'അന്ന് ചെന്നൈ ടീമിൽ നിന്ന് തെറ്റിപിരിഞ്ഞതല്ല';യഥാർത്ഥ കാരണം വ്യക്തമാക്കി റെയ്‌ന
കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് യുഎഇയിലായിരുന്നു ഐപിഎൽ മത്സരങ്ങൾ നടന്നത്.
ചെന്നൈ: ഐപിഎൽ ചരിത്രത്തിലെ പ്രധാനപ്പെട്ട താരമാണ് സുരേഷ് റെയ്‌ന. ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർക്കിടയിൽ 'ചിന്നതല' എന്നറിയപ്പെടുന്ന യുപികാരൻ ഇന്ത്യൻ പ്രീമിയർലീഗിൽ കൂടുതൽ റൺസ് നേടിയവരിൽ മുന്നിലുണ്ട്. ഐപിഎൽ കരിയറിൽ ഭൂരിഭാഗവും ചെന്നൈക്കൊപ്പമാണ് താരം ചെലവഴിച്ചത്. ഇപ്പോഴിതാ 2020 ഐപിഎല്ലിൽ ചെന്നൈ ടീമിൽ നിന്നുണ്ടായ അപ്രതീക്ഷിത പിൻമാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സുരേഷ് റെയ്‌ന.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് യുഎഇയിലായിരുന്നു ഐപിഎൽ മത്സരങ്ങൾ നടന്നത്. ബയോബബിൾ ക്രമീകരണങ്ങളിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്ന് താരം പിൻമാറിയതെന്നായിരുന്നു പ്രചരണം. ബാൽകണിയുള്ള ഹോട്ടൽ മുറി നിഷേധിച്ചതിനാൽ സിഎസ്‌കെ മാനേജ്‌മെന്റുമായി തെറ്റിപിരിഞ്ഞാണ് നാട്ടിലേക്ക് മടങ്ങിയതെന്നും വ്യാപകമായി വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇതൊന്നുമല്ല, തന്റെ പിൻമാറ്റത്തിന് കാരണമായതെന്ന് താരം വ്യക്തമാക്കി.
'പഞ്ചാബിൽ തന്റെ അടുത്ത ബന്ധുക്കൾ ഗുണ്ടാ അക്രമണത്തിൽ കൊല്ലപ്പെട്ട ഞെട്ടിക്കുന്ന സംഭവവമുണ്ടായി. അമ്മാവന്റെ കുടുംബത്തിലുണ്ടായ ദാരുണ സംഭവം പിതാവിനെ വല്ലാതെ തളർത്തി. കുടുംബത്തിലെ മുഴുവൻ പേരെയും അന്ന് ഗുണ്ടാസംഘം കൊലപ്പെടുത്തിയിരുന്നു. ഈ സമയം ഏറ്റവും വേഗത്തിൽ അവരുടെ അടുത്തേക്കെത്തുകയായിരുന്നു മനസിൽ. ക്രിക്കറ്റ് പിന്നീടും കളിക്കാം. കുടുംബമാണ് പ്രധാനം- റെയ്‌ന പറഞ്ഞു.
നാട്ടിൽ സ്ഥിതിഗതികൾ താറുമാറായെന്നും അന്നത്തെ കോവിഡ് സാഹചര്യം സ്ഥിതി കൂടുതൽ വഷളാക്കിയെന്നും റെയ്ന വെളിപ്പെടുത്തി. ഇതോടെ ചെന്നൈ മാനേജ്‌മെന്റിനോടും അന്നത്തെ ക്യാപ്റ്റൻ എംഎസ് ധോണിയോടും ഐപിഎല്ലിൽ നിന്ന് പിൻമാറുന്നതായി അറിയിച്ചു. നാട്ടിലേക്ക് മടങ്ങി. എന്നാൽ 2021 സീസണിൽ ചെന്നൈ ടീമിലേക്ക് മടങ്ങിയെത്തിയ റെയ്‌ന ടീമിനൊപ്പം മറ്റൊരു ഐപിഎൽ കിരീടത്തിൽകൂടി പങ്കാളിയായി. ഇതിനുശേഷമാണ് ക്രിക്കറ്റിൽ നിന്ന് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
Adjust Story Font
16