"ദയവു ചെയ്‍ത് എന്നെ നിലത്തിടരുത്" ലോകകപ്പ് വിജയാഘോഷത്തിനിടെ കോഹ്‍ലിയോടും യൂസഫ് പത്താനോടും സച്ചിന്‍
2011ലെ ലോകകപ്പ് കിരീടനേട്ടത്തിലെ വിക്ടറി ലാപ്പിനിടെ നടന്ന രസകരമായ സംഭവം പങ്കുവെക്കുകയായിരുന്നു സച്ചിന്‍
2011ലെ ഏകദിന ലോകകപ്പ് കിരീടനേട്ടത്തിലെ വിക്ടറി ലാപ്പിനിടെ നടന്ന രസകരമായ സംഭവം പങ്കുവെച്ച് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വിരാട്‍ കോഹ്‍ലിയും യൂസുഫ് പഠാനും എന്നെ തോളിലേറ്റിയപ്പോള്‍ നിലത്തിടരുതെന്ന് ഞാന്‍ അവരോടു പറഞ്ഞിരുന്നതായി സച്ചിന്‍ പറഞ്ഞു. ഇന്ത്യന്‍ ടീമായിരുന്നില്ല അന്നു ലോകകപ്പ് നേടിയത്, ഇന്ത്യയെന്ന രാജ്യം മുഴുവനുമായിരുന്നെന്നും അണ്‍അക്കാഡമി സംഘടിപ്പിച്ച സംവാദത്തില്‍ സച്ചിന്‍ വ്യക്തമാക്കി.
തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച ദിവസവും അതു തന്നെയായിരുന്നുവെന്നു സച്ചിന്‍ പറയുന്നു. 1983ല്‍ കപില്‍ ദേവ് ലോകകപ്പുയര്‍ത്തുന്നത് ടിവിയില്‍ കണ്ടത് അവിശ്വസനീയ അനുഭവമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം അതാസ്വദിച്ചു, അതോടൊപ്പം എന്റെ സ്വപ്നത്തെ പിന്തുടരാനും ഞാന്‍ ആഗ്രഹിച്ചു. എന്തൊക്കെ സംഭവിച്ചാലും ലോകകപ്പുയര്‍ത്തുകയെന്ന സ്വപ്‌നം പിന്തുടരാന്‍ അന്നു ഞാന്‍ തീരുമാനിക്കുകയായിരുന്നു.
2011ല്‍ മുംബൈയിലെ വാംഖഡെയില്‍ വച്ചുള്ള ഇന്ത്യയുടെ ലോകകപ്പ് വിജയം അവിശ്വസനീയമായിരുന്നു. എന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും നല്ല ദിവസമായിരുന്നു അത്. രാജ്യം മുഴുവന്‍ ഒരുപോലെ ആഘോഷിക്കുന്ന അപൂര്‍വ്വ സംഭവങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അത്തരത്തില്‍ ഒന്നായിരുന്നു അന്നത്തെ ലോകകപ്പ് വിജയമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
275 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഫൈനലില്‍ ഇന്ത്യക്കു ലങ്ക നല്‍കിയത്. മറുപടിയില്‍ സച്ചിന്‍ (18), വീരേന്ദര്‍ സെവാഗ് (0) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായിട്ടും ഗൗതം ഗംഭീര്‍ (97), ധോണി (91*) എന്നിവരുടെ ഇന്നിങ്‌സുകള്‍ ഇന്ത്യക്ക് വിജയം നല്‍കി.
Adjust Story Font
16