ഷെയിൻ വാട്‌സണും രഹാനെയും ഇനി സഞ്ജുവിന് പിന്നിൽ; റെക്കോർഡ്
കഴിഞ്ഞ സീസണിൽ രാജസ്ഥാനെ ഫൈനലിൽ എത്തിക്കാൻ സഞ്ജുവിന് കഴിഞ്ഞിരുന്നു
സഞ്ജു സാംസണ്‍
ഗുവാഹത്തി: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പൊരുതി നോക്കിയെങ്കിലും അഞ്ച് റൺസ് അകലെ വീണു. ജയിക്കാമായിരുന്നിട്ടും അവസാന ഓവറിലെ പഞ്ചാബിന്റെ പ്രകടനമാണ് രാജസ്ഥാന്റെ ജയം തടഞ്ഞത്. അതേസമയം ബാറ്റുകൊണ്ട് തിളങ്ങിയ നായകൻ സഞ്ജു സാംസൺ ഒരു റെക്കോർഡും സ്വന്തമാക്കി. രാജസ്ഥാനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന റെക്കോർഡാണ് സഞ്ജു, സ്വന്തം പേരിൽ ചേർത്തത്.
118 മത്സരങ്ങളിൽ നിന്ന് 3138 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇന്ത്യൻ താരം അജിങ്ക്യ രഹാനെ, ആസ്‌ട്രേലിയൻ താരം ഷെയിൻ വാട്‌സൺ എന്നിവരെ പിന്നിലാക്കിയാണ് സഞ്ജു ഒന്നാമത് എത്തിയത്. 106 മത്സരങ്ങളിൽ നിന്ന് 3,098 റൺസാണ് രഹാനെ നേടിയത്. 84 മത്സരങ്ങളിൽ നിന്ന് 2,474 റൺസാണ് വാട്‌സണിന്റെ പേരിലുളളത്. ഇതിൽ വാട്‌സൺ വിരമിക്കൽ പ്രഖ്യാപിച്ചു. അജിങ്ക്യ രഹാനെയാകട്ടെ പഴയ ഫോമിന്റെ പരിസരത്തെങ്ങുമില്ല.
ധോണിയുടെ ചെന്നൈ സൂപ്പർകിങ്‌സിലാണ് താരം ഇപ്പോൾ. അതേസമയം ജോസ് ബട്‌ലർ സഞ്ജുവിന് പിന്നാലെയുണ്ട്. 60 മത്സരങ്ങളിൽ നിന്ന് 2378 റൺസാണ് ബട്‌ലറിന്റെ പേരിലുള്ളത്. കഴിഞ്ഞ സീസണിൽ ബട്‌ലർ മികച്ച ഫോമിലായിരുന്നു. ഈ സീസണിലെ ആദ്യ മത്സരത്തിലും മികവ് തുടർന്നു. എന്നാൽ പഞ്ചാബിനെതിരായ രണ്ടാം മത്സരത്തിൽ 19 റൺസെടുക്കാനെ കഴിഞ്ഞുളളൂ. ക്യാച്ച് എടുക്കുന്നതിനിടെ പരിക്കേറ്റതിനാൽ വൺഡൗണായാണ് താരം ബാറ്റിങിനിറങ്ങിയത്. അതേസമയം ആദ്യ മത്സരത്തിലെ അർധ സെഞ്ച്വറിക്ക് പിന്നാലെ രണ്ടാം മത്സരത്തിലും സഞ്ജു ഫോം തുടർന്നു.
25 പന്തിൽ നിന്ന് 42 റൺസാണ് സഞ്ജു അടിച്ചെടുത്തത്. അഞ്ച് ഫോറും ഒരു സിക്‌സറും അടങ്ങുന്ന മനോഹര ഇന്നിങ്‌സായിരുന്നു സഞ്ജുവിന്റേത്. കഴിഞ്ഞ സീസണിൽ രാജസ്ഥാനെ ഫൈനലിൽ എത്തിക്കാൻ സഞ്ജുവിന് കഴിഞ്ഞിരുന്നു. എന്നാൽ ഹാർദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റൻസിന് മുന്നിൽ വീണു. ഡൽഹി കാപ്പിറ്റൽസിനെതിരെ ശനിയാഴ്ചയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. സൺറൈസേഴ്‌സിനെതിരായ ആദ്യ മത്സരം രാജസ്ഥാൻ വിജയിച്ചിരുന്നു.
Adjust Story Font
16