ഐപിഎല്ലിലെ ഇന്ത്യൻ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഉമ്രാൻ മാലിക്
ഉമ്രാന്റെ പേരിലാണ് ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും വേഗത കൂടിയ അഞ്ച് പന്തുകൾ
ഐപിഎൽ പതിനഞ്ചാം സീസണിൽ ഇപ്പോൾ ഒരു ഇന്ത്യൻ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് ഓടിക്കൊണ്ടിരിക്കുകയാണ്- സൺ റൈസേഴ്‌സ് താരമായ ഉമ്രാൻ മാലിക്. ഇതുവരെ നാല് മത്സരങ്ങൾ കളിച്ച ഉമ്രാന്റെ പേരിലാണ് ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും വേഗത കൂടിയ അഞ്ച് പന്തുകൾ. അതിൽ എല്ലാ ഡെലിവറികളുടെയും വേഗത മണിക്കൂറിൽ 150 കിലോമീറ്റർ മുകളിലാണ് എന്നതാണ് ഈ ജമ്മു കശ്മീർ സ്വദേശിയുടെ ബോളിങിലെ മറ്റൊരു അത്ഭുതം.
2021 സീസണിൽ ഹൈദരാബാദ് താരം നടരാജന് കോവിഡ് ബാധിച്ചതിനെ തുടർന്ന് അപ്രതീക്ഷിതമായാണ് ഉമ്രാൻ ടീമിലെത്തുന്നത്. കഴിഞ്ഞ സീസണിൽ കാര്യമായ ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും ഉയർന്ന വേഗതയിൽ പന്തെറിയാനുള്ള ഉമ്രാന്റെ കഴിവ് മനസിലാക്കിയ മാനേജ്‌മെന്റ് ഈ സീസണിൽ താരത്തിന് കൂടുതൽ അവസരങ്ങൾ നൽക്കുകയായിരുന്നു.
22 വയസുള്ള ഉമ്രാൻ ആഭ്യന്തര ക്രിക്കറ്റിൽ അധികം മത്സരസമ്പത്തൊന്നുമില്ലാതെയാണ് ഐപിഎല്ലിലേക്ക് കടന്നുവന്നത്. എല്ലായിപ്പോഴും മണിക്കൂരിൽ 140 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന താരമാണ് ഉമ്രാൻ മാലിക്.
ഈ സീസണിൽ ഏറ്റവും വേഗമേറിയ പന്തുകളെല്ലാം പിറന്നത് സൺ റൈസേഴ്‌സും ഗുജറാത്തും തമ്മിലുള്ള മത്സരത്തിലാണ്. ഉമ്രാൻ മാലിക്ക് എറിഞ്ഞ 153.3 Km/h, 153.1 Km/h, 152.4 Km/h, 152.3 Km/h, 151.8 Km/h എന്നിവയാണവ. മാത്രമല്ല ഈ സീസണിൽ കളിച്ച എല്ലാ മത്സരങ്ങളിലും വേഗമേറിയ പന്തിനുള്ള ക്യാഷ് അവാർഡും ലഭിച്ചത് ഉമ്രാൻ മാലികിനാണ്. പക്ഷേ ഇതുവരെ മൂന്ന് വിക്കറ്റുകൾ മാത്രമാണ് ഉമ്രാന് വീഴ്ത്താനായത്. റണ്‍സ് വിട്ടുകൊടുക്കുന്നതിലും ഉമ്രാന്‍ പിശുക്ക് കാട്ടുന്നില്ല. ഇന്നലെ ഗുജറാത്തുമായി നടന്ന മത്സരത്തിൽ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും 39 റൺസ് വിട്ടുകൊടുത്തു.
മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയടക്കം ഉമ്രാന് പ്രശംസയുമായി രംഗത്ത് വന്നിട്ടുണ്ട്. അടുത്തു തന്നെ ഉമ്രാൻ ഇന്ത്യൻ ദേശീയ ടീമിലെത്തുമെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം.
Summary: Umran Malik, the fastest and the fiercest pacer of IPL 2022
Adjust Story Font
16