Quantcast

'ഇനിയാരും അട്ടിമറിയെന്ന് വിളിക്കരുത്'; ഒന്നോ രണ്ടോ ജയമല്ല, അഫ്ഗാൻ ലക്ഷ്യമിടുന്നത് കിരീടങ്ങൾ

സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാന്റെ എതിരാളികൾ.

MediaOne Logo

ടി.കെ ഷറഫുദ്ദീന്‍

  • Updated:

    2024-06-25 12:03:51.0

Published:

25 Jun 2024 12:00 PM GMT

Afghans aim for titles, not one or two wins
X

'ട്വന്റി 20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകൾ ആരൊക്കെയാകും'....ലോകകപ്പിന് തൊട്ടുമുൻപ് നൽകിയ അഭിമുഖത്തിൽ ഓസീസ് ഏകദിന,ടെസ്റ്റ് നായകൻ പാറ്റ് കമ്മിൻസിന് മുന്നിൽ ഇങ്ങനെയൊരു ചോദ്യമെത്തി. ''എന്തായാലും ആസ്‌ത്രേലിയ അതിലുണ്ടാകും. മറ്റുടീമുകളെ നിങ്ങൾക്ക് തീരുമാനിക്കാം. ഞങ്ങൾ അതേ കുറിച്ച് ചിന്തിക്കുന്നേയില്ല''. കമ്മിൻസ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ഇന്ത്യയെ തോൽപിച്ച് ഏകദിന ലോകകപ്പ് നേടിയതിന് ശേഷം കങ്കാരുപ്പട നിലത്തൊന്നുമല്ലായിരുന്നു. ഓവർ കോൺഫിഡൻസ് അവരുടെ ഓരോ വാക്കിലും പ്രവർത്തിയിലുമെല്ലാം പ്രകടം. എന്നാൽ വാക്കുകൾകൊണ്ടല്ല... കളിക്കളത്തിൽ ബാറ്റും പന്തുംകൊണ്ടാണ് മറുപടി പറയേണ്ടതെന്ന് മിച്ചൽ മാർഷിനേയും സംഘത്തേയും പഠിപ്പിച്ചിരിക്കുകയാണ് ഈ ലോകകപ്പിൽ റാഷിദ് ഖാനും സംഘവും. ഗ്രൂപ്പിൽ അനായാസം മുന്നേറാമെന്ന ഓസീസിന്റെ ഏഷ്യൻ ടീമിന്റെ പോരാട്ട വീര്യത്തിന് മുന്നിൽ വീണുടഞ്ഞത്.

നിർണായക മാച്ചിൽ ഇന്ത്യയോടും തോറ്റതോടെ ഓസീസിന്റെ പുറത്തേക്കുള്ള വഴി തുറന്നിരുന്നു. ഇനി മുന്നിൽ വിദൂര സാധ്യതമാത്രം. ബംഗ്ലാദേശിനെതിരെ അഫ്ഗാൻ ജയിക്കരുത്. ഇങ്ങനെ നെറ്റ് റൺറേറ്റിൽ മുകളിലുള്ള ഓസീസിന് കയറി കൂടാനാകുമോയെന്ന് നോക്കാം. ഇത്തരത്തിൽ ഭാഗ്യത്തിന്റെ അകമ്പടിയിൽ കയറേണ്ട ടീമാണോ ഓസീസ് എന്നത് മറ്റൊരു കാര്യം. ബംഗ്ലാദേശ്-അഫ്ഗാൻ മത്സരത്തിന് മുന്നോടിയായി ആസ്‌ത്രേലിയയുടെ സോഷ്യൽമീഡിയ പേജിൽ ബംഗ്ലാദേശിനെ പിന്തുണച്ച് രസകരമായ ഒരുപോസ്റ്റുമെത്തി. ' കമോൺ ടൈഗേഴ്‌സ്''.. ഇനി ഏക പ്രതീക്ഷ ബംഗ്ലാദേശിൽ. ഒടുവിൽ ത്രില്ലർ പോരിൽ അഫ്ഗാൻ മിച്ചൽ മാർഷിന്റേയും സംഘത്തിന്റേയും ആ പ്രതീക്ഷയും തല്ലികെടുത്തി. ഇവിടെ ജയിച്ച അഫ്ഗാനേക്കാൾ ഇന്ത്യൻ ആരാധകരെ സന്തോഷിപ്പിച്ചത് ഓസീസിന്റേയും ബംഗ്ലാദേശിന്റേയും പുറത്താകലാണ്.

