Quantcast

റോഡ്രിയുണ്ടെങ്കിൽ സിറ്റിയെ തോൽപിക്കാനാവില്ല; 35 മത്സരങ്ങളിൽ തുടർ ജയം

കഴിഞ്ഞ കലണ്ടർ വർഷം ഒരു കളിപോലും ടീം തോറ്റില്ലെന്നതും ഈ ഡിഫൻസീവ് മിഡ്ഫീൽഡർ ചാമ്പ്യൻക്ലബിന് എത്രത്തോളം പ്രധാനപ്പെട്ടതാരമാണെന്ന് വ്യക്തമാക്കുന്നു.

MediaOne Logo

Web Desk

  • Updated:

    2024-02-06 12:34:47.0

Published:

6 Feb 2024 10:07 AM GMT

റോഡ്രിയുണ്ടെങ്കിൽ സിറ്റിയെ തോൽപിക്കാനാവില്ല; 35 മത്സരങ്ങളിൽ തുടർ ജയം
X

ലണ്ടൻ: കാൽപന്തുകളിയിൽ ചില താരങ്ങൾ കളത്തിലുണ്ടാകുമ്പോൾ ടീമിലുണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്. മാഞ്ചസ്റ്റർ സിറ്റിയിൽ സ്പാനിഷ് താരം റോഡ്രിഗോയുടെ സാന്നിധ്യം ഇക്കാര്യം അടിവരയിടുന്നതാണ്. സിറ്റിക്കൊപ്പം സമീപകാലത്തായി റോഡ്രി ഇറങ്ങിയ 35 പ്രീമിയർ ലീഗ് മത്സരങ്ങളിലും ടീം തോറ്റിട്ടില്ല. ക്ലബിന്റെ ചരിത്രത്തിൽതന്നെ ഇത്രയും മത്സരങ്ങൾ വിജയത്തിൽ ഒപ്പംനിന്ന മറ്റൊരു താരവുമില്ല. കഴിഞ്ഞ കലണ്ടർ വർഷം ഒരു കളിപോലും ടീം തോറ്റില്ലെന്നതും ഈ ഡിഫൻസീവ് മിഡ്ഫീൽഡർ ചാമ്പ്യൻക്ലബിന് എത്രത്തോളം പ്രധാനപ്പെട്ടതാരമാണെന്ന് വ്യക്തമാക്കുന്നു.

ഈ സീസണിൽ റോഡ്രിക്ക് നഷ്ടമായത് മൂന്ന് പ്രീമിയർലീഗ് മാച്ചുകളാണ്. ഇതിൽ മൂന്നിലും ടീം തോൽവിയും നേരിട്ടു. വോൾവ്‌സിനെതിരെ 2-1, ആഴ്‌സനലിനെതിരെ 1-0, ആസ്റ്റൺ വില്ലക്കെതിരെ 1-0 ഇങ്ങനെയാണ് ടീമിന്റെ തോൽവി. കരബാവോ കപ്പ് മൂന്നാം റൗണ്ടിൽ സിറ്റി ന്യൂകാസിലിനോട് കീഴടങ്ങുമ്പോഴും കളത്തിൽ 27 കാരനുണ്ടായിരുന്നില്ല. രാജ്യത്തിനായി കളിക്കാൻ മടങ്ങിയതാണ് ഈ മാച്ചിലെല്ലാം സിറ്റിക്ക് തിരിച്ചടിയായത്.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ്, എഫ്.എ കപ്പ്, ക്ലബ് ലോക കപ്പ് ഉൾപ്പെടെ നേടി കരുത്തുകാട്ടിയിരുന്നു. ഇതിലെല്ലാം നിശബ്ദ സാന്നിധ്യമായി റോഡ്രിയുടെ പ്രകടനമുണ്ട്. നിർണായക ഘട്ടത്തിൽ ഗോൾ നേടിയും താരം ടീം വിജയത്തിൽ മുഖ്യ പങ്കുവഹിച്ചു. 2023-24 സീസൺ തുടക്കത്തിൽ സിറ്റിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. മധ്യനിരയിൽ ഗുണ്ടോഗൻ ഉൾപ്പെടെ പ്രധാന താരങ്ങൾ ക്ലബ്‌വിട്ടതും സ്‌ട്രൈക്കർ ഹാളണ്ട്, പ്ലേ മേക്കർ കെവിൻ ഡിബ്രുയിനെ എന്നിവരുടെ പരിക്കും തിരിച്ചടിയായി. ഇതോടെ പ്രീമിയർ ലീഗിൽ തലപ്പത്തുനിന്ന് ഇറങ്ങി മൂന്നിലേക്കും നാലിലേക്കുമെല്ലാം പിന്തള്ളപ്പെട്ടു. ഒരുഘട്ടത്തിൽ ടൈറ്റിൽ മത്സരത്തിൽ നിന്നുപോലും സിറ്റിയെ മാറ്റിനിർത്തപ്പെട്ടു.

എന്നാൽ ഡിബ്രുയിനെ ശക്തമായി തിരിച്ചെത്തിയതോടെ പതിവ് ഗെയിമിലേക്ക് സിറ്റി മടങ്ങിയെത്തി. ഹാളണ്ട് കൂടി തിരിച്ചെത്തിയതോടെ മറ്റൊരു പ്രീമിയർലീഗ് കിരീടമാണ് പെപ് ഗ്വാർഡിയോളയും സംഘവും ലക്ഷ്യമിടുന്നത്. നിലവിൽ 23 മത്സരം കളിച്ച് 51 പോയന്റുമായി ലിവർപൂളാണ് ഒന്നാമത്. എന്നാൽ ഒരു മത്സരം കുറവ് കളിച്ച സിറ്റിക്ക് 49 പോയന്റാണ്. ഒരു വിജയംകൂടി നേടിയാൽ ലിവർപൂളിനെ മറികടന്ന് ഒന്നിലേക്കെത്താനും നിലവിലെ ചാമ്പ്യൻമാർക്കാകും.

TAGS :

Next Story