Quantcast

വിൻഡീസ് താരോദയം ഐപിഎലിലേക്ക്; ലക്‌നൗ സൂപ്പർ ജയന്റ്‌സുമായി കരാറിൽ

ആസ്‌ത്രേലിയക്കെതിരെ അവരുടെ നാട്ടിൽ 1997 ന് ശേഷം കരീബിയൻ ടീം ചരിത്ര വിജയം നേടുമ്പോൾ ബൗളിങിൽ അവിശ്വസിനീയ പ്രകടനമാണ് ഷമാർ പുറത്തെടുത്തത്.

MediaOne Logo

Web Desk

  • Published:

    10 Feb 2024 2:24 PM GMT

വിൻഡീസ് താരോദയം ഐപിഎലിലേക്ക്; ലക്‌നൗ സൂപ്പർ ജയന്റ്‌സുമായി കരാറിൽ
X

ലക്‌നൗ: വെസ്റ്റിൻഡീസ് ക്രിക്കറ്റിലെ പുതിയ താരോദയം ഷമാർ ജോസഫ് ഐപിഎലിലേക്ക്. ലക്‌നൗ സൂപ്പർ ജയന്റ്‌സാണ് 24 കാരനെ ടീമിലെടുത്തത്. പരിക്കേറ്റ ഇംഗ്ലീഷ് പേസർ മാർക്ക് വുഡിന് പകരക്കാരനായാണ് ഷമാർ തന്റെ ആദ്യ ഇന്ത്യൻ പ്രീമിയർലീഗിലേക്ക് എത്തുന്നത്. മൂന്ന് കോടിക്കാണ് ടീമിലെടുത്തത്. താരത്തിന്റെ സർപ്രൈസ് എൻട്രി സമൂഹ മാധ്യമങ്ങളിലൂടെ ഐപിഎൽ ക്ലബ് സ്ഥിരീകരിച്ചു.

വിൻഡീസിനായി അരങ്ങേറ്റ പരമ്പരയിൽ തന്നെ വിസ്മയം തീർത്താണ് യുവ താരം ശ്രദ്ധയാകർഷിച്ചത്. അരങ്ങേറ്റ ടെസ്റ്റിൽതന്നെ അഞ്ചുവിക്കറ്റ് നേടി. ആസ്‌ത്രേലിയക്കെതിരെ അവരുടെ നാട്ടിൽ 1997 ന് ശേഷം ആദ്യമായി കരീബിയൻ ടീം ചരിത്രവിജയം നേടുമ്പോൾ ബൗളിങിൽ അവിശ്വസിനീയ പ്രകടനമാണ് ഷമാർ പുറത്തെടുത്തത്. പരമ്പരയിലെ താരവും ഷമാർ ജോസഫായിരുന്നു.

പേരുകേട്ട ഓസീസ് ബാറ്റിങ് നിരയെ നിഷ്പ്രഭമാക്കിയ യുവതാരത്തിന്റെ പ്രകടനം ഐപിഎൽ ഫ്രാഞ്ചൈസികളെയും ആകർഷിച്ചിരുന്നു. എന്നാൽ താരലേലം പൂർത്തിയായതോടെ ടീമുകൾക്ക് ഷമാറിനെ ടീമിലെത്തിക്കാനാവില്ല. സ്‌ക്വാർഡിലുള്ള താരത്തിന് പരിക്കേറ്റാൽ പകരം അവസരം നൽകാം. ഈയൊരു ഒഴിവിലേക്കാണ് ലക്‌നൗ ഷമാറിനെ കൂടാരത്തിലെത്തിച്ചത്. നേരത്തെ ദുബൈയിൽ നടക്കുന്ന ട്വന്റി 20 പരമ്പരയിൽ താരം കരാറിലെത്തിയെങ്കിലും ഓസീസ് പരമ്പരക്കിടെ കാലിനേറ്റ പരിക്ക് കാരണം പങ്കെടുത്തിരുന്നില്ല. ഇതോടെ ഐപിഎലാകും ഷമാറിന്റെ അടുത്ത പ്രധാന ട്വന്റി 20 ടൂർണമെന്റ്. 2022 ൽ 7.50 കോടി രൂപക്ക് സൂപ്പർ ജയന്റ്‌സിൽ എത്തിയ താരമാണ് മാർക്ക് വുഡ്. കഴിഞ്ഞ ഐപിഎലിൽ നാല് മത്സരങ്ങളിൽ നിന്നായി 11 വിക്കറ്റുകളാണ് പിഴുതത്.

TAGS :

Next Story