ക്രിക്കറ്റ് പലപ്പോഴും അങ്ങനെയാണ്... മോഹിപ്പിച്ച് കടന്നുകളയും. പ്രതീക്ഷിക്കാത്ത സമയത്ത് മധുരം നൽകുകയും ചെയ്യും. 2010ൽ വെസ്റ്റിൻഡീസിൽ നടന്ന ട്വന്റി 20 ലോകകപ്പിലാണ് അഫ്ഗാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. അയൽലൻഡിനെതിരെ അന്ന് അഞ്ച് വിക്കറ്റിന് തോറ്റുകൊണ്ടായിരുന്നു തുടക്കം. പിന്നീട് അവർ സ്വന്തമാക്കിയത് സമാനതകളില്ലാത്ത നേട്ടം. ഐ.സി.സി റാങ്കിങിൽ ആദ്യ പത്തിൽ ഇന്ന് നിരവധി അഫ്ഗാൻ താരങ്ങളുണ്ട്. ഏകദിന ഓൾറൗണ്ടർമാരിൽ ഒന്നാം സ്ഥാനത്ത് മുഹമ്മദ് നബിയാണ്. ബൗളർമാരിൽ ആറാം റാങ്കിലും. ടി20 ബൗളർമാരിൽ ആദ്യ പത്തിലുമുണ്ട് രണ്ട് താരങ്ങൾ. നാലാം സ്ഥാനത്ത് റാഷിദ് ഖാനും ആറിൽ ഫസൽ ഹഖ് ഫാറൂഖിയും. ഏകദിന ലോകകപ്പിൽ അഫ്ഗാന്റെ സ്വപ്‌നങ്ങൾ തല്ലികെടുത്തിയ ഓസീസിനെതിരെ മാസങ്ങൾക്കിപ്പുറം ലോകവേദിയിൽതന്നെ അവർ പകരം വീട്ടി. ഈ അഫ്ഗാൻ സംഘത്തിൽ നിന്ന് ഇനിയും ഒരുപാട് പ്രതീക്ഷിക്കാനുണ്ട്. ഞങ്ങളുടെ വിജയങ്ങളെ അട്ടിമറിയെന്ന് പറഞ്ഞ് ചെറുതാക്കി കാണരുതേ..-മാസങ്ങൾക്ക് മുൻപ് അഫ്ഗാൻ വിക്കറ്റ് കീപ്പർ ബാറ്റർ റഹ്‌മത്തുള്ള ഗുർബാസ് പറഞ്ഞ വാക്കുകൾ ഇന്നും പ്രസക്തം.

