Quantcast

'പ്രവചന സിംഹമേ...' ഐപിഎല്ലിൽ ആര് ജയിച്ചാലും ഇന്ന് ജാഫറിൻറെ പ്രവചനം സത്യമാകും

'ലോകകപ്പ് നേടിയ ക്യാപ്റ്റനും, ന്യൂസിലൻഡ് കോച്ചുമുള്ള ടീം ഇത്തവണ ഐ.പി.എൽ കിരീടമുയര്‍ത്തും...'

MediaOne Logo

Web Desk

  • Updated:

    2021-10-15 13:27:00.0

Published:

15 Oct 2021 1:24 PM GMT

പ്രവചന സിംഹമേ... ഐപിഎല്ലിൽ ആര് ജയിച്ചാലും ഇന്ന് ജാഫറിൻറെ പ്രവചനം സത്യമാകും
X

ഐ.പി.എല്‍ കലാശപ്പോരാട്ടത്തിന് ടോസ് വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ പ്രവചനങ്ങളുടെ തിരക്കിലാണ് ക്രിക്കറ്റ് ലോകം. ലോകത്തെ ക്രിക്കറ്റ് ആരാധകരെല്ലാം ഇരുചേരികളിലായി തിരിയുമ്പോള്‍ പ്രവചനങ്ങളുടെ പൊടിപൂരമാണ് പുറത്തുനടക്കുന്നത്. ഫൈനലിലെ വിജയികളെ കളിക്ക് മുമ്പ് തന്നെ പ്രഖ്യാപിച്ച് മുന്‍ താരങ്ങളും എത്തിയിട്ടുണ്ട്. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറുമാണ് പ്രവചനങ്ങള്‍ക്ക് തുടക്കമിട്ടത്.

ധോണിയും കൂട്ടരും കപ്പുയര്‍ത്തുമെന്നും ജഡേജ മാന്‍ ഓഫ് ദ മാച്ച ആകുമെന്നും മൈക്കല്‍ വോണ്‍ പ്രവചിച്ചപ്പോള്‍ ആരാധകരുടെ കിളി പറത്തുന്ന പ്രവചനമാണ് വസീം ജാഫര്‍ നടത്തിയിരിക്കുന്നത്.

പ്രവചനം: ലോകകപ്പ് കിരീടം ഉയര്‍ത്തിയ ക്യാപ്റ്റനും ന്യൂസിലന്‍ഡ് കോച്ചുമുള്ള ടീം ഇന്ന് ഐ.പി.എല്‍ കിരീടം ഉയര്‍ത്തും, വസീം ജാഫര്‍ ട്വീറ്റ് ചെയ്തു. ആദ്യ വായനയില്‍ പ്രശ്നമൊന്നും തോന്നില്ലെങ്കിലും പിന്നീട് വായിക്കുമ്പോഴാണ് സംഗതിയുടെ കിടപ്പ് മനസിലാകുന്നത്. ഇന്ന് നടക്കുന്ന ഫൈനലില്‍ ആര് കിരീടം ഉയര്‍ത്തിയാലും വസീം ജാഫറിന്‍റെ പ്രവചനം ശരിയാകും...! കാരണം, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ ഇയാന്‍ മോര്‍ഗനും ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോണിയും ലോക കപ്പ് നേടിയവരാണ്. രണ്ട് ടീമിന്‍റേയും പരിശീലകര്‍ ആകട്ടെ മുന്‍ ന്യൂസിലന്‍ഡ് താരങ്ങളും.

ന്യൂസിലന്‍ഡിന്‍റെ മുന്‍ വെടിക്കെട്ട് താരം ബ്രണ്ടന്‍ മക്കല്ലമാണ് കൊല്‍ക്കത്തയുടെ കോച്ച്, മുന്‍ ന്യൂസിലന്‍ഡ് നായകനായ സ്റ്റീഫന്‍ ഫ്ലെമിങ് ചെന്നൈയുടെ പരിശീലകനും... ഇപ്പോള്‍ മനസിലായില്ലേ ജാഫറിന്‍റെ ട്വീറ്റിന്‍റെ ഗുട്ടന്‍സ്. അതുകൊണ്ട് തന്നെ ചെന്നൈ കപ്പ് ഉയര്‍ത്തിയാലും കൊല്‍ക്കത്ത ചാമ്പ്യന്മാരായാലും വസീം ജാഫറുടെ പ്രവചനം കിറുകൃത്യമാവും.

ഐ.പി.എല്‍ ചരിത്രത്തില്‍ കൊൽക്കത്തയുടേയും ചെന്നൈയുടേയും കിരീട നേട്ടങ്ങള്‍ പരിശോധിക്കാം...

