ഐപിഎൽ കിരീടനേട്ടത്തിന് ശേഷം വീണ്ടും; ടി20യിൽ ക്യാപ്റ്റനായി ശ്രേയസിന്റെ തിരിച്ചുവരവ്
അച്ചടക്ക ലംഘനത്തെ തുടർന്ന് രഞ്ജിട്രോഫി ടീമിൽ നിന്ന് പുറത്താക്കിയ പൃഥ്വിഷായേയും മുംബൈ ടീമിലേക്ക് തിരിച്ചുവിളിച്ചു
മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലെത്തിച്ച ഇന്ത്യൻ താരം ശ്രേയസ് അയ്യർ വീണ്ടും ടി20 ക്രിക്കറ്റിൽ ക്യാപ്റ്റനായി തിരിച്ചുവരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിൽ മുംബൈയുടെ നായകനായാണ് ഇന്ത്യൻ താരത്തെ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ അജിൻക്യ രഹാനെ, പ്രിഥ്വിഷാ, ഷർദുൽ ഠാക്കൂർ തുടങ്ങി പ്രധാന താരങ്ങൾ ഉൾപ്പെട്ട 17 അംഗ സ്‌ക്വാർഡിനെയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചത്.
SHREYAS IYER - CAPTAIN OF MUMBAI IN SYED MUSHTAQ ALI 🏆🌟 pic.twitter.com/CzjbwEOri1
— Johns. (@CricCrazyJohns) November 17, 2024
നവംബർ 23 മുതൽ ഡിസംബർ 15 വരെയാണ് ആഭ്യന്തര ക്രിക്കറ്റിലെ ടി20 മത്സരത്തിന് തുടക്കമാകുക. രഞ്ജി ട്രോഫിയിൽ അജിൻക്യ രഹാനെക്ക് കീഴിൽ കളിച്ച ശ്രേയസ് മികച്ച ഫോമിലാണ് ബാറ്റുവീശിയത്. രണ്ട് സെഞ്ച്വറിയടക്കം 90 ബാറ്റിങ് ശരാശരിയിൽ 452 റൺസാണ് രഞ്ജിയിൽ ശ്രേയസ് നേടിയത്. പരിശീലനത്തിനിടെ സ്ഥിരമായി വൈകിയെത്തിയതും ഫിറ്റ്‌നസിലെ പ്രശ്‌നങ്ങളും കാരണം രഞ്ജി ട്രോഫിയിൽ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയിരുന്നു. അച്ചടക്ക നടപടിക്ക് ശേഷം ഷായുടെ മടങ്ങിവരവ് കൂടിയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ. ആസ്‌ത്രേലിയക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് കളിച്ച ഇന്ത്യ എ ടീമിന്റെ ഭാഗമായ സ്പിൻ ബൗളിങ് ഓൾറൗണ്ടർ തനുഷ് കോടിയാനും മുംബൈ സ്‌ക്വാർഡിൽ ഉൾപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഐപിഎൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായ ശ്രേയസ് അയ്യരെ ഇത്തവണ നിലനിർത്താൻ ഫ്രൈഞ്ചൈസി തയാറായില്ല. ഇതോടെ അടുത്താഴ്ച നടക്കുന്ന താരലേലത്തിൽ ശ്രേയസ് ശ്രദ്ധേയ സാന്നിധ്യമാകും.
Adjust Story Font
16