ബോസിൻറെ റെക്കോർഡ് ഇനി പഴങ്കഥ; ക്രിസ് ഗെയിലിനെ മറികടന്ന് റിസ്വാൻ
2015 ല്‍ ക്രിസ് ഗെയില്‍ നേടിയ 1665 റണ്‍സെന്ന നേട്ടമാണ് റിസ്വാന്‍ മറികടന്നത്
വെസ്റ്റ് ഇൻഡീസിന്‍റെ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‍ലിന്‍റെ ബാറ്റിംഗ് റെക്കോർഡ് തകർത്ത് പാകിസ്താന്‍ താരം മുഹമ്മദ് റിസ്വാൻ. ടി20 യില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് റിസ്വാന്‍ സ്വന്തം പേരില്‍ കുറിച്ചത്. 2015 ല്‍ ക്രിസ് ഗെയില്‍ നേടിയ 1665 റണ്‍സെന്ന നേട്ടമാണ് റിസ്വാന്‍ മറികടന്നത്. പാകിസ്താന്‍റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മുഹമ്മദ് റിസ്വാൻ ടി 20 ലോകകപ്പില്‍ മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്.
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 36 മത്സരങ്ങളിൽ നിന്ന് 59.46 റണ്‍സ് ശരാശരിയില്‍ മൂന്ന് സെഞ്ച്വറികളും 10 അർധ സെഞ്ച്വറികളും ഉള്‍പ്പടെയായിരുന്നു ഗെയ്‍ലിന്‍റെ നേട്ടം. അതേ വര്‍ഷം തന്നെ ഒരിന്നിങ്സില്‍ പുറത്താകാതെ 150 റൺസും ഗെയ്‍ല്‍ അടിച്ചുകൂട്ടിയിരുന്നു. എന്നാല്‍ വെറും 26 ഇന്നിങ്സ് മാത്രം മതിയായിരുന്നു റിസ്വാന് ഗെയിലിനെ മറികടക്കാന്‍. ഇന്നലെ നടന്ന സ്‌കോട്ട്ലന്‍ഡിനെതിരായ മത്സരത്തില്‍ അഞ്ച് റണ്‍സ് എടുത്തപ്പോഴേക്കും റിസ്വാന്‍ റെക്കോര്‍ഡ് നേട്ടം തന്‍റെ പേരിലാക്കിയിരുന്നു.
പാകിസ്താൻ ഓപ്പണറായ റിസ്വാന്‍ ഈ വർഷം ഒരു സെഞ്ച്വറിയും 15 അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. പുറത്താകാതെ 104 റണ്‍സെടുത്തതാണ് ഏറ്റവും ഉയർന്ന സ്‌കോർ. ടി 20 ലോകകപ്പിൽ മികച്ച ഫോമില്‍ ബാറ്റ് വീശുന്ന റിസ്വാന്‍ ഇന്ത്യക്കെതിരെ നടന്ന മത്സരത്തില്‍ 79 റൺസെടുത്ത് പാകിസ്താന്‍റെ വിജയശില്‍പിയായിരുന്നു.
Adjust Story Font
16