ചാമ്പ്യൻസ് ലീഗിൽ റയലും മാഞ്ചസ്റ്റർ സിറ്റിയും ക്വാർട്ടറിൽ; അപൂർവ്വ നേട്ടം സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ്
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇംഗ്ലീഷ് ക്ലബ് തുടർച്ചയായി 10 ജയം സ്വന്തമാക്കുന്നത്.
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിലെത്തി നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും മുൻ ചാമ്പ്യൻമാരായ റയൽമാഡ്രിഡും. രണ്ടാം പാദ പ്രീ ക്വാർട്ടറിൽ സ്വന്തം തട്ടകത്തിൽ കോപ്പൻഹേഗനെ (3-1) കീഴടക്കിയാണ് സിറ്റി അവസാന എട്ടിൽ സ്ഥാനം പിടിച്ചത്. നേരത്തെ ആദ്യ പാദത്തിലും ഇതേ മാർജിനിൽ തന്നെയായിരുന്നു ജയം. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇംഗ്ലീഷ് ക്ലബ് തുടർച്ചയായി 10 ജയം സ്വന്തമാക്കുന്നത്. ഇതോടൊപ്പം ഹോം ഗ്രൗണ്ടിൽ തോൽവിയറിയാതെ 30 മത്സരങ്ങൾ പൂർത്തിയാക്കാനും പെപ് ഗ്വാർഡിയോളക്കും സംഘത്തിനുമായി.
മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ മാനുവൽ അകാഞ്ചി, ഒമ്പതാം മിനിറ്റിൽ ജൂലിയൻ അൽവരാസ്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+3) എർലിങ് ഹാലണ്ട് എന്നിവർ സിറ്റിക്കായി ഗോളടിച്ചു. 29-ാം മിനിറ്റിൽ മുഹമ്മദ് എല്യുനൂസിയിലൂടെ കോപ്പൻഹേഗൻ ആശ്വാസ ഗോൾ നേടി.
മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡിനെ ആർബി ലെയ്‌സ്പിങ് സമനിലയിൽ തളച്ചു. ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി. 65-ാം മിനിറ്റിൽ വിനിഷ്യസ് ജൂനിയർ റയലിനായി ലക്ഷ്യം കണ്ടു. 68-ാം മിനിറ്റിൽ വില്ലി ഓർബനിലൂടെ ജർമ്മൻ ക്ലബ് മറുപടി നൽകി.സ്വന്തം തട്ടകത്തിലെ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ആദ്യ പാദത്തിലെ ഒരു ഗോളിന്റെ ലീഡ് റയലിന് ഗുണമായി. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ കടന്നു.
Adjust Story Font
16