റ്റ് സ്ലിപ്പിൽ ബ്രാൻഡൺ കിങിന്റെ കൈകളിൽ. എന്താണ് സംഭവിച്ചതെന്ന മട്ടില്‍ സഞ്ജു ഒരു നിമിഷം നിന്നെങ്കിലും വിന്‍ഡീസ് ആഘോഷം തുടങ്ങിയിരുന്നു. ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിക്കറ്റായിരുന്നു അത് . 24ാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു ഔട്ട്. 23ാം ഓവറിലെ അവസാന പന്തിൽ ഹാർദിക് പാണ്ഡ്യയും പുറത്തായിരുന്നു.
അതേസമയം ആറ് വിക്കറ്റിനായിരുന്നു വിൻഡീസിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് ഒപ്പമെത്തി. നിർണായകമായ മൂന്നാം ഏകദിനം ചൊവ്വാഴ്ച നടക്കും. ഇതിൽ ജയിക്കുന്നവർക്ക് പരമ്പര. ലോകകപ്പ് യോഗ്യത പോലും ലഭിക്കാത്ത വിൻഡീസിനെതിരെ പരമ്പര തോൽക്കുന്നത് ഇന്ത്യക്ക് വൻ ക്ഷീണമാണ്. ഇന്ത്യയുടെ ലോകകപ്പ് മുന്നൊരുക്കങ്ങളെയും അത് ബാധിക്കും.
Watch Video
Sanju Samson had a short stay in the middle.
— FanCode (@FanCode) July 29, 2023
.
.#INDvWIAdFreeonFanCode #INDvWI pic.twitter.com/uHLCh08YM3
Adjust Story Font
16