തോല്‍വിയില്ലാതെ 1000 മത്സരങ്ങള്‍; റൊണാള്‍ഡോയുടെ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി
എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ അല്‍ നസ്‍ര്‍ ജയം സ്വന്തമാക്കിയതോടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തോൽവിയില്ലാതെ 1000 മത്സരങ്ങൾ കരിയറിൽ പൂർത്തിയാക്കിയത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഫുട്ബോള്‍ കരിയറില്‍ തോല്‍വിയില്ലാതെ 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന അത്യപൂര്‍വ നേട്ടവുമായി പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്നലെ എ.എഫ്.സി ചാമ്പ്യൻസ് ലീഗില്‍ ഇറാൻ ക്ലബായ പെര്‍സിപൊലിസിനെ (2-0)ത്തിന് അല്‍ നസ്‍ര്‍ തകര്‍ത്തതോടെയാണ് റൊണാള്‍ഡോയ്ക്ക് അപൂര്‍വ നേട്ടം സ്വന്തമായത്.
1216 മത്സരങ്ങള്‍ ആണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്‍റെ പ്രൊഫഷണല്‍ ഫുട്ബോള്‍ കരിയറില്‍ ഇതുവരെ കളിച്ചിട്ടുള്ളത്. ഇതില്‍ 1000 മത്സരങ്ങളില്‍ റൊണാള്‍ഡോ കളിച്ച ടീമുകള്‍ തോല്‍വി വഴങ്ങിയിട്ടില്ല. 776 മത്സരങ്ങളില്‍ റോണോയുടെ ടീം വിജയിച്ചപ്പോള്‍ 224 മത്സരങ്ങള്‍ സമനിലയിലായി. 216 മത്സരങ്ങളില്‍ റൊണാള്‍ഡോ കളിച്ച ടീമിന് തോല്‍വി വഴങ്ങേണ്ടിയും വന്നിട്ടുണ്ട്.
റയല്‍ മാഡ്രിഡിന്(438) വേണ്ടിയാണ് ക്രിസ്റ്റ്യാനോ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്. അതിന് ശേഷം ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ളത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് (346) വേണ്ടിയും. പോര്‍ച്ചുഗല്‍ ദേശീയ ജഴ്സിയില്‍ 201 മത്സരങ്ങളിലും റോണോ ബുട്ടുകെട്ടി.
എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ അല്‍ നസ്‍ര്‍ ജയം സ്വന്തമാക്കിയതോടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തോൽവിയില്ലാതെ 1000 മത്സരങ്ങൾ കരിയറിൽ പൂർത്തിയാക്കിയത്. മത്സരത്തിന്റെ ഇഞ്ച്വറി ടൈം വരെ റൊണാൾഡോ അൽ നസർ എഫ്.സിക്കു വേണ്ടി മൈതാനത്തുണ്ടായിരുന്നു.
അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് ജേതാക്കളായാണ് അല്‍ നസ്‍ര്‍ എ.എഫ്.സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത്. ഇന്നലെയായിരുന്നു റൊണാള്‍ഡോയുടേയും സംഘത്തിന്‍റേയും എ.എഫ്.സി ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരം. 2015ന് ശേഷം ഇതാദ്യമായാണ് സൗദി ക്ലബുകൾ ഇറാനിലേക്ക് എത്തുന്നത്.
2015ലെ എ.എഫ്.സി ചാമ്പ്യൻസ് ലീഗിലാണ് സൗദി ക്ലബുകൾ അവസാനമായി ഇറാനിൽ കളിച്ചത്. അതിന് ശേഷം ഇറാൻ-സൗദി ക്ലബുകൾ തമ്മിലുള്ള മത്സരങ്ങൾ നിഷ്പക്ഷ വേദിയിലാണ് നടന്നിരുന്നത്. ഈ വർഷം ആദ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതോടെയാണ് വീണ്ടും സൗദി ക്ലബുകൾ ഇറാനിലേക്ക് എത്തുന്നത്.
പെര്‍സിപൊലിസിനെതിരായ ജയത്തോടെ ഗ്രൂപ്പ് ഇ യിൽ മൂന്ന് പോയിന്‍റുമായി അൽ നസർ എഫ്.സി ഒന്നാം സ്ഥാനത്തെത്തി. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ അൽ നസർ എഫ്.സിയുടെ അടുത്ത മത്സരം ഇസ്തിക്ലോലിനെതിരെയാണ്. ഒക്ടോബർ രണ്ടാം തീയതി അൽ നസറിന്‍റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് ഈ മത്സരം നടക്കുക.
Adjust Story Font
16