ലോകകപ്പിന് മുൻപ് അഫ്ഗാൻ സെമിയിലെത്തുമെന്ന് പ്രവചിച്ചൊരു ഇതിഹാസ താരമുണ്ട്. സാക്ഷാൽ ബ്രയാൻ ലാറ. മാസങ്ങൾക്ക് മുൻപ് വിൻഡീസ് മുൻ നായകൻ ഇങ്ങനെയൊരു പ്രവചനം നടത്തിയപ്പോൾ ചിരിച്ച് തള്ളിയവരുണ്ട്. അവർക്ക് മുന്നിലേക്കാണ് നെഞ്ചുവിരിച്ച് ആ പതിനൊന്നുപേർ അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്. ഓസീസിനെതിരെ ചരിത്രത്തിൽ ആദ്യമായി വിജയം നേടുമ്പോഴും ബംഗ്ലാദേശിനെതിരെ സെമിയുറപ്പിച്ച വിജയം സ്വന്തമാക്കുമ്പോഴും റാഷിദ് ഖാനും സംഘവും മതിമറന്നാണ് ആഘോഷിച്ചത്. അതിനൊരു കാരണവുമുണ്ട്. മികച്ച ഗ്രൗണ്ടുകളോ സൗകര്യങ്ങളോയില്ലാതെ അസൗകര്യങ്ങൾക്ക് നടുവിൽ കഠിനാദ്ധാനം ചെയ്താണ് അവർ ഇതുവരെയെത്തിയത്. അടുത്ത കാലത്ത് അഫ്ഗാൻ കൈവരിച്ചത് സമാനതളില്ലാത്ത നേട്ടമാണ്.



ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ വിജയം. അതേ ലോകവേദിയിൽ അയൽക്കാരായ പാകിസ്താനെയും തകർത്തെറിഞ്ഞു. ഒരുവർഷങ്ങൾക്കിപ്പുറം ട്വന്റി 20 ലോകകപ്പിലും ജൈത്രയാത്ര തുടർന്നു. ടൂർണമെന്റ് ഫേവറേറ്റുകളായെത്തിയ ന്യൂസിലാൻഡിനെ കറക്കിവീഴ്ത്തി സൂപ്പർ എയ്റ്റിലേക്ക്. ക്വാർട്ടർ പോരാട്ടത്തിൽ ഓസീസിനേയും ബംഗ്ലാദേശിനേയും തോൽപിച്ച് സെമിയിലേക്ക്. ദക്ഷിണാഫ്രിക്കയെ കൂടി തോൽപിച്ചാൽ അവരെ കാത്തിരിക്കുന്നത് സ്വപ്ന ഫൈനൽ. ബാറ്റിങിൽ തോൽക്കുമ്പോഴും ബൗളിങിലാണ് അഫ്ഗാൻ ഇത്തവണ പലമത്സരങ്ങളിലും തിരിച്ചുവരവ് നടത്തിയത്. ലോകകപ്പിന് തൊട്ടുമുൻപ് ബൗളിങ് കൺസൾട്ടന്റായി അഫ്ഗാൻബോർഡ് നിയമിച്ച വിൻഡീസ് മുൻതാരം ഡ്വയിൻ ബ്രായോയുടെ സാന്നിധ്യവും ടീം വിജയത്തിൽ നിർണായകമാണ്. ഡഗൗട്ടിലിരിപ്പുറക്കാതെ ബൗണ്ടറി ലൈനിന് അരികിലെത്തി അയാൾ നിർണായക തന്ത്രങ്ങൾ പറയുന്നു. താരങ്ങൾക്കൊപ്പം വിജയാഘോഷത്തിൽ ആടിതിമർത്തും ബ്രാവോ അവരിലൊരാളായി മാറി കഴിഞ്ഞു.

