സർഫറാസും ജുറേലും ഇനി ബിസിസിഐ ഗ്രേഡ് സി താരങ്ങൾ; ലഭിക്കുന്ന പ്രതിഫലം ഇതാണ്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇരുവരും മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടിയിരുന്നു.
മുംബൈ: വാർഷിക കരാറിൽ രണ്ട് യുവതാരങ്ങളെ കൂടി ഉൾപ്പെടുത്തി ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച സർഫറാസ് ഖാനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ധ്രുവ് ജുറേലിനേയുമാണ് പുതുതായി കരാർ നൽകിയത്. ഒരു കോടി രൂപ വാർഷിക പ്രതിഫലമുള്ള സി ഗ്രേഡ് കരാറിലാണ് ഇരുവരെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കായി കുറഞ്ഞത് മൂന്ന് ടെസ്റ്റുകളോ എട്ട് ഏകദിനങ്ങളോ പത്ത് ടി20 മത്സരങ്ങളോ കളിച്ച താരങ്ങൾ സ്വാഭാവികമായും സി ഗ്രേഡ് കരാറിന് അർഹരാകും. മൂന്ന് ടെസ്റ്റുകൾ കളിച്ചതോടെയാണ് ഇരുവരും വാർഷിക കരാറിലേക്കെത്തിയത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇരുവരും മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടിയിരുന്നു. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധ സെഞ്ചുറി നേടിയ സർഫറാസ് മധ്യനിരയിലെ വിശ്വസ്ത താരമായി. കെഎസ് ഭരതിന് പകരം അരങ്ങേറിയ ജുറേൽ അവസാന ടെസ്റ്റിലെ മാൻഓഫ്ദിമാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. അവസാന ടെസ്റ്റിൽ നിർണായക പ്രകടനമാണ് യുവതാരം നടത്തിയത്.
അതേസമയം, രഞ്ജി കളിക്കുന്നതിൽ വിമുഖത കാണിച്ചതിന് കരാറിൽ നിന്ന് പുറത്തായ ശ്രേയസ് അയ്യരുടേയും ഇഷാൻ കിഷന്റേയും കാര്യത്തിൽ ക്രിക്കറ്റ് ബോർഡ് തീരുമാനമെടുത്തുട്ടില്ല. രഞ്ജി സെമിയിലും ഫൈനലിലും മുംബൈക്കായി ശ്രേയസ് കളത്തിലിറങ്ങിയെങ്കിലും തീരുമാനം പുന:പരിശോധിച്ചിട്ടില്ല. 7 കോടി വാർഷിക പ്രതിഫലമുള്ള ഗ്രേഡ് എ പ്ലസിൽ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് ഉൾപ്പെട്ടിട്ടുള്ളത്.
5 കോടി വാർഷിക പ്രതിഫലമുള്ള ഗ്രേഡ് എയിൽ ആർ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ എന്നിവരും മൂന്ന് കോടി പ്രതിഫലമുള്ള ഗ്രേഡ് ബിയിൽ സൂര്യ കുമാർ യാദവ്, റിഷഭ് പന്ത്, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, യശസ്വി ജയ്സ്വാൾ എന്നിവരും ഇടംപിടിച്ചു. ഗ്രേഡ് സിയിൽ ഉൾപ്പെട്ട താരങ്ങൾക്ക് ഒരുകോടിയാണ് പ്രതിഫലം. റിങ്കു സിംഗ്, തിലക് വർമ്മ, ഋതുരാജ് ഗെയ്ക്വാദ്, ഷർദുൽ താക്കൂർ, ശിവം ദുബെ, രവി ബിഷ്ണോയ്, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, കെഎസ് ഭരത്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ, രജത് പടിദാർ, ധ്രുവ് ജുറെൽ, സർഫറാസ് ഖാൻ എന്നിവരാണ് പട്ടികയിലുള്ളത്.
Adjust Story Font
16