Quantcast

'അഴിമതിക്കാരനായ ഒരാള്‍ മതി, ഒരു സംവിധാനം മുഴുവന്‍ നശിക്കും'; വെങ്കടേഷ് പ്രസാദിന്‍റെ പോസ്റ്റ് ആരെ ഉന്നംവെച്ച്?! വിവാദം

ആളുകളുടെ പേരോ സംഘടനയുടെ പേരോ ഒന്നും പ്രസാദ് എടുത്ത് പറഞ്ഞില്ലെങ്കിലും ലക്ഷ്യമിട്ടത് ബി.സി.സി.ഐയെ ആണെന്നാണ് പുറത്തെ ചര്‍ച്ചകള്‍...

MediaOne Logo

Web Desk

  • Published:

    10 Sep 2023 1:12 PM GMT

Venkatesh Prasad, tweet,x,bcci, india,indian cricket
X

വെങ്കടേഷ് പ്രസാദ്

പങ്കുവെച്ച ട്വീറ്റ് വിവാദമായതോടെ വീണ്ടും സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നിറയുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്. വ്യക്തികളുടേയും സംഘടനകളുടേയും പേര് പോലും പരാമര്‍ശിക്കാതെ എക്സില്‍(മുന്‍പത്തെ ട്വിറ്റര്‍) പങ്കുവെച്ച ട്വീറ്റിലൂടെയാണ് വെങ്കടേഷ് പ്രസാദ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ''അഴിമതിക്കാരനും അഹങ്കാരിയുമായ ഒരാള്‍ ഉണ്ടായാല്‍ ഉണ്ടായാല്‍ മതി, ഒരു സംഘടനാ സംവിധാനം മുഴുവന്‍ നശിക്കും... അത് അവിടെയുള്ള മറ്റെല്ലാവരുടേയും കഠിനാധ്വാനത്തെയും ആത്മാര്‍ത്ഥതയെയും ഇല്ലാതാക്കും, ഒരു സംവിധാനത്തിന്‍റെ മുഴുവൻ പേരും പ്രശസ്തിയും നശിപ്പിക്കാന്‍ അത് മതി'. കഴിഞ്ഞ ദിവസം വെങ്കടേഷ് പ്രസാദ് എക്സില്‍ കുറിച്ച വരികളാണിത്.

ആളുകളുടെ പേരോ സംഘടനയുടെ പേരോ ഒന്നും പ്രസാദ് എടുത്ത് പറഞ്ഞില്ലെങ്കിലും ലക്ഷ്യമിട്ടത് ബി.സി.സി.ഐയെ ആണെന്നാണ് പുറത്തെ ചര്‍ച്ചകള്‍. ലോകകപ്പിന്‍‌റെ മത്സരക്രമം പ്രഖ്യാപിക്കുന്നതിലും ടിക്കറ്റ് വിതരണത്തിലും ബി.സി.സി.ഐക്ക് വീഴ്ചകള്‍ പറ്റിയെന്ന് മുന്‍പ് വെങ്കടേഷ് പ്രസാദ് തുറന്നടിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് പുതിയ ട്വീറ്റെന്നും കായികലോകത്ത് വ്യാഖ്യാനങ്ങളുണ്ടായി.

എന്നാല്‍ ട്വീറ്റ് വിവാദമായതോടെ വെങ്കിടേഷ് പ്രസാദ് പോസ്റ്റ് ഡിലീറ്റ് ചെയ്തു, പിന്നീട് പഴയ പോസ്റ്റിനൊപ്പം ഒരു വരികൂടി ചേര്‍ത്ത് പിന്നെയും ഒരു ട്വീറ്റ് കൂടി പങ്കുവെച്ചു. ഇത് രാഷ്ട്രീയം, കായിക മേഖല, പത്രപ്രവർത്തനം, കോർപ്പറേറ്റ് രംഗം എന്നിങ്ങനെ എല്ലാ മേഖലകളിലും സത്യമാണ് എന്നാണ് പഴയ വരികള്‍ക്കൊപ്പം താരം കൂട്ടിച്ചേര്‍ത്തത്.

ട്വീറ്റ് ചര്‍ച്ചയായതിന് പിന്നാലെ പ്രസാദ് പുതിയ പോസ്റ്റ് ഇടുകയും ദേശീയ മാധ്യമങ്ങള്‍ക്ക് പ്രസാദ് വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ''എന്‍റെ ട്വീറ്റ് ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചായിരുന്നില്ല, ആരുടെയും പേര് പറയാനൊട്ട് എനിക്ക് ഭയവുമില്ല... എന്നാല്‍ ഇത് പൊതുവായ ഒരു പ്രസ്താവന മാത്രമായിരുന്നു...'' അദ്ദേഹം പറയുന്നു. പി.ടി.ഐയോടാണ് വെങ്കടേഷ് പ്രസാദ് പ്രതികരിച്ചത്. പോസ്റ്റിലെ വരികള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വ്യാഖ്യാനിക്കപ്പെട്ടതോടെയാണ് പിന്‍വലിച്ചതെന്നും പ്രസാദ് ഒരു ആരാധകന് എക്സില്‍ മറുപടി നല്‍കിയിട്ടുമുണ്ട്.

ബി.സി.സി.ഐയുടെ ടിക്കറ്റ് വിതരണത്തിലെ പാളിച്ചകളെ മുമ്പ് വിമര്‍ശിച്ചിട്ടുള്ളതിനാല്‍ ഇപ്പോഴത്തെ പ്രസ്താവനയെയും ആളുകള്‍ അതുമായി ബന്ധപ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പ്രസാദ് പറഞ്ഞു. ആരുടെയും പേര് പറയാന്‍ തനിക്ക് ഭയമില്ലെന്നും എന്നാല്‍ ഇപ്പോഴത്തെ ട്വീറ്റ് ആരെയും ഉദ്ദേശിച്ചായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പ് മത്സരക്രമം പ്രഖ്യാപിക്കാന്‍ താാമസിച്ചതും പ്രഖ്യാപിച്ചതിനുശേഷം പിന്നീട് മത്സരങ്ങള്‍ റീഷെഡ്യൂള്‍ ചെയ്തതും ടിക്കറ്റ് വിതരണത്തിലെ പ്രശ്നങ്ങളുമെല്ലാം പ്രസാദ് നേരത്തേ തന്നെ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരുന്നു. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് മാത്രമായി റിസര്‍വ് ഡേ അനുവദിച്ചതിനെതിരെയും പ്രസാദ് വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് താരം പുതിയ ട്വീറ്റ് പങ്കുവെക്കുന്നതും വിവാദമാകുന്നതും.

TAGS :

Next Story