''ഏകദിന ലോകകപ്പ് ടീമിലേക്ക് എന്നെ തെരഞ്ഞെടുത്തില്ലെങ്കിൽ...''; ശർദുൽ താക്കൂറിന് പറയാനുള്ളത്
അവസാന ഏകദിനത്തിൽ നാല് വിക്കറ്റാണ് ശർദുൽ വീഴ്ത്തിയത്. 37 റൺസ് മാത്രം വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം.
ഡൊമിനിക്ക: വെസ്റ്റ്ഇൻഡീസിനെതിരായ ഏകദിന പരമ്പര ഏകദിന ലോകകപ്പിനുള്ള ചവിട്ടുപടിയായാണ് എല്ലാ യുവതാരങ്ങളും കണ്ടത്. രോഹിതിനും കോഹ്ലിക്കും വിശ്രമം നൽകി ഹാർദിക് പാണ്ഡ്യയുടെ കീഴിലുള്ള ടീമിനെയാണ് അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നത്. ലോകകപ്പിലേക്ക് ആരെയൊക്കെ തെരഞ്ഞെടുക്കാം എന്നത് കൂടി സെലക്ടർമാരുടെ മനസിലുണ്ടായിരുന്നു.
അവസരം മുതലാക്കാനാണ് യുവതാരങ്ങളൊക്കെ ശ്രമിച്ചത്. അതിലൊരാളായിരുന്നു ശർദുൽ താക്കൂർ. അവസാന ഏകദിനത്തിൽ നാല് വിക്കറ്റാണ് ശർദുൽ വീഴ്ത്തിയത്. 37 റൺസ് മാത്രം വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം. ഈ പരമ്പരയിൽ മാത്രം എട്ട് വിക്കറ്റുകള്‍ താരം വീഴ്ത്തി. തന്റെ പ്രകടനത്തിൽ സന്തോഷമുണ്ടെന്ന് താക്കൂർ പറഞ്ഞു.
''ക്രിക്കറ്റർ എന്ന നിലയിൽ അവസരങ്ങൾക്കായുള്ള നീണ്ട കാത്തിരിപ്പായിരുന്നു. ഏത് പരമ്പര കളിച്ചാലും എന്റെ ആത്മവിശ്വസത്തെ അത് വർധിപ്പിക്കും. കരിയറിൽ ഇക്കാര്യം ഗുണമാകുന്നുണ്ട്, എന്നെ ലോകകപ്പ് ടീമിലെടുത്തില്ലെങ്കിൽ അത് അവരുടെ(സെലക്ടർമാർ) തീരുമാനമാണ്. എനിക്കതിൽ കൂടുതലൊന്നും ചെയ്യാനില്ല. എല്ലായ്‌പ്പോയും സാഹചര്യത്തിന് അനുസരിച്ച് ടീമിന് വേണ്ടി നന്നായി കളിക്കാനാണ് ശ്രമിക്കാറ്''- ശർദുൽ താക്കൂർ പറഞ്ഞു.
''ഏകദിനം കളിക്കാനാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരെ സ്വന്തം നാട്ടിൽ നടന്ന പരമ്പരയിൽ ഞാൻ ഇല്ലായിരുന്നു. പിന്നെ എന്നെ എങ്ങെയാണ് ടീമിലേക്ക് തെരഞ്ഞെടുത്തത് എന്ന് അറിയില്ല. ഇപ്പോൾ രണ്ട് വർഷമായി ഇന്ത്യൻ ഏകദിന ടീമിനൊപ്പമുണ്ട്''- ശർദുൽ പറഞ്ഞു. ഓരോ മത്സരങ്ങളും ഏകദിന ലോകകപ്പിനുള്ള മുന്നൊരുക്കമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് ടീമിലുണ്ടാകും എന്നതാണ് താരത്തിന്റെ വിശ്വാസം. വലംകയ്യൻ ഫാസ്റ്റ് ബൗളറും ലോവർ ഓർഡറിൽ ബാറ്റ് കൊണ്ട് സംഭാവന ചെയ്യാൻ കഴിയുന്നതുമായ താരമാണ് ശർദുൽ താക്കൂർ. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയുടെ ഏകദിന മത്സരങ്ങളിൽ താക്കൂറിന്റെ സാന്നിധ്യമുണ്ട്.
Adjust Story Font
16