ചെന്നൈയുടെ കന്നിക്കിരീടം (2010)2010 ലാണ് ചെന്നൈ ഐ.പി.എല്ലിൽ തങ്ങളുടെ ആദ്യ കിരീടനേട്ടം ആഘോഷിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ രണ്ട് ഇതിഹാസ നായകര്‍ ഏറ്റുമുട്ടിയ മത്സരമായിരുന്നു അത്. സച്ചിന്‍‌ ടെണ്ടുല്‍ക്കറുടെ മുംബൈയും മഹേന്ദ്ര സിങ്ങ് ധോണിയുടെ ചെന്നൈയും നേർക്കുനേർ. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, 35 പന്തിൽ 57 റൺസെടുത്ത സുരേഷ് റൈനയുടെ മിന്നും പ്രകടനത്തിന്‍റെ മിവിൽ 169 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുബൈയെ ചെന്നൈ ബൗളർമാർ 146 റൺസിന് ചുരുട്ടിക്കെട്ടുകയായിരുന്നു. അങ്ങനെ ഐ.പി.എൽ കിരീടത്തിൽ ചെന്നൈയുടെ ആദ്യ ചുംബനം.

വീണ്ടും ചെന്നൈ (2011)

ഐ.പി.എല്ലി ന്‍റെ ചരിത്രത്തിൽ ആദ്യമായി ഒരു ടീം രണ്ട് തവണ കിരീടത്തിൽ മുത്തമിടുന്ന റെക്കോർഡ് ചെന്നൈ സ്വന്തമാക്കിയത് 2011 ലാണ്. ഫൈനലിൽ വീണ്ടും രണ്ട് ഇന്ത്യൻ നായകർ നേർക്കുനേർ. മഹിയുടെ ചെന്നൈയും കോലിയുടെ ബാംഗ്ലൂരുമാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. ആദ്യ ബാറ്റ് ചെയ്ത ചെന്നൈ, 95 റൺസെടുത്ത മുരളി വിജയിയുടെ വെടിക്കെട്ട് പ്രകടനത്തിന്‍റെ മികവിൽ 205 എന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ ബാംഗ്ലൂരിന് 147 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

കൊൽക്കത്തയുടെ ആദ്യ കിരീടം (2012)

2012 ഐ.പി.എല്ലി ന്‍റെ കലാശപ്പോരാട്ടത്തിൽ കൊൽക്കത്തയുംചെന്നൈയും ആദ്യമായി നേർക്കുനേർ. ഹാട്രിക്ക് കിരീട നേട്ടവും മോഹിച്ച് വന്ന ചെന്നൈയുടെ മോഹങ്ങളെ കൊൽക്കത്ത ഫൈനലിൽ തകർത്തു കളഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 190 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യമാണ് കൊൽക്കത്തക്ക് മുന്നിൽ ഉയർത്തിയത്. എന്നാൽ 89 റൺസെടുത്ത മൻവീന്ദർ ബിസ്ലയുടെ തകർപ്പൻ പ്രകടനത്തിന്‍റെ മികവിൽ ചെന്നൈ ഉയർത്തിയ കൂറ്റൻ സ്‌കോർ രണ്ട് പന്ത് ബാക്കിനിൽക്കേ മറി കടന്ന് കൊല്‍ക്കത്ത വിജയത്തിലെത്തി. ഐ.പി.എൽ കിരീടത്തിൽ കൊൽക്കത്തയുടെ ആദ്യ ചുംബനം

ഐ.പി.എല്‍ കിരീടത്തില്‍ കൊൽക്കത്തയുടെ രണ്ടാം ചുംബനം (2014)

കലാശപ്പോരാട്ടങ്ങളിൽ കൂറ്റൻ സ്‌കോർ പിന്തുടർന്ന് ജയിക്കുന്ന പതിവ് കൊൽക്കത്ത തെറ്റിച്ചില്ല. 2014 ഐ.പി.എൽ ഫൈനലിൽ പഞ്ചാബും കൊൽക്കത്തയുമാണ് ഏറ്റുമുട്ടിയത്. 200 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യമാണ് പഞ്ചാബ് കൊല്‍ക്കത്തക്ക് മുമ്പിൽ ഉയർത്തിയത്. 94 റൺസെടുത്ത മനീഷ് പാണ്ഡേയുടെ ബാറ്റിംഗ് മികവിൽ മൂന്ന് പന്തും മൂന്ന് വിക്കറ്റും ശേഷിക്കേ കൊൽക്കത്ത വിജയതീരമണഞ്ഞു. ഐ.പി.എല്ലിൽ കൊൽക്കത്തയുടെ രണ്ടാം കിരീട നേട്ടം.ചെന്നൈക്ക് മൂന്നാം കിരീടം (2018)ഐ.പി.എൽ ചരിത്രത്തിൽ മൂന്നാം കിരീട നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമായി ചെന്നൈ മാറിയത് 2018 ലാണ്. ഫൈനലിൽ സൺറൈസേഴ്‌സ് ഹൈദരാബാദായിരുന്നു ചെന്നൈയുടെ എതിരാളികൾ. ഹൈദരാബാദ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം 57 പന്തിൽ 117 റൺസെടുത്ത ഷെയ്ൻ വാട്‌സന്‍റെ തകർപ്പൻ ഇന്നിംഗ്‌സിന്‍റെ മികവിൽ എട്ട് വിക്കറ്റും ഒമ്പത് പന്തും ശേഷിക്കേ ചെന്നൈ മറികടന്നു. ഐ.പി.എല്ലിൽ ചെന്നൈയുടെ ഹാട്രിക്ക് മുത്തം

TAGS :

Next Story