'വിശ്രമിക്കാനല്ല,കളിക്കാനാണ് ആസ്‌ത്രേലിയയിലേക്ക് പോകുന്നത്'; ബി.സി.സി.ഐയെ വിമർശിച്ച് ഗവാസ്‌കർ
ആസ്‌ത്രേലിയയിൽ ഇന്ത്യ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് കളിക്കുക
ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ലക്ഷ്യമിട്ടുള്ള യാത്രയിലാണ് ഇന്ത്യൻ ടീം. 43 ദിവസത്തിന് ശേഷം ബംഗ്ലാദേശിനെതിരായ ടെസറ്റിലാണ് ഇന്ത്യ കളിക്കുക. തുടർന്ന് ന്യൂസിലൻഡ് പര്യടനം. ഇതിന് ശേഷമാണ് ഏവരും കാത്തിരിക്കുന്ന ഇന്ത്യ-ആസ്‌ത്രേലിയ ബോർഡർ ഗവാർസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരക്ക് കളമൊരുങ്ങുക. ഓസീസ് മണ്ണിൽ നടക്കുന്ന പരമ്പര ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലടക്കം നിർണായകമാണ്. എന്നാൽ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം പരിശീലന മത്സരം വെട്ടികുറച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ.
സന്ദർശക ടീമുകൾ ഓസ്‌ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായി കളിക്കാറുള്ള പതിവ് ത്രിദിന പരിശീലന മത്സരം ബിസിസിഐയുടെ അഭ്യർത്ഥനയെത്തുടർന്ന് ദ്വിദിന മത്സരമായി കുറച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെതിരെയാണ് ഗവാസ്‌കർ രംഗത്തെത്തിയത്.
പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിനുശേഷമാണ് പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായി കാൻബറയിൽ പരിശീലന മത്സരം. എന്നാൽ താരങ്ങളുടെ വിശ്രമം ചൂണ്ടിക്കാട്ടി ദ്വിദിനമായി ചുരുക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകുകയാണെങ്കിൽ യുവതാരങ്ങളെയെങ്കിലും കളിപ്പിക്കണമെന്ന് ഗവാസ്‌കർ പറഞ്ഞു. ആസ്‌ത്രേലിയയിൽ പോകുന്നത് കളിക്കാനാണ്. അല്ലാതെ വിശ്രമിക്കാനല്ലെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. 1992ന് ശേഷം ആദ്യമായാണ് ഇന്ത്യ ഓസീസ് മണ്ണിൽ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കളിക്കുന്നത്. പെർത്തിന് പുറമെ അഡ്‌ലൈഡ്(ഡേ-നൈറ്റ്), ബ്രിസ്ബൺ, മെൽബൺ, സിഡ്‌നി എന്നിവിടങ്ങളിലായാണ് മത്സരം നടക്കുക. ബോർഡർ-ഗവാസ്‌കർ ട്രോഫി ഓസീസ് നേടുമെന്ന് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് പറഞ്ഞിരുന്നു.
Adjust Story Font
16