Quantcast

'അവനെക്കാൾ തടി കൂടുതലുള്ളവരുണ്ട് ഇവിടെ': സർഫറാസിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷവിമർശവുമായി വെങ്കിടേഷ് പ്രസാദ്

സെഞ്ച്വറിയും ട്രിപ്പിൾ സെഞ്ച്വറിയുമൊക്കെ നേടി ബിസിസിഐയുടെ വാതിലിൽ തൂങ്ങിനിൽക്കുകയാണ് താരം

MediaOne Logo

Web Desk

  • Published:

    18 Jan 2023 9:48 AM GMT

Sarfaraz Khan, Ranji Trophy, BCCI
X

സർഫറാസ് ഖാൻ

മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ ഇപ്പോൾ ഒരേയൊരു സൂപ്പർസ്റ്റാറെയുള്ളൂ, മുംബൈ താരം സർഫാറാസ് ഖാൻ. കഴിഞ്ഞ രണ്ട് രഞ്ജി സീസണിലും ഇപ്പോഴും താരത്തിന്റെ ബാറ്റ് ചലിച്ചുകൊണ്ടേയിരിക്കുകയാണ്. സെഞ്ച്വറിയും ട്രിപ്പിൾ സെഞ്ച്വറിയുമൊക്കെ നേടി ബിസിസിഐയുടെ വാതിലിൽ തൂങ്ങിനിൽക്കുകയാണ് താരം. എന്നിട്ടും ബി.സി.സി.ഐ കണ്ടില്ലെന്ന് നടിക്കുന്നു.

ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ താരത്തെ ഉൾപ്പെടുത്തുമെന്ന് പരക്കെ വിശ്വസിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഏകദിന-ടി20 സ്‌പെഷ്യലിസ്റ്റ് ബാറ്ററും തീപ്പൊരി ഫോമിലുള്ള സൂര്യകുമാർ യാദവിലാണ് സെലക്ടർമാർ വിശ്വാസം അർപ്പിച്ചത്. സർഫാറാസിനെ ഒഴിവാക്കിയതിന് പിന്നിൽ താരത്തിന്റെ 'തടി'യാണ് പ്രശ്‌നമെന്ന് പറയുന്നവരുണ്ട്. താരം പൂർണഫിറ്റല്ലെന്നും ഫീൽഡിങിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കില്ലെന്നുമൊക്കെയാണ് സർഫറാസിനെച്ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങൾ. എന്നാൽ അത്തരം വിമർശനങ്ങളെ എറിഞ്ഞിടുകയാണ് മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്.

സർഫറാസിനെക്കാൾ തടികൂടുതലുള്ളവരുണ്ടിവിടെ എന്ന് പറയുകയാണ് വെങ്കടേഷ് പ്രസാദ്. മൂന്ന് രഞ്ജി സീസണുകളിലായി അസാധ്യപ്രകടനം കാഴ്ചവെച്ച സർഫറാസിനെ തഴയുന്നത് അദ്ദേഹത്തോട് കാണിക്കുന്ന അനീതിയാണെന്ന് വെങ്കടേഷ് പ്രസാദ് പറഞ്ഞു. സർഫാറാസിനോട് മാത്രമല്ല ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ പിന്നെ എന്തിന് എന്ന ചോദ്യവും ഉയരും. ഇനി അവന്റെ ശരീരഭാരമാണ് പ്രശ്‌നമെങ്കിലും അവനെക്കാൾ ഭാരം കൂടുതലുള്ളവരുണ്ടിവിടെ- വെങ്കടേഷ് പ്രസാദ് പറഞ്ഞുനിർത്തി. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഡൽഹിക്കെതിരായ മത്സരത്തിലെ താരത്തിന്റെ സെഞ്ച്വറി നേട്ടം പങ്കുവെച്ചായിരുന്നു വെങ്കടേഷ് പ്രസാദിന്റെ കുറിപ്പ്.

ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ടീമിലുൾപ്പെടുത്തിയില്ലെന്ന വാർത്ത കേട്ടപ്പോൾ കരഞ്ഞിരുന്നുവെന്ന് സർഫറാസ് വെളിപ്പെടുത്തിയിരുന്നു. അതേസമയം ആസ്‌ട്രേലിയക്കെതിരെ നാല് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. തുടർന്നുള്ള മത്സരങ്ങളിൽ സർഫറാസിനെ ഒരുപക്ഷേ ഉൾപ്പെടുത്തിയേക്കും.

TAGS :

Next Story