Quantcast

തകർപ്പൻ ഫിഫ്റ്റിയുമായി ശിവം ദുബെയുടെ തിരിച്ചുവരവ്; മുംബൈക്ക് 39 റൺസ് ജയം

37 പന്തിൽ ഏഴ് സിക്‌സറും രണ്ട് ഫോറുമടക്കം 71 റൺസുമായി ദുബൈ പുറത്താകാതെ നിന്നു

MediaOne Logo

Sports Desk

  • Published:

    3 Dec 2024 11:06 AM GMT

Shivam Dubey returns with a smashing fifty; Mumbai won by 39 runs
X

ഹൈദരാബാദ്: ശിവം ദുബെയുടേയും സൂര്യകുമാർ യാദവിന്റേയും അർധ സെഞ്ച്വറി കരുത്തിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് 39 റൺസ് ജയം. 37 പന്തിൽ ഏഴ് സിക്‌സറും രണ്ട് ഫോറും സഹിതം 71 റൺസുമായി ദുബെ പുറത്താകാതെ നിന്നു. ഈ വർഷം ജൂലൈക്ക് ശേഷമാണ് ടി20യിൽ ദുബെ മികച്ച പ്രകടനം നടത്തുന്നത്. മുഷ്താഖ് അലി ട്രോഫിയിൽ ആദ്യ മത്സത്തിനിറങ്ങിയ ഇന്ത്യൻ ടി20 നായകൻ കൂടിയായ സൂര്യ 46 പന്തിൽ 70 റൺസെടുത്തു പുറത്തായി. ഇരുവരുടേയും ബാറ്റിങ് മികവിൽ മുംബൈ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ സർവ്വീസസ് 19.3 ഓവറിൽ 153ന് ഓൾഔട്ടായി.

ജയത്തോടെ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തിയ മുംബൈക്ക് വ്യാഴാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ ആന്ധ്ര പ്രദേശാണ് എതിരാളികൾ. അവസാന മത്സരത്തിൽ ആന്ധ്രയെ തോൽപിക്കുകയോ വലിയ മാർജിനിൽ തോൽക്കാതിരിക്കുകയോ ചെയ്താൽ കേരളത്തെ മറികടന്ന് മുംബൈക്ക് ക്വാർട്ടറിലെത്താം. ആദ്യം ബാറ്റിങിനിറങ്ങിയ മുംബൈയുടെ തുടക്കം മികച്ചതായില്ല. ഓപ്പണർ പൃഥ്വി ഷാ പൂജ്യത്തിന് പുറത്തായി. ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ 18 പന്തിൽ 22 റൺസെടുത്ത് മടങ്ങി. ശ്രേയസ് അയ്യർ 14 പന്തിൽ 20 റൺസെടുത്തു. എന്നാൽ നാലാംവിക്കറ്റിൽ ഒത്തുചേർന്ന ദുബെ-സൂര്യ സഖ്യം മുംബൈയെ സുരക്ഷിത സ്‌കോറിലെത്തിച്ചു.

മറുപടി ബാറ്റിംഗിൽ തുടക്കത്തിലെ തകർന്ന സർവീവസിനായി ക്യാപ്റ്റൻ മോഹിത് അഹ്ലാവതിന്(54) മാത്രമാണ് മികച്ച പ്രകടനം നടത്താനായത്. മുംബൈക്കായി ഷർദുൽ ഠാക്കൂർ 25 റൺസിന് നാലു വിക്കറ്റ് വീഴ്ത്തി.

TAGS :

Next Story