പരിശീലന ജഴ്സിയിട്ട് ട്രോഫി വാങ്ങി ശ്രീലങ്ക; ബംഗ്ലദേശുമായുള്ള കുടിപ്പക പുതിയ തലത്തിൽ
ഇന്ത്യ പാകിസ്താൻ, ഓസ്ട്രേലിയ ഇംഗ്ലണ്ട്.. ക്രിക്കറ്റിലെ പരമ്പരാഗത വൈരികൾ ആരെന്ന് ചോദിച്ചാൽ ഉയരുന്ന മറുപടികൾ ഇതെല്ലാമായിരുന്നു. എന്നാൽ ഇതിനെയെല്ലാം വെല്ലുന്ന രീതിയിലാണ് ബംഗ്ലദേശ് ശ്രീലങ്ക കുടിപ്പക വളരുന്നത്. ബംഗ്ലദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പര നേടിയതിന് പിന്നാലെ ശ്രീലങ്കൻ താരങ്ങൾ പരിശീലന ജഴ്സിയിട്ട് ട്രോഫി വാങ്ങിയതാണ് ഏറ്റവും പുതിയ വാർത്ത. ബംഗ്ലദേശുമായുള്ള പരമ്പര തങ്ങൾക്ക് ഒരു പരിശീലന മത്സരത്തിന്റെ മാത്രം ലാഘവമേയുള്ളൂവെന്ന് ശ്രീലങ്ക പ്രതീകാത്മകമായി കാണിച്ചതാണെന്നാണ് പരക്കേയുള്ള സംസാരം. ശ്രീലങ്കൻ ടീമിലെ എല്ലാവരും പരിശീലന ജഴ്സിയണിഞ്ഞാണ് കപ്പ് വാങ്ങാൻ അണിനിരന്നത്. ആദ്യ ടെസ്റ്റിൽ 328 റൺസിന്റെയും രണ്ടാം ടെസ്റ്റിൽ 192റൺസിന്റെയും കൂറ്റൻ വിജയങ്ങളാണ് ലങ്ക നേടിയത്.
തൊട്ടുമുമ്പ് നടന്ന ഏകദിന പരമ്പര വിജയിച്ചതിന് പിന്നാലെ ശ്രീലങ്കൻ നായകൻ ഏഞ്ചലോ മാത്യൂസിന്റെ വിവാദമായ ടൈംഡ്ഔട്ട് വിക്കറ്റിനെ ഓർമിപ്പിച്ച് ബംഗ്ലദേശ് താരങ്ങൾ ആഘോഷിച്ചതും വാർത്തയായിരുന്നു. ഇതിന് ശ്രീലങ്ക അതേ നാണയത്തിൽ തിരിച്ചടിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.
ശ്രീലങ്കയും ബംഗ്ലദേശുമായുള്ള കളിക്കപ്പുറത്തുള്ള പോര് ഇത് പുതിയ കഥയല്ല. 2018 ലെ നിദാഹാസ് ട്രോഫി മുതലാണ് ഈ വൈരം തുടങ്ങുന്നത്. എല്ലാത്തിനും കാരണമായതാകട്ടെ. നാഗിൻ ഡാൻസും. 2018ൽ ശ്രീലങ്ക ബംഗ്ലദേശ് ട്വന്റി 20ക്കിടെ ബംഗ്ലദേശ് താരം നസ്മുൽ ഇസ്‍ലാം താൻ നേടിയ നാലുവിക്കറ്റുകളും നാഗിൻ ഡാൻസിലൂടെയാണ് ആഘോഷിച്ചത്. ഇത് ലങ്കൻ താരങ്ങളെ ചൊടിപ്പിച്ചു. അടുത്ത മത്സരത്തിൽ ഗുണതിലക ലങ്കക്കായി പകരം ചോദിച്ചു. ഒരോവറിൽ രണ്ട് വിക്കറ്റെടുത്തതിന് പിന്നാലെ ഗുണതിലക തന്റേതായ രീതിയിൽ നാഗിൻ ഡാൻസ് കളിച്ചു. ബംഗ്ലദേശ് അങ്ങനെ വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു. 2018ലെ നിദാഹാസ് ട്രോഫിയാണ് ഈ പകയെ പുതിയ പുതിയ ഉയരങ്ങളിലേക്കെത്തിച്ചത്. ടൂർണമെന്റിൽ രണ്ടുതവണ ലങ്കയെ പരാജയപ്പെടുത്തിയപ്പോളും ബംഗ്ലദേശ് താരങ്ങളും ആരാധകരും നാഗിൻ ഡാൻസിലൂടെയാണ് വിജയം ആഘോഷിച്ചത്. ഇത് ലങ്കൻ ആരാധകരെ വല്ലാതെ ക്ഷുഭിതരാക്കി. ഇന്ത്യയും ബംഗ്ലദേശും തമ്മിൽ നടന്ന ഫൈനലിൽ ലങ്കൻ ആരാധകർ ഇന്ത്യയെയാണ് പിന്തുണച്ചിരുന്നത്. ഒന്നും മറക്കാൻ ലങ്കയും ഒരുക്കമല്ലായിരുന്നു. 2021ൽ നടന്ന ഏഷ്യാകപ്പിൽ അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ബംഗ്ലദേശിനെതിരെ നേടിയ വിജയത്തിന് പിന്നാലെ ഡ്രസിങ് റൂമിൽ നിന്നും നാഗിൻ ഡാൻസ് കളിച്ച ചമിക കരുണരത്നെയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതിനിടയിൽ രണ്ടു രാജ്യങ്ങളിലെയും താരങ്ങൾ ഗ്രൗണ്ടിൽ പലകുറി ചൂടൻ വാഗ്വാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
2023 ഏകദിന ലോകകപ്പിലാണ് ഈ കുടിപ്പക സകല മാന്യതകളും ലംഘിച്ചത്. ക്രീസിലെത്തിയ ശ്രീലങ്കൻ താരം ഏഞ്ചലോ മാത്യൂസ് ഹെൽമറ്റ് മാറ്റുന്നതിനടിയിൽ ടൈംഡ് ഔട്ടിനായി അപ്പീൽ ചെയ്ത ഷാക്കിബുൾ ഹസൻ വിക്കറ്റ് നേടിയെടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത്തരമൊരു വിക്കറ്റ് ആദ്യമായിരുന്നു. മാത്യൂസ് അഭ്യർഥിച്ചിട്ടും അമ്പയർമാർ പിൻവലിക്കുന്നുണ്ടോയെന്ന് തിരക്കിയിട്ടും ഷാക്കിബ് അത് പരിഗണിക്കാത്തത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ഷാക്കിബ് ചെയ്തത് മോശം കാര്യമാണെന്നും ഞങ്ങളും കളിക്കുന്നത് ജയിക്കാനാണെങ്കിലും ഇത്രയും മോശം ലെവലിലേക്ക് താഴില്ലെന്നും ഏഞ്ചലോ മാത്യൂസ് തിരിച്ചടിച്ചിരുന്നു. ഇതിന്റെയെല്ലാം തുടർച്ചയായാണ് പുതിയ വിവാദങ്ങൾ ഉയരുന്നത്. എന്തായാലും മാന്യൻമാരുടെ കളിയെ രണ്ട് ടീമുകളും ചേർന്ന് എന്താക്കെയാക്കുമെന്ന് കാത്തിരുന്ന് കാണാം.
Adjust Story Font
16