Quantcast

ഉഗാണ്ട 39 റൺസിൽ ഔൾഔട്ട്; വെസ്റ്റിൻഡീസിന് 134 റൺസ് കൂറ്റൻ ജയം

ടി20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോറെന്ന മോശം റെക്കോർഡും ഉഗാണ്ട വഴങ്ങി

MediaOne Logo

Sports Desk

  • Published:

    9 Jun 2024 5:00 AM GMT

ഉഗാണ്ട 39 റൺസിൽ ഔൾഔട്ട്; വെസ്റ്റിൻഡീസിന് 134 റൺസ് കൂറ്റൻ ജയം
X

ഗയാന: ടി20 ലോകകപ്പിൽ ഉഗാണ്ടക്കെതിരെ മുൻ ചാമ്പ്യൻമാരായ വെസ്റ്റിൻഡീസിന് 134 റൺസിന്റെ വമ്പൻ ജയം. ഗയാന പ്രോവിഡൻസ് സ്റ്റേഡിയത്തിൽ ടോസ് ബാറ്റിങിനെത്തിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് നേടിയത്. 44 റൺസ് നേടിയ ജോൺസൺ ചാൾസാണ് ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ ഉഗാണ്ട 12 ഓവറിൽ 39 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഉഗാണ്ടൻ നിരയിൽ ജുമ മിയാഗിക്ക് (പുറത്താവാതെ 13) മാത്രമാണ് രണ്ടക്കം കാണാനായത്. അകെയ്ൽ ഹുസൈൻ വിൻഡീസിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി.

ടി20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോറെന്ന മോശം റെക്കോർഡും ഉഗാണ്ട വഴങ്ങി. നേരത്തെ 2014 ലോകകപ്പിൽ ശ്രീലങ്കക്കെതിരെ നെതർലാൻഡും ഇതേ സ്‌കോറിന് പുറത്തായിരുന്നു. റോജർ മുകാസ (0), സിമോൺ സെസായ് (4), റോബിൻസൺ ഒബൂയ (6), അൽപേഷ് രാംജാനി (5), കെന്നത് വൈസ്വ (1), റിയാസത് അലി ഷാ (3), ദിനേശ് നക്രാനി (0), ബ്രയാൻ മസാബ (1), കോസ്മസ് യെവുട്ട (1), ഫ്രാങ്ക് സുബുഗ (0) എന്നിങ്ങനെയാണ് മറ്റ് ഉഗാണ്ടൻ താരങ്ങളുടെ സ്‌കോറുകൾ.

നേരത്തെ ഭേദപ്പെട്ട തുടക്കമാണ് വിൻഡീസിന് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ബ്രൻഡൻ കിങ്(13) ചാൾസ് സഖ്യം 41 റൺസ് ചേർത്തു. നിക്കോളാസ് പുരാൻ (22), റോവ്മാൻ പവൽ (23), ഷെഫാനെ റുതർഫോർഡ് (22) എന്നവരും മികച്ച സ്‌കോർ ചെയ്തു. ആന്ദ്രേ റസ്സൽ (22), റൊമാരിയോ ഷെഫേർഡ് (5) എന്നിവർ പുറത്താവാതെ നിന്നു. മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ആസ്‌ത്രേലിയ 36 റൺസ് ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് കുറിച്ച 201 റൺസ് പിന്തുടർന്നിറങ്ങിയ നിലവിലെ ചാമ്പ്യൻമാരുടെ പോരാട്ടം 165 റൺസിൽ അവസാനിച്ചു. രണ്ട് വിക്കറ്റ് വീഴ്ത്തിയ ആദം സാംബയാണ് കളിയിലെ താരം

TAGS :

Next Story