അഫ്ഗാൻ വിജയങ്ങളിൽ റാഷിദ് ഖാനും നവീൻ ഉൽ ഹഖും ഫസൽ ഹഖ് ഫാറൂഖിയും റഹ്‌മത്തുള്ള ഗുർബാസും മാത്രമല്ല ശ്രദ്ധേയതാരങ്ങൾ. അറിയപ്പെടാത്ത മറ്റൊരാൾ കൂടിയുണ്ട്. ഗുൽബാദിൻ നയിബ്. ഓസീസിനെതിരെ കളിയിലെ താരമായ 33 കാരൻ ഓൾറൗണ്ടർ ബംഗ്ലാദേശിനെതിരെയും നിർണായക പ്രകടനം പുറത്തെടുത്തു. 2010ൽ അഫ്ഗാൻ ക്രിക്കറ്റിനെ കുറിച്ചൊരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. ഔട്ട്ഓഫ്ദി ആഷസ്. ഐസിസി ലോക ട്വന്റി20 ടൂർണമെന്റിനുള്ള അഫ്ഗാൻ ക്രിക്കറ്റ് ടീമിന്റെ യോഗ്യതയുടെ കഥ പറയുന്ന ഹ്വസ്വചിത്രം. എതിരാളികളില്ലാത്ത ഓസീസ് സകല ട്രോഫികളും വാരികൂട്ടിയ കാലംകൂടിയായിരുന്നു അത്. ആ ഡോക്യുമെന്ററിൽ ക്യാമറക്ക് മുന്നിലെത്തിയ ഒരു കൊച്ചുപയ്യനുണ്ടായിരുന്നു. ബോഡി ബിൽഡിങിൽ അതീവ താൽപര്യമുള്ള കൗമരക്കാരൻ. ഗുൽബാദിൻ നയിബ്. പതിറ്റാണ്ടിനിപ്പുറം ഓസീസിനെതിരെ കളി ജയിച്ച ശേഷം മസിൽ വിടർത്തികൊണ്ടുള്ള വെറ്ററൻ താരത്തിന്റെ ഈ ആഘോഷത്തിലുണ്ട് ജയത്തിനായി കാത്തിരുന്ന വർഷങ്ങളുടെ കാത്തിരിപ്പിന്റെ കഥ....



ഇന്റർ നാഷണൽ ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും ബംഗ്ലാദേശുമായിരുന്നു ഇതുവരെ ഏഷ്യൻ ശക്തികൾ. ഇതിൽ ബംഗ്ലാദേശ് ഒഴികെയുള്ള ടീമുകൾ ലോകകരീടം ചൂടിയവർ. ഇനി ഏഷ്യൻ മണ്ണിൽ ഈ നാലു ടീമുകൾക്കൊപ്പംതന്നെ വൻശക്തികളായി അഫ്ഗാനുമുണ്ടാകും. അതുപക്ഷെ, വെറുതെ ഒന്നോരണ്ടോ കളി ജയിച്ച് പോകാനല്ല. വലിയ വേദികളിലെ കിരീടം തന്നെയാണ് ഈ സുവർണതലമുറ ലക്ഷ്യമിടുന്നത്. ഒന്നരപതിറ്റാണ്ടിനപ്പുറം ട്വന്റി 20 ലോകകപ്പിൽ അരങ്ങേറിയ അഫ്ഗാന് ഇതുവരെ നേടിയതെല്ലാം ബോണസാണ്. വേണമെങ്കിൽ സെമിയിലെത്തിയ ആത്മവിശ്വസവുമായി മടങ്ങാം. എന്നാൽ കീഴടങ്ങാൻ മനസില്ലാത്ത ഈ പതിനൊന്നുപേർ സെമിയിലും അത്ഭുതം തീർക്കാനായി കഠിനമായി ശ്രമിക്കും. ലോക ക്രിക്കറ്റിലെ ശക്തികളായ ന്യൂസിലാൻഡിനോ സൗത്താഫ്രിക്കക്കോ എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളിലേക്ക് ഈ ചെറിയൊരു സംഘത്തിന് നടന്നുകയറാനായാൽ ക്രിക്കറ്റിന്റെ ആഗോള പ്രാധാന്യംകൂടിയാണ് അവിടെ വർധിക്കുക. കിരീടത്തിലേക്ക് ഇനി അഫ്ഗാന് മുന്നിലുള്ളത് രണ്ട് മത്സരങ്ങൾ. ഓസീസിനെ തോൽപിച്ച ശേഷം റാഷിദ് ഖാൻ പറഞ്ഞതുപോലെ... ''ഞങ്ങൾ ഇവിടെ മുതലാണ് ആരംഭിക്കുന്നത്'' ....

TAGS :

Next Story