Quantcast

ടി20 ക്യാപ്റ്റൻ സ്ഥാനത്തെ ചൊല്ലിയുള്ള വിവാദം; സൂര്യയെ ചേർത്തുനിർത്തി ഹാർദികിന്റെ മറുപടി

ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിന് ശനിയാഴ്ച തുടക്കമാകും

MediaOne Logo

Sports Desk

  • Published:

    23 July 2024 11:35 AM GMT

ടി20 ക്യാപ്റ്റൻ സ്ഥാനത്തെ ചൊല്ലിയുള്ള വിവാദം; സൂര്യയെ ചേർത്തുനിർത്തി ഹാർദികിന്റെ മറുപടി
X

ന്യൂഡൽഹി: ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ടീം പ്രഖ്യാപനത്തിന് പിന്നാലെയുള്ള അലയൊലികൾ ഇതുവരെ അവസാനിച്ചിട്ടില്ല. ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഉപനായകനായിരുന്ന ഹാർദിക് പാണ്ഡ്യ രോഹിത് ശർമക്ക് പകരക്കാരനായി ടി 20 ക്യാപ്റ്റൻ സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എല്ലാവരേയും ഞെട്ടിച്ച് സൂര്യകുമാർ യാദവിനെയാണ് പ്രഖ്യാപിച്ചത്. ഇതോടെ സൂര്യയേയും ഹാർദികിനേയും പിന്തുണച്ച് ആരാധകർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തുകയും ചെയ്തു.

പ്രഖ്യാപനത്തിൽ ഹാർദിക് പ്രതിഷേധത്തിലാണെന്നും ഇന്ത്യയുടെ കെട്ടുറപ്പിനെ ഇത് ബാധിക്കുമെന്നും പ്രചരണവുണ്ടായി. എന്നാൽ വിവാദങ്ങൾ തങ്ങളെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ സീനിയർ താരങ്ങൾ. പുതിയ നായകൻ സൂര്യയെ ആശ്ലേഷിക്കുന്ന ഹാർദികിന്റെ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ശ്രീലങ്കയിലെത്തിയ ശേഷമാണ് ഇരുവരും ഒന്നിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

ഈ മാസം 27നാണ് ശ്രീലങ്കൻ പര്യടനത്തിന് തുടക്കമാകുക. പുതിയ പരിശീലകൻ ഗൗതം ഗംഭീർ പരിശീലക സ്ഥാനത്തെത്തിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണെന്ന പ്രത്യേകതയുമുണ്ട്. പര്യടനത്തിൽ മൂന്ന് വീതം ടി20യും ഏകദിനവുമാണ് ഇന്ത്യ കളിക്കുക. പല്ലെകെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് എല്ലാ മാച്ചുകളും. ആഗസ്റ്റ് രണ്ടിനാണ് ഏകദിന മത്സരങ്ങൾക്ക് തുടക്കമാകുക. അതേസമയം, ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹാർദികിനെ മാറ്റിനിർത്തിയതിന്റെ കാരണം കഴിഞ്ഞദിവസം സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ വ്യക്തമാക്കിയിരുന്നു. ഫിറ്റ്‌നസാണ് പ്രധാന തടസമെന്നാണ്് അഗാർക്കർ പറഞ്ഞത്. ഹാർദിക് ഇപ്പോഴും ടീമിലെ പ്രധാന താരമാണ്. ഓരോരുത്തരുമായും ചർച്ച ചെയ്ത ശേഷമാണ് ചുമതല നൽകിയത്. ഹാർദികുമായും ഇക്കാര്യം സംസാരിച്ചിരുന്നതായും അഗാർക്കർ പ്രസ്മീറ്റിൽ വ്യക്തമാക്കുകയുണ്ടായി.

TAGS :

Next Story