Quantcast

വീണ്ടും തോല്‍വി; ഇന്ത്യയ്‍ക്കെതിരെ പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ദീപക് ചഹാർ പുറത്താകുന്നത് വരെ കളി ഇന്ത്യയുടെ കയ്യിലായിരുന്നു. പുറത്തായതോടെ കളി കൈവിട്ടു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി.

MediaOne Logo

Web Desk

  • Updated:

    2022-01-23 17:20:04.0

Published:

23 Jan 2022 5:03 PM GMT

വീണ്ടും തോല്‍വി; ഇന്ത്യയ്‍ക്കെതിരെ പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക
X

ജയിച്ച കളി എങ്ങനെ തോൽക്കാമെന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനം നോക്കിയാല്‍ മതി. ദീപക് ചഹാർ പുറത്താകുന്നത് വരെ കളി ഇന്ത്യയുടെ കയ്യിലായിരുന്നു. പുറത്തായതോടെ കളി കൈവിട്ടു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 288 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 49.2 ഓവറിൽ എല്ലാവരും പുറത്താവുകയായിരുന്നു.

വെറും നാല് റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ആവേശം അവസാന ഓവറിലേക്ക് എത്തിയെങ്കിലും ചഹലിനെപ്പോലൊരു ബാറ്റർക്ക് കുത്തിപ്പൊന്തുന്ന പന്തുകളെ നേരിടാനായില്ല. വാലറ്റത്ത് വിരുന്നൊരുക്കി ദീപക് ചഹാര്‍ പ്രതീക്ഷ വേണ്ടുവോളം തന്നു. ഇന്ത്യ തോൽക്കുമെന്നൊരു ഘട്ടത്തിലാണ് ബുംറയേയും കൂട്ടുപിടിച്ച് ചഹാർ(54) വിജയവഴി വെട്ടിയത്. ജയത്തിന് 9 റൺസ് അകലെ ചഹാർ വീണതോടെ കഷ്ടകാലവും തുടങ്ങി.

ഉടനെ ബുംറയും മടങ്ങി. ബാറ്റിങില്‍ പരിചയക്കുറവുള്ള ചഹലിനും പ്രസിദ്ധ് കൃഷ്ണയ്ക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 34 പന്തിൽ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ചഹാറിന്റെ ഇന്നിങ്‌സ്. നേരത്തെ ശിഖർ ധവാനും(61) വിരാട് കോഹ്‌ലി(65) ചേർന്നാണ് ഇന്ത്യയ്ക്ക് അടിത്തറയിട്ടത്. ഇരുവരും അർദ്ധ സെഞ്ച്വറി നേടി. പതിവിൽ നിന്ന് വിപിരീതമായി ക്ഷമയോടെയാണ് ഇരുവരും പ്രത്യേകിച്ച് കോഹ്‌ലി ബാറ്റുവീശിയത്.

അതിനാൽ തന്നെ പന്തും എടുക്കേണ്ട റൺസും തമ്മിൽ വലിയ വ്യത്യാസമുണ്ടായി. എന്നാൽ സൂര്യകുമാർ യാദവും(39) ശ്രേയസ് അയ്യരും(26) ചേർന്ന് ആ റൺറേറ്റ് കുറച്ചു. അതിനിടെ ഇരുവരും വീണെങ്കിലും ഇന്ത്യ അപകടം മണത്തു. തുടർന്നാണ് വാലറ്റത്തെ കൂട്ടുപിടിച്ച് ചഹാർ ഇന്ത്യയെ കരകയറ്റുന്നത്. എന്നാല്‍ പന്തേറുകാര്‍ ബാറ്റ് വീശാന്‍ മറന്നതോടെ കളി ദക്ഷിണാഫ്രിക്കയുടെ കയ്യില്‍. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി, പെഹ്ലുക്വായോ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, ക്വിൻൺ ഡി കോക്കിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് 287റണ്‍സ് നേടിയത്. 49.5 ഓവറിൽ 287 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 124 റൺസാണ് ഡി കോക്ക് അടിച്ചെടുത്തത്. 52 റൺസ് നേടിയ റാസി വാൻ ദുസൻ ആണ് മറ്റൊരു സ്‌കോറർ. വാലറ്റത്ത് നിന്ന് കാര്യമായ സംഭാവന ഇല്ലാതെ പോയതാണ് ദക്ഷിണാഫ്രിക്കൻ സ്‌കോർ 300ന് താഴെ എത്തിയത്.

TAGS :

Next Story