Quantcast

തീയായി ത്രിപാഠി; ഈസ്റ്ററിന് ഹൈദരാബാദിന്റെ ഉയിർത്തെഴുന്നേൽപ്പ്; ഉരുകിവീണ് പഞ്ചാബ്

മൂന്ന് സിക്‌സറിന്റേയും പത്ത് ഫോറുകളുടേയും അകമ്പടിയോടെ 48 പന്തിൽ പുറത്താവാതെ 74 റൺസെടുത്ത ത്രിപാഠിയുടെ തീപ്പൊരി ബാറ്റിങ് ഹൈദരാബാദിന്റെ വിജയം എളുപ്പമാക്കി.

MediaOne Logo

Web Desk

  • Updated:

    2023-04-09 18:07:19.0

Published:

9 April 2023 6:04 PM GMT

sun risers Hyderabad beats punjab kings for eight wickets in IPL |
X

ഹൈദരാബാദ്: പരാജയത്തിന്റെ പടുകുഴിയിൽ നിന്ന് ഈസ്റ്റർ ദിനത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഉയിർത്തെഴുന്നേൽപ്പ്. തീയായി മാറിയ രാഹുൽ ത്രിപാഠിയുടെ മാസ്മരിക ബാറ്റിങ്ങിൽ പഞ്ചാബിനെതിരെ ഹൈദരാബാദിന് മാസ്മരിക ജയം. 144 റൺസ് ലക്ഷ്യം പിന്തുടർന്ന് ബാറ്റ് വീശിയ ഹൈദരാബാദ് കേവലം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 17.2 ഓവറിൽ വിജയം കണ്ടു. മൂന്നാമനായിറങ്ങിയ രാഹുൽ ത്രിപാഠിയുടെ തീപ്പൊരി ബാറ്റിങ്ങാണ് ആതിഥേയർക്ക് എട്ട് വിക്കറ്റിന്റെ മികച്ച വിജയം സമ്മാനിച്ചത്.

മൂന്ന് സിക്‌സറിന്റേയും പത്ത് ഫോറുകളുടേയും അകമ്പടിയോടെ 48 പന്തിൽ പുറത്താവാതെ 74 റൺസെടുത്ത ത്രിപാഠി ടീം സ്‌കോർ 94ൽ എത്തിനിൽക്കെ ഫിഫ്റ്റി തികച്ചു. 36 പന്തിലായിരുന്നു താരത്തിന്റെ അർധ സെഞ്ച്വറി. നാലാമനായെത്തിയ ഐഡൻ മാർക്രമിന്റെ പിന്തുണയോടെയാണ് ത്രിപാഠി ടീമിനെ വിജയതീരത്തെത്തിച്ചത്. 21 പന്തിൽ മാർക്രം പുറത്താവാതെ 37 റൺസെടുത്തു. അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് ത്രിപാഠിയാണ് കളിക്ക് ശുഭപര്യവസാനം കുറിച്ചത്. 100 റൺസാണ് ത്രിപാഠി- മാർക്രം കൂട്ടുകെട്ടിൽ പിറന്നത്.

അവസാന ഓവറിലെ നാല് ബൗണ്ടറികളാണ് ഹൈദരാബാദിന്റെ വിജയം എളുപ്പമാക്കിയത്. ഓപണർമാരായ ഹാരി ബ്രൂക്കിന്റേയും മായങ്ക് അഗർവാളിന്റേയും വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്. 14 പന്തിൽ 13 എടുത്ത് നിൽക്കെ അർഷ്ദീപ് സിങ്ങിന്റെ പന്തിൽ ബൗൾഡായാണ് ബ്രൂക്കിന്റെ മടങ്ങിയത്. ഈ സമയം സ്‌കോർബോർഡിൽ 27 റൺസ് മാത്രം. പിന്നാലെ 18 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അടുത്ത വിക്കറ്റും നഷ്ടമായി. 20 പന്തിൽ 21 എടുത്തുനിൽക്കെ രാഹുൽ ചഹാറിന്റെ പന്തിൽ സാം കരൻ പിടിച്ച് അഗർവാൾ പുറത്താവുമ്പോൾ ടീം സ്‌കോർ 45. തുടക്കം മുതൽ ശരാശരിക്കും മുകളിലായിരുന്നു ഹൈദരാബാദിന്റെ റൺ വേട്ട. അതിനാൽ തന്നെ വിജയശതമാനം കൂടുതലും മാർക്രം പടയ്‌ക്കൊപ്പമായിരുന്നു. അവസാന നിമിഷം വരെ ആ മികച്ച ശരാശരി നിലനിർത്തിയ ടീം അതിവേഗത്തിൽ വിജയം കാണുകയായിരുന്നു.

പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിങ്ങും രാഹുൽ ചഹാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ക്യാപ്റ്റൻ ശിഖർ ധവാന്റെ ഒറ്റയാൾ പോരാട്ടത്തിലാണ് പഞ്ചാബ് 143 റൺസെന്ന താരതമ്യേന കുറഞ്ഞ സ്‌കോർ സൺറൈസേഴ്‌സിനു മുന്നിൽ വച്ച് കൂടാരം കയറിയത്. എന്നാൽ അവരത് അനായാസം നേടി എതിരാളികളെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടക്കം തന്നെ പിഴച്ച് കളി തുടങ്ങിയ പഞ്ചാബ് നിരയിൽ അഞ്ചാമനായെത്തിയ സാം കരൻ മാത്രമാണ് രണ്ടക്കം തികച്ച മറ്റൊരു താരം.

മരത്തിൽ നിന്ന് ഇല പൊഴിയും പോലെയായിരുന്നു പഞ്ചാബിന്റെ വിക്കറ്റുകൾ വീണത്. ഓപണറായ പ്രഭ്‌സിമ്രൻ സിങ് ആദ്യ ഓവറിലെ ഒന്നാം പന്തിൽ തന്നെ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി. മൂന്നാമനായെത്തിയ മാറ്റ് ഷോർട്ടിനും അധികനേരം ആയുസുണ്ടായിരുന്നില്ല. ഒൻപത് പന്ത് നേരിട്ടെങ്കിലും കേവലം നാല് റണ്ണെടുത്ത് കൂടാരം കയറി. പിന്നാലെ മായങ്ക് മാർക്കണ്ടെ വിക്കറ്റ് കൊയ്ത്ത് തുടങ്ങി.

അപ്പോഴൊക്കെ ഇപ്പുറത്ത് തളരാതെ ഒറ്റയ്ക്ക് തീപ്പൊരി ബാറ്റിങ് തുടരുകയായിരുന്നു ധവാൻ. ടീം സ്‌കോർ 69ൽ എത്തുമ്പോൾ ഇംപാക്ട് പ്ലയറായ സിക്കന്ദർ റാസ ഉമ്രാൻ മാലിക്കിന്റെ പന്തിൽ മയങ്ക് അഗർവാൾ പിടിച്ച് പുറത്ത്. 74ാം റൺസിൽ ഷാരൂഖ് ഖാനും (മൂന്ന് പന്തിൽ നാല്), 77ാം റൺസിൽ ഹർപ്രീത് ബ്രാറും (രണ്ട് ബോളിൽ ഒന്ന്), 78ാം റൺസിൽ രാഹുൽ ചഹാറും 88ാം റൺസിൽ നഥാൻ എല്ലിസും പുറത്തായി. പൂജ്യരായായിരുന്നു ഇരുവരുടേയും മടക്കം. എന്നാൽ ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി സ്‌കോർബോർഡ് ഉയർത്തിക്കൊണ്ടിരുന്നു. ഒടുവിൽ നിശ്ചിത ഓവർ അവസാനിക്കുമ്പോൾ ടീം സ്‌കോർ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 143 ആവുകയായിരുന്നു.

നാല് വിക്കറ്റുകൾ വീഴ്ത്തിയ മാർക്കണ്ടെയും രണ്ട് വീതം താരങ്ങളെ പുറത്താക്കിയ ഉമ്രാൻ മാലിക്കും മാർക്കോ ജാൻസനുമാണ് പഞ്ചാബ് നിരയുടെ നട്ടെല്ലൊടിച്ചത്. ഭുവനേശ്വർ കുമാർ ഒരു വിക്കറ്റ് വീഴ്ത്തി. മുൻ കളിയിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാനെ അഞ്ച് റൺസിനു തകർത്താണ് ഇന്ന് പഞ്ചാബ് ഹൈദരാബാദിനെ നേരിടാൻ ഇറങ്ങിയത്. എന്നാൽ ഐഡൻ മാർക്രമിന്റെ നായകത്വത്തിലുള്ള ഹൈദരാബാദ് കഴിഞ്ഞ മത്സരത്തിൽ ലഖ്‌നൗവിനെതിരെ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. കളിച്ച രണ്ട് കളിയിലും വിജയവുമായാണ് പഞ്ചാബ് സൺറൈസേഴ്‌സിനെതിരെ ഇറങ്ങിയത്. ആദ്യത്തെ രണ്ട് കളിയും പരാജയപ്പെട്ട് നിലവിൽ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയുള്ള ഹൈദരാബാദിന് ഇന്നത്തെ വിജയം ആശ്വാസം നൽകുന്നതാണ്.




TAGS :

Next Story