Quantcast

'ധോണി സീസൺ തുടക്കത്തിൽ തന്നെ നായകനായിരുന്നെങ്കിലും ചെന്നൈ പ്ലേ ഓഫ് കാണില്ലായിരുന്നു' - ഹർഭജൻ സിങ്‌

ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് മത്സരങ്ങളെങ്കിൽ അവർ പ്ലേ ഓഫിന് യോഗ്യത നേടുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MediaOne Logo

Web Desk

  • Published:

    18 May 2022 11:28 AM GMT

ധോണി സീസൺ തുടക്കത്തിൽ തന്നെ നായകനായിരുന്നെങ്കിലും ചെന്നൈ പ്ലേ ഓഫ് കാണില്ലായിരുന്നു - ഹർഭജൻ സിങ്‌
X

ഐപിഎൽ 15-ാം സീസൺ ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളും ആരാധകരും മറക്കാൻ ആഗ്രഹിക്കുന്ന സീസണായിരിക്കുമെന്ന് ഉറപ്പാണ്. കളിച്ച 13-ാം സീസണിൽ ഇത് വെറും രണ്ടാമത്തെ പ്രാവശ്യം മാത്രമാണ് അവർ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്.

സീസൺ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് 13 വർഷമായി ടീമിനെ നയിക്കുന്ന ധോണിക്ക് പകരം രവീന്ദ്ര ജഡേജയെ നായകനാകുന്നത്. പക്ഷേ തുടക്കം മുതൽ ചെന്നൈക്ക് പിഴച്ചുതുടങ്ങിയിരുന്നു. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പിന് ഉടമയായ ദീപക് ചഹർ പരിക്ക് മൂലം സീസൺ കളിക്കില്ല എന്നത് അവർക്ക് ആദ്യ തിരിച്ചടിയായി. ചഹറിന് പകരം മറ്റൊരാളെ കണ്ടെത്തുന്ന പ്രക്രിയ അവർ സീസൺ അവസാനവും തുടർന്നുകൊണ്ടിരിക്കുകയാണ്.

ജഡേജയും ക്യാപ്റ്റൻസിയിൽ എട്ട് മത്സരങ്ങൾ കളിച്ച ചെന്നൈക്ക് രണ്ട് മത്സരങ്ങൾ മാത്രമാണ് ജയിക്കാൻ സാധിച്ചത്. ക്യാപ്റ്റൻസി സമ്മർദം കൂടി വന്നതോടെ ജഡേജയുടെ ബാറ്റിങ്, ബോളിങ് പ്രകടനവും നിറം മങ്ങി. അതോടെ കൂടി ധോണിയെ തന്നെ ക്യാപ്റ്റൻസി സ്ഥാനത്തേക്ക് തിരികെ വിളിക്കുകയായിരുന്നു. പക്ഷേ അതും ചെന്നൈ സൂപ്പർ കിങ്‌സിനെ വിജയത്തീരത്തേക്ക് നയിച്ചില്ല. ധോണിയുടെ ക്യാപ്റ്റൻസിയിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് അവർക്ക് ജയിക്കാനായത്. ചിരവൈരികളായ മുംബൈയോട് തോറ്റ് സീസണിൽ നിന്നും പുറത്തായി. നിലവിൽ മുംബൈക്ക് മുകളിൽ ഒമ്പതാം സ്ഥാനത്താണ് ചെന്നൈയുടെ സ്ഥാനം.

ചെന്നൈയുടെ നായകസ്ഥാനം ധോണിക്ക് കൈമാറിയതിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ധോണി സീസൺ തുടക്കം മുതൽ തന്നെ നായകനായിരുന്നെങ്കിലും ചെന്നൈ ഇത്തവണ പ്ലേ ഓഫിലെത്തില്ല എന്നാണ് ഹർഭജന്റെ അഭിപ്രായം. ' കാരണം ഈ സീസണിൽ അവർക്ക് ശക്തമായ ടീമില്ല. അവർക്ക് ശക്തമായ ബൗളിംഗ് യൂണിറ്റില്ല. വിക്കറ്റ് വീഴ്ത്തുന്ന ബൗളറായിരുന്ന ദീപക് ചാഹറിന് പരിക്കേറ്റു, ബാറ്റർമാർ ആരും അത്ര നന്നായി കളിച്ചില്ല'- മുൻ ചെന്നൈ താരം കൂടിയായ ഹർഭജൻ പറഞ്ഞു.

അതേസമയം ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് മത്സരങ്ങളെങ്കിൽ അവർ പ്ലേ ഓഫിന് യോഗ്യത നേടുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'' ചെന്നൈയിലാണ് മത്സരമെങ്കിൽ ഈ ടീമിനെ കൊണ്ട് തന്നെ ചെന്നൈ പ്ലേഓഫിന് യോഗ്യത നേടുമായിരുന്നു. കാരണം ഹോം മാച്ചുകൾ കളിക്കുമ്പോൾ അവർ വ്യത്യസ്തമായി കളിക്കും. ഡൽഹിയും മുംബൈയും ഹോം സാഹചര്യങ്ങളിൽ ശക്തമാണ്, ''- ഹർഭജൻ കൂട്ടിച്ചേർത്തു.

Summary: Wouldn't have made a difference if MS Dhoni remained captain: Harbhajan Singh

TAGS :

Next Story