ട്വന്റി 20 ലോകകപ്പ്: നിർഭാഗ്യചരിത്രം മാറ്റാൻ ദക്ഷിണാഫ്രിക്ക വരുന്നു
പടിക്കൽ കലമുടക്കുന്നതിനും നിർഭാഗ്യങ്ങൾക്കും ഒരു ലോകകപ്പ് ഉണ്ടായിരുന്നെങ്കിൽ ദക്ഷിണാഫ്രിക്ക എന്നേ കിരീടം നേടണ്ടേവരാണ്. ഡക്ക് വർത്ത് ലൂയിസായും ടൈയായും മഴയായുമെല്ലാം ഒലിച്ചുപോയ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് കഥകൾ ക്രിക്കറ്റ് ലോകത്തെ കുട്ടികൾക്ക് പോലും അറിയുന്നതാണ്. ഏകദിന ലോകകപ്പുകളിലേത് പോലെയല്ല, ട്വന്റി 20 ലോകകപ്പുകളിലേക്ക് വന്നാൽ അവിടെ നിർഭാഗ്യമായിരുന്നില്ല, തങ്ങളുടെ സ്വതസിദ്ധമായ പടിക്കൽ കലമുടക്കൽ എന്ന കലാപരൂപമായിരുന്നു ദക്ഷിണാഫ്രിക്കക്ക് വിനയായിരുന്നത്. 2007ൽ ദക്ഷിണാഫ്രിക്ക തന്നെ ആതിഥേയരായ പ്രഥമ ലോകകപ്പിലെ അവരുടെ പ്രകടനം ചിലർക്കെങ്കിലും ഓർമയുണ്ടാകും. അന്ന് സെമിയിലേക്ക് പോകാൻ ഇന്ത്യക്കെതിരെ ഒരു വിജയം പോലും വേണ്ടിയിരുന്നില്ല. മാന്യമായി തോറ്റാൽ മതിയായിരുന്നു. പക്ഷേ വെറും 116 റൺസിന് പുറത്തായി പുറത്തേക്ക് പോയി. ഏറ്റവും ഒടുവിൽ നടന്ന ട്വന്റി 20 ലോകകപ്പിലും കഥ സമാനം തന്നെ. നിർണായകമായ അവസാന മത്സരത്തിൽ നെതർലൻഡ്സിനോട് തോറ്റ് സെമി കാണാതെയാണ് ദക്ഷിണാഫ്രിക്ക പുറത്തായത്. 2009ലും 2014ലും സെമിഫൈനലിലെത്തിയതാണ് ടീമിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം.
ഇക്കുറി ടീം ലൈനപ്പിലേക്ക് നോക്കിയാൽ അതിശക്തരെന്ന് എളുപ്പത്തിൽ വിളിക്കാവുന്ന ടീമാണ് പ്രോട്ടിയാസ്. വിമർശനങ്ങളുയർന്നതോടെ ടെംബ ബാവുമയെ മാറ്റി നിർത്തി എയ്ഡൻ മാർക്രത്തിന്റെ ക്യാപ്റ്റൻസിയിലാണ് വരുന്നത്. 2014ൽ ദക്ഷിണാഫ്രിക്കയുടെ അണ്ടർ 19 ടീമിനെ ലോകകിരീടത്തിലേക്ക് നയിച്ചത് മാർക്രമായിരുന്നു. ടീം ലൈനപ്പിലേക്ക് വന്നാൽ ഒാപ്പണിങിൽ ക്വിന്റൺ ഡികോക്കിന്റെ സ്ഥാനം ഉറപ്പാണ്. അനുഭവസമ്പത്തും പ്രതിഭയും ഒത്തുചേർന്ന ഡികോക്കിനൊപ്പം റ്യാൻ റിക്കൽടൺ എത്താനാണ് സാധ്യത. സൗത്താഫ്രിക്കൻ ട്വന്റി 20 ലീഗിൽ ടോപ്സ്കോററായ താരം ഡികോക്കിന് മികച്ച പങ്കാളിയാവും. അതല്ലെങ്കിൽ റീസ ഹെൻട്രിക്സിനാണ് സാധ്യത.
ഇന്നിങ്സ് ആങ്കർ ചെയ്യേണ്ട മൂന്നാം നമ്പറിൽ ക്യാപ്റ്റൻ മാർക്രമാകും എത്തുക. തൊട്ടുപിന്നാലെ വർത്തമാന ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാനെന്ന് വിളിപ്പേരുള്ള ഹെന്റിച്ച് ക്ലാസൻ, അടുത്തത് മത്സരം ഫിനിഷ് ചെയ്യാനും പ്രതിസന്ധികളിൽ ടീമിനെ എടുത്തുയർത്താനും കെൽപ്പുള്ള കില്ലർ മില്ലർ. കൂറ്റനടികൾക്ക് ശേഷിയുള്ള ട്രിസ്റ്റൻ സ്റ്റബ്സിന്റെ പൊസിഷൻ സാഹചര്യങ്ങൾക്കനുസരിച്ച് മാറാനാണ് സാധ്യത. ആങ്കർ ചെയ്യാനും അഗ്രസീവാകാനും ഒരു പോലെ കഴിയുന്ന റാസി വൻഡർ ഡ്യൂസൺ ഇക്കുറി ടീമിലിടം പിടിച്ചിട്ടില്ല.
കഗിസോ റബാദ, ആന്റിച്ച് നോകിയ, ജെറാർഡ് ക്വാട്സേ, മാർകോ ജാൺസൺ എന്നിവരാണ് പേസ് ഡിപ്പാർട്മെന്റിനെ നയിക്കുക. ഇതിൽ ജാൺസണും ക്വാട്സേയും ബാറ്റിങ്ങിലും മിടുക്കരാണ്. താബ്റൈസ് ഷംസി, കേശവ് മഹാരാജ്, ഫോർച്യൂൺ എന്നിവരാണ് സ്പിന്നർമാരായി ടീമിലുള്ളത്. ഇതിൽ മഹാരാജിന് ബാറ്റിങ് എബിലിറ്റിയുമുണ്ട്.
തീർച്ചയായും കപ്പ് നേടാനുള്ള സന്തുലിതമായ ടീം ദക്ഷിണാഫ്രിക്കക്കുണ്ട്. പക്ഷേ നിർഭാഗ്യങ്ങളും വിവാദങ്ങളും അവരുടെ കൂടെയുള്ളതാണ്. ടീമിൽ ആകെ ഒരു കറുത്തവർഗക്കാരൻ മാത്രമേയുള്ളൂവെന്ന വിമർശനം ഇതിനോടകം തന്നെ രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉയർത്തിയിട്ടുണ്ട്. ഒരു ടൂർണമെന്റ് വിജയിക്കണമെങ്കിൽ കളിക്കളത്തിലെ പ്രകടനത്തിനൊപ്പം തന്നെ മനസ്സാന്നിധ്യവും പ്രധാനമാണ്. ആസ്ട്രേലിയക്ക് ഉള്ളതും ദക്ഷിണാഫ്രിക്കക്ക് ഇല്ലാതെപോയതും അതാണ്. സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്തുകൂടി അവർ നേടിയെടുത്താൻ തീർച്ചയായും കിരീടം ജൊഹന്നാസ്ബർഗിലെത്തും.
Adjust Story